" ദാസ് " എന്ന സെക്യൂരിറ്റി .സിനിമക്കാരുടെ ഏറ്റവും വലിയ ആത്മവിശ്വാസമായിരുന്ന ദാസ് അകാലത്തിൽ നമ്മെ വിട്ടു പോയിട്ട് ഒരു വർഷം. 

സിനിമക്കാർക്ക് ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്ന ആളായിരുന്നു ദാസ്. സിനിമക്കാരുടെ സുരക്ഷ. കൂട്ടായും കരുതലായും ഞങ്ങൾക്കിടയിലുണ്ടായിരുന്ന ദാസിൻ്റെ ഓർമകൾക്കു മുന്നിൽ അശ്രുപുഷ്പങ്ങൾ.

ദാസ് പോയതോടെ ദാസിൻ്റെ കുടുംബം പരിതാപകരമായ അവസ്ഥയിലാണ്.  ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് നമ്മുടെ കൈത്താങ്ങ് ആവശ്യമുള്ള സമയമാണിത്. 

പത്തു വർഷമായി ദാസിനെ അറിയാമായിരുന്നു. സിനിമ ലൊക്കേഷനിൽ പലവിധ ജോലികളായി അദ്ദേഹമെപ്പോഴുമുണ്ടാകും.  ലൊക്കേഷനിലെ സുരക്ഷ എന്ന ചിന്ത വന്നപ്പോൾ അതിന് ആദ്യം മുന്നിട്ടിറങ്ങിയത് ദാസായിരുന്നു. 

 ലൊക്കേഷനിലെ ആളുകളെ മാറ്റുക എന്നതായിരുന്നു ദാസിൻ്റെ ജോലി. ആദ്യമൊക്കെ ദാസ് തനിച്ചായിരുന്നു ഇക്കാര്യം ചെയ്തിരുന്നത്. പിന്നീട് ദാസിനൊപ്പം കുറെപ്പേർ കൂടി. 
അതിനു ശേഷം മറ്റു ചില ആൾക്കാർ കൂടി ഈ ആശയവുമായി രംഗത്തെത്തി.അതും യൂണിഫോ മൊക്കെ ധരിച്ച് .  അപ്പോൾ ഞാൻ ദാസിനോടു പറഞ്ഞു, ദേ കണ്ടില്ലേ.. പുതിയ പിള്ളേരൊക്കെ യൂണിഫോമിലാ വരവ്. അടുത്ത ദിവസം ദാ.. ദാസ് വരുന്നു, പുതിയ സഫാരി സൂട്ടൊക്കെ ഇട്ട്. 
എന്നോടൊപ്പം ധാരാളം സിനിമകളിൽ ദാസ് ഉണ്ടായിരുന്നു. എന്നാൽ, ചില സിനിമകളിൽ നിന്ന് ദാസിനെ മാറ്റി നിർത്താറുണ്ടായിരുന്നു. അത് അദ്ദേഹത്തിനു വലിയ സങ്കടമാകും. തൊട്ടടുത്ത സിനിമയിൽ ദാസ് എന്നോടൊപ്പം കൂടും. അവസാനം മമ്മുക്ക നായകനായ വൺ എന്ന സിനിമ വരെ ദാസ് എൻ്റെ കൂടെയുണ്ടായിരുന്നു.
എല്ലാ സെറ്റിലും ദാസിൻ്റെ കുറെ തമാശകളുണ്ടാകും. അതൊക്കെ നന്നായി ആസ്വദിച്ചിരുന്നു. 
കർമയോദ്ധ എന്ന സിനിമ പാലക്കാട് ഒരു ക്വാറിയിൽ നടക്കുകയാണ്. ലാൽ സാർ വരുന്നതറിഞ്ഞ് അവിടെ ജനപ്രളയമാണ്. ലാൽ സാർ അവിടെ വന്നിറങ്ങിയപ്പോൾ ദാസ് എവിടെയെന്നാണ് ആദ്യം ചോദിച്ചത്. ദാസ് ലൊക്കേഷനിലുണ്ടെങ്കിൽ ഏതൊരു താരത്തിനും അവിടെ വന്നിറങ്ങാൻ ധൈര്യമായിരുന്നു.
 ദാസിൻ്റെ ജീവിതത്തിലെ വേദനാജനകമായ മുഹൂർത്തങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. അവയൊക്കെ എന്നോട് പങ്കുവച്ചിരുന്നു.
കൊറോണ വ്യാപനത്തെത്തുടർന്ന് ലോക് ഡൗൺ വന്നതോടെ സിനിമയിൽ ജോലി ചെയ്യുന്നവരുടെ പലരുടെയും ജീവിതം താറുമാറായി. 
ഒരു ദിവസം ദാസ് എന്നെ വിളിച്ചു പറഞ്ഞു. എല്ലാവർക്കും സഹായമൊക്കെ ലഭിക്കുന്നുണ്ട്. എന്നാൽ സെറ്റിലെ സുരക്ഷാ ജീവനക്കാർക്ക് യാതൊരു സഹായവുമില്ല. പലരും പട്ടിണിയിലാണ്. ഇക്ക ഒന്നു സഹായിക്കണം എന്നു പറഞ്ഞു. വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിച്ചോളൂ എന്നു ഞാനും പറഞ്ഞു. ഒരു മാസത്തേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളുമൊക്കെ ഓരോരുത്തർക്കും ദാസ് എത്തിച്ചു നൽകി. 
മരിക്കുന്നതിനു ദിവസങ്ങൾക്കു മുമ്പാണ് ദാസിൻ്റെ കൂടെയുള്ള ഒരാൾ എന്നെ വിളിക്കുന്നത് . അദ്ദേഹം പറഞ്ഞു, ഇക്ക ദാസിനു തീരെ വയ്യ, ആശുപത്രിയിലാണ്.  വയറ്റിൽ വെള്ളം കെട്ടിയേക്കുവാണ്. അപ്പോൾ അതെടുത്തുകളയണം അതിനായി മെഡി.കോളജിലേക്ക് കൊണ്ടു പോകുവാണ്. എന്തെങ്കിലും സഹായം പറ്റുമോ  എന്ന്. 
മെഡി. കോളജിൽ വേണ്ട കാര്യങ്ങൾ നമുക്കു നോക്കാം എന്നു ഞാനും പറഞ്ഞു. 
അപ്പോൾ തന്നെ മമ്മൂട്ടി ഫാൻസിൻ്റെ നിസാമിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അപ്പോൾ തന്നെ നിസാമും കൂട്ടരും മെഡി.കോളേജിലെത്തി വേണ്ട കാര്യങ്ങൾ ചെയ്തു. 
ദാസിന് രക്തം വേണം എന്ന് മൂന്നു ദിവസം മുമ്പ് ഒരാൾ വിളിച്ചു പറഞ്ഞു. അതും നിസാമിനെ വിളിച്ചു പറഞ്ഞ് ഏർപ്പാടാക്കി.  
അന്നു വൈകുന്നേരം നിസാം എന്നെ വിളിച്ചു പറഞ്ഞു, ദാസിൻ്റെ സ്ഥിതി മോശമാണ്. 50:50 സാധ്യതയാണ് ഡോക്ടർമാർ പറയുന്നതെന്ന്. 
എങ്കിലും ചികിത്സ ഒന്നും മുടക്കരുത്, വേണ്ടതൊക്കെ ചെയ്യണം എന്ന് പറഞ്ഞു.

 എന്നാൽ  പിന്നീട് കേട്ട വാർത്ത വേദനാജനകമായിരുന്നു. - ദാസ് മരിച്ചു. - 
വലിയ വിഷമമുണ്ടാക്കിയ വാർത്ത. ദാസിനെ അടുത്തറിയാവുന്നവർക്കറിയാം ദാസ് ആരാണെന്ന്. വലിയ സ്നേഹമായിരുന്നു എന്നെ. സെറ്റിൽ ആള് കൂടുമ്പോൾ ദാസ് പറയുന്ന വാക്കുകൾ ഇങ്ങനെ മുഴങ്ങുകയാണ്. നൂറിൻ്റെ ലെൻസാണ് ഇട്ടിരിക്കുന്നത്, എല്ലാവരെയും കിട്ടും. മാറി നിന്നോ മാറി നിന്നോ എന്ന്.
സെറ്റിൽ ദാസ് ഉണ്ടെങ്കിൽ കൂടെ ആരോ ഉണ്ടെന്ന വിശ്വാസമായിരുന്നു എല്ലാ നടീനടന്മാർക്കും ..

ദാസ് നമ്മെയൊക്കെ ചേർത്തു പിടിച്ച പോലെ ദാസിൻ്റ കുടുംബത്തെയും നമുക്ക് ചേർത്തു നിർത്തണം.

ബാദുഷ എൻ. എം. 

No comments:

Powered by Blogger.