രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' ജൂൺ പത്തിന് റിലീസ് ചെയ്യും.



കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം '777 ചാർളി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂൺ 10ന്‌ മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി പുറത്തിറങും. 

എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌.

നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർളിയെ ധർമ്മ എത്തിക്കുന്നതും അതിനെ തുടർന്ന് ധർമ്മയ്ക്ക്‌ ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നർമ്മത്തിന്റെ മേമ്പൊടിയോടെ കാഴ്ചവെച്ച 'ടോർച്ചർ' ഗാനവും നായയുമായി ധർമ്മ ബൈക്കിൽ നടത്തുന്ന യാത്രകളുമൊക്കെയായുള്ള കൊങ്കണി വീഡിയോ ഗാനം 'ഒ ഗ'യും യൂട്യൂബിൽ പുറത്തിറക്കുകയും ധാരാളം പ്രശംസ നേടുകയും ചെയ്തിരുന്നു. രസകരമായ ദൃശ്യങ്ങളും മനോഹരമായ സംഗീതവും കോർത്തിണക്കിയ ഗാനങ്ങൾ ഏതുപ്രായത്തിലുമുള്ള പ്രേക്ഷകർക്ക്‌ ആസ്വദിക്കത്തക്കവിധമാണ്‌ ഒരുക്കിയിരിക്കുന്നത്‌. 

'777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമ്മാണം വഹിച്ചിരിക്കുന്നത്.‌ സംഗീത ശൃംഗേരിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്. മീഡിയാ പാർട്ണർ: മൂവി റിപ്പബ്ലിക്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്‌.

No comments:

Powered by Blogger.