മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്.

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ.സി. ഡാനിയേൽ  പുരസ്കാരം സംവിധായകൻ കെ.പി കുമാരന്. 

സാംസ്കാരിക മന്ത്രി വി.എൻ. വാസവനാണ് അവാർഡ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന ജെ.സി. ഡാനിയേൽ അവാർഡ്. പിന്നണി ഗായകൻ പി. ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

അരനൂറ്റാണ്ടു നീണ്ട ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകർന്ന സംവിധായകനാണ് കെ.പി. കുമാരൻ എന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‍കാരം സമ്മാനിക്കും. 

മലയാളം ന്യൂവേവ് സിനിമകൾക്ക് തുടക്കം കുറിച്ച  അടൂര് ഗോപാലകൃഷ്ണന്‍റെ അരങ്ങേറ്റ ചിത്രം സ്വയംവരത്തിന്‍റെ സഹരചയിതാവായി സിനിമാരംഗത്തേക്ക് എത്തിയ കെ പി കുമാരന്‍ പത്തോളം ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്. കെ.പി കുമാരന്റെ 'റോക്ക്' എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം 1972ലെ ഏഷ്യാ ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. ‍

1938ല്‍ തലശ്ശേരിയില്‍ ജനിച്ച അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പേ പരീക്ഷണാത്മക നാടന പ്രസ്ഥാനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. സി ജെ തോമസിന്‍റെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‍തു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചിത്രലേഖ എന്ന പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ചു. പിന്നീടാണ് സ്വയംവരത്തിന്‍റെ സഹ തിരക്കഥാകൃത്ത് ആവുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം 1975ല്‍ അതിഥി എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീടുള്ള അഞ്ച് പതിറ്റാണ്ട് കാലത്ത് പത്തോളം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കി. അതിഥി (1975), ലക്ഷ്മി വിജയം (1976), തേൻ തുള്ളി (1978), ആദിപാപം (1979), കാട്ടിലെ പാട്ട് (1979), നേരം പുലരുമ്പോൾ (1986), രുഗ്മിണി (1988) , തോറ്റം (2000), ആകാശഗോപുരം (2008) , ഗ്രാമവൃക്ഷത്തിലെ കുയിൽ (2020) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

യാഥാർഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള 'അതിഥി ', മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിർമിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988ലെ ദേശീയ അവാർഡ് നേടിയ 'രുഗ്മിണി' തുടങ്ങിയ ചിത്രങ്ങൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവദൃശ്യശിൽപങ്ങളാണെണ്. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1988 ൽ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ മംഗളം പാത്രവുമായി ചേർന്ന് സംസ്ഥാന അവാർഡ് ജേതാക്കളായ സംവിധായകരെ ആദരിക്കുന്ന ചടങ്ങിൽ കെ പി കുമാരനെ ആദരിച്ചിരുന്നു.

No comments:

Powered by Blogger.