എന്നെ പോറ്റുന്ന അമ്മ : ലളിതശ്രീ

ലളിതമീ.. ശ്രീ
എന്നെ പോറ്റുന്ന അമ്മ     

എന്റെ പെറ്റമ്മ ജീവിച്ചിരിപ്പില്ല. മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുത് എന്ന ചൊല്ല് സത്യമെന്ന് വിളിച്ചോതുന്ന രംഗങ്ങൾ കൺമുന്നിൽ  അരങ്ങേറുന്ന  ഇക്കാലത്ത്  മക്കൾ ഉണ്ടായിട്ടും കാര്യമില്ല എന്നാണേലും ഒരു ആശ്വാസത്തിന് 'സ്വന്തം  മക്കൾ' എന്ന് അവകാശപ്പെടാനും ആരും ഇല്ലാത്ത ഞാൻ ഇന്ന് വളരെ ധൈര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ പോറ്റമ്മയാണ്. മലയാളി താരസംഘടനയായ "അമ്മ" എന്ന പോറ്റമ്മ.

ഒരു സംഘടനക്ക് രൂപം കൊടുക്കാൻ എളുപ്പമാണ് എന്നാൽ അതിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും അതിലുള്ള അംഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പോകാനും വളരെ ബുദ്ധിമുട്ടാണ്. കാരണം വ്യത്യസ്ത മനോഭാവം ഉള്ളവരാണ് നമ്മളെല്ലാം എന്നത് തന്നെയാണ് സംഘടനകളിൽ പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള കാരണവും. മനുഷ്യ മനസ്സിനോളം വിചിത്രമായ മറ്റെന്തുണ്ട്. അല്ലേ ?
അപ്പോൾ പ്രശ്നങ്ങൾ കുറയ്ക്കാൻ വേണ്ടി ചില നിയമാവലികൾ അനുസരിച്ച് സംഘടനകൾ മുന്നോട്ടുള്ള പ്രയാണത്തിന് ശ്രമിക്കുന്നു.  പ്രവർത്തനത്തിന് തടസ്സമില്ലാത്ത നിയമങ്ങളും  കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയ നിയമങ്ങളും  അനുസരിച്ച്  സംഘടനകൾ പ്രവർത്തിക്കുകയാണെങ്കിൽ , കൂടാതെ ആ സംഘടനയുടെ  സ്ഥാനങ്ങളിൽ  ഇരിക്കുന്നവർ വെറും അധികാര മോഹത്തോടെ അല്ലാതെ തന്നിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കാൻ  താല്പര്യം ഉള്ളവർ കൂടെ ആയാൽ ആ സംഘടന മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിന്റെ പ്രശസ്തി നാൾക്ക് നാൾ  വർദ്ധിക്കുകയും ചെയ്യും. 
എന്തായാലും അമ്മ എന്ന സംഘടനയുടെ ഭാരവാഹികൾ സജീവമായി  പ്രവർത്തിക്കുന്നു എന്നതിൽ ഒരു സംശയവും എനിക്കില്ല. ഞാൻ അത്  അനുഭവിച്ചറിഞ്ഞതാണ് . 
അമ്മ എന്ന സംഘടനയെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ   മുന്നോട്ട് കൊണ്ട് പോകുകയും    ഒരു പാട് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്  ഇന്നസെന്റ് അതിന്റെ നേതൃത്വ സ്ഥാനത്ത് ഉണ്ടായിരുന്നപ്പോളാണ് എന്നാണ് എന്റെ വ്യക്തിപരമായ  അഭിപ്രായം. അംഗമായ  താരങ്ങൾക്ക് പ്രതിമാസം 5000 രൂപ കൃത്യം ഒന്നാം തീയതി അവരുടെ അക്കൌണ്ടിൽ അയക്കുക.  ആരോഗ്യ സുരക്ഷയ്ക്കായി വർഷം അഞ്ചു ലക്ഷം രൂപ, ആക്സിഡന്റൽ ഡെത്തിന് പതിനഞ്ചു ലക്ഷം,  ആംബുലൻസ് , തുടങ്ങിയ കാര്യങ്ങൾ ഈ സംഘടന ഒരു മുടക്കവും കൂടാതെ   നിർവഹിക്കുന്നു. ഇത് കൂടാതെ പല പുണ്യ പ്രവർത്തികൾ വേറെയും.   ദിലീപ് നിർമ്മിച്ച 20-20 എന്ന ചിത്രത്തിൽ താരങ്ങൾ പ്രതിഫലം വാങ്ങാതെ അഭിനയിച്ച് അതിൽ  നിന്ന് കിട്ടിയ ഒരു കോടി രൂപ  അമ്മ ക്ക് നല്കുകയുണ്ടായി . നിരവധി സ്റ്റേജ് ഷോകളിൽ നിന്നും  കായിക വിനോദങ്ങളിൽ നിന്നും സ്വരൂപിച്ച തുക  കൊണ്ടാണ് അമ്മ അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകുന്നത്. 
ഇന്ത്യയിൽ ഒരുപാട് താര സംഘടനകൾ ഉണ്ട് എന്നാൽ ഇത് പോലെ പ്രവർത്തിക്കുന്ന എത്ര സംഘടനകളെ ചൂണ്ടിക്കാണിക്കാൻ കഴിയും എന്നത് കൂടെ നമ്മൾ ചിന്തിക്കണം. 
പിന്നെ മറ്റൊരു കാര്യം  ഒരു നടനോ നടിയോ അവർക്ക് അഭിനയിക്കാൻ അവസരം കിട്ടുന്ന സമയത്ത് അവർ പറയുന്ന പ്രതിഫലം വാങ്ങിയും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നേടിയെടുത്തുമാണ് ഇക്കാലത്ത്  അഭിനയിക്കുന്നത്. ആരും പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നില്ല. പിന്നെ കഴിവിലുള്ള ഏറ്റക്കുറച്ചിലിനനുസരിച്ച് പ്രതിഫലത്തിൽ വ്യത്യാസം ഉണ്ടാകാം. ഒരു നടൻ മെഗാ സ്റ്റാർ ആകുന്നതും സൂപ്പർ സ്റ്റാർ ആകുന്നതും അവർ കഠിനാദ്ധ്വാനം ചെയ്തിട്ട് തന്നെയാണ്. അപ്പോൾപിന്നെ അതിന് അനുസരിച്ച് പ്രതിഫലം വാങ്ങിക്കുന്നതിൽ തെറ്റ് പറയാനും കഴിയില്ല. ആതുര സേവനവും  ,  വിദ്യാഭ്യാസവും  പോലും  വ്യാപാര മനോഭാവത്തോടെ കാണുന്ന ഇക്കാലത്ത് കലാകാരന്മാർക്ക് മാത്രം അത്  പാടില്ല എന്ന് പറയുന്നതിലും ന്യായം ഇല്ലല്ലോ അല്ലേ. 
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് അറിയാമെങ്കിലും നല്ല രീതിയിൽ പോകുന്ന ഒന്നിനു തടസ്സം നിൽക്കുക , അപവാദം പറഞ്ഞു പരത്തുക അതിനെ നശിപ്പിക്കാൻ നോക്കുക എന്നത് ചിലരുടെ സ്വഭാവമാണ്.സാങ്കേതിക വിദ്യ ഇത്രയധികം വളർന്ന ഇക്കാലത്ത് അതിനെ നല്ല രീതിയിൽ ഉപയോഗിക്കാതെ ദുരുപയോഗം ചെയ്ത് ഒരു ക്യാമറയുണ്ടെങ്കിൽ എന്തും ആവാം എന്നാണ് പലരുടെയും ധാരണ.  ഈ സംഘടനയുടെ ആനുകൂല്യങ്ങൾ പറ്റിയിട്ടു അതിനെ വിമർശിക്കുന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അഭിമാനം എന്നത് കുറച്ചു ഉള്ളവർ ഇത്തരം പ്രവർത്തി ചെയ്യില്ല.എന്ത് പറയാൻ...ജാത്യാലുള്ള തൂത്താൽ  പോകില്ല എന്നാണല്ലോ. 
ഒരു നടനോ നടിയോ അസുഖം ബാധിച്ചാൽ, അല്ലെങ്കിൽ വാർധക്യം മൂലം അരങ്ങ് ഒഴിഞ്ഞു കുറച്ചു ബുദ്ധിമുട്ടോടെ ജീവിക്കുന്നത് കണ്ടാൽ  ഉടനെ താര സംഘടനയെ പഴി ചാരി വരുന്നവരെ കണ്ടിട്ടുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ നേരത്തെ പറഞ്ഞ പോലെ താരങ്ങൾ,   അവർക്ക്  അരങ്ങിൽ അവസരങ്ങൾ  ഉള്ള സമയത്ത് അവർ പറയുന്ന പ്രതിഫലം വാങ്ങി തന്നെയാണ്  അഭിനയിക്കുന്നത്. ഏതൊരു താരവും ഒരിക്കൽ അരങ്ങ് ഒഴിയുകതന്നെ വേണം  അത് ഒരുപക്ഷേ അവസരം കുറയുമ്പോൾ ആകാം പ്രായമോ രോഗമോ അലട്ടുമ്പോൾ ആകാം. ഇത് മുൻകൂട്ടി മനസ്സിലാക്കാതെ പിടിപ്പില്ലാതെ ജീവിക്കുന്ന ഏതൊരാൾക്കും സംഭവിക്കുന്നതേ  താരങ്ങളിലും സംഭവിക്കുന്നുള്ളൂ. ആ സമയത്ത് ഒരു താങ്ങ് എന്ന നിലയിലേ  ഇത്തരം സംഘടനകൾക്കും പ്രവർത്തിക്കാൻ കഴിയൂ. അത് അമ്മ എന്ന സംഘടന കൃത്യമായി ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. 127 പേർക്ക് ആജീവനാന്തം പ്രതിമാസം 5000 രൂപ കൊടുക്കുന്നത്  ഒരു ചെറിയ കാര്യമായി കാണാൻ എനിക്ക് കഴിയുന്നില്ല. 
കഴിഞ്ഞ ലോക്ക് ഡൌൺ സമയത്ത് മോഹൻലാൽ എന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു സന്തോഷത്തോടെ സംസാരിച്ചു. എന്നെ മാത്രമല്ല പലരെയും വിളിച്ചു. നടന വിസ്മയം എന്നറിയപ്പെടുന്ന  അദ്ദേഹത്തിന് എന്നെപോലെ ഒരു ചെറിയ നടിയെ   വിളിക്കേണ്ട ഒരു കാര്യവും ഇല്ല. അദ്ദേഹത്തിന്റെ കൂടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ഒരു കടപ്പാടും അദ്ദേഹത്തിന് എന്നോട് കാണിക്കേണ്ടതില്ല. അതൊക്കെ അദ്ദേഹത്തിന്റെ നല്ല മനസ്സ് , മനുഷ്യത്വം എന്നേ പറയാൻ കഴിയൂ. അദ്ദേഹമാണ് 'അമ്മ'യുടെ ഇപ്പോഴത്തെ പ്രസിഡന്റ്.   ജനറൽ സെക്രട്ടറി ഇടവേള ബാബുവും , ജോയിന്റ് സെക്രട്ടറി ജയസൂര്യയും ഖജാൻജി  സിദ്ധിക്കും. 
ഇടവേള ബാബുവിനെ  ആണെങ്കിൽ ഏതു സമയത്തും പാതിരാത്രിക്ക് പോലും വിളിച്ച് പ്രശ്നങ്ങൾ അവതരിപ്പിക്കാം. നമ്മെ പോലെ സ്വന്തം കുടുംബമായി ജീവിക്കുന്ന മനുഷ്യർ തന്നെയാണ് അവരും. സ്വന്തം കാര്യങ്ങൾക്കിടയിലാണ് ഇതൊക്കെ അവർ ചെയ്യുന്നത് അതും ഒരു സേവന മനോഭാവത്തോടെ അവർ അത് നന്നായി നിർവഹിക്കുമ്പോൾ നമ്മൾ എന്ത് ചെയ്തു എന്നൊരു ചിന്ത ഉള്ളവർ അതിന്റെ ബുദ്ധിമുട്ട് അറിയുന്നവർ ആരോപണങ്ങളും എതിർപ്പുകളും കെട്ടിച്ചമച്ച കഥകളുമായി വരില്ല എന്നാണ് എന്റെ വിശ്വാസം. 
ചിലർ കരുതുന്നുണ്ടാകും ഞാൻ അമ്മ എന്ന സംഘടനയെ പുകഴ്ത്തുകയാണ് എന്നും എന്തേലും കാര്യ സാധ്യത്തിന് ആണെന്നും. പുകഴ്ത്തൽ അല്ല. ഉള്ളത് പറയുന്നു എന്നേ ഉള്ളൂ. ഒരു ചെറിയ നടി എന്ന നിലയിൽ ഒരുപാട് വർഷം സിനിമയിൽ ഉണ്ടായ, എന്നാൽ ഇപ്പോൾ  അരങ്ങൊഴിഞ്ഞ ഒരു നടികൂടെയാണ്  ഞാൻ. വലിയ സമ്പാദ്യം ഒന്നും എനിക്കില്ല. ഒരുപക്ഷേ എന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാവാം സമ്പാദ്യം ഇല്ലാതെ പോയത് എന്ന് കരുതിക്കോളൂ. എന്റെ സഹോദരന്റെ കൂടെയാണ് താമസം.    ഇപ്പോഴും വെറുതെ ഇരിക്കുന്നില്ല മൊഴി മാറ്റങ്ങൾ ചെയ്തും കലാകാരന്മാർക്കുള്ള ക്ഷേമനിധി തരുന്ന പണം കൊണ്ടും  അമ്മയുടെ മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ടും ജീവിക്കുന്നു. ഒരു പക്ഷേ വേറെ ഒന്നും എന്നെ കൊണ്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും  അമ്മ യിൽ നിന്ന് കിട്ടിവരുന്ന തുക മുടങ്ങാതെ കിട്ടും എന്നുള്ള വിശ്വാസം അത് വലിയ ഒരു ധൈര്യമാണ് നല്കുന്നത്. ആ നന്ദിയാണ് ഞാനിപ്പോൾ കാണിച്ചത്. 
നടികർ തിലകം ശിവാജി ഗണേശൻ മലയാള സിനിമയിൽ അഭിനയിക്കാൻ വന്ന അവസരത്തിൽ  അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ട് അമ്മ സംഘടനയിൽ അംഗമായതൊക്കെ പലർക്കും അറിയാവുന്ന കാര്യമാണ്.  അതൊക്കെ അമ്മ എന്ന സംഘടനക്ക് ലഭിച്ച  ഒരു വലിയ അംഗീകാരമായേ കാണാൻ കഴിയൂ. 

പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിക്കുന്നതോടൊപ്പം,
ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 

 *ലളിതശ്രീ*. 

 *(തുടരും..)*

No comments:

Powered by Blogger.