മുതിർന്ന ഫിലിം ജേർണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകരയ്ക്ക് പ്രണാമം.

കൊല്ലം : മുതിർന്ന ഫിലിം ജേർണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു . കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ കുട്ടിനഴികത്ത് നാഥന്‍ പത്മനാഭന്റെ മകനായി 1942ല്‍ ജനിച്ചു. നീണ്ടകര സെന്റ് ആഗ്നസ് സ്കൂള്‍, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 
ഭാര്യ പരേതയായ വിജയ.
മക്കൾ വിജുദാസ് , വിദ.

ഓടയില്‍നിന്ന് എന്ന ചിത്രത്തെക്കുറിച്ചാണ് ആദ്യമായി സിനിമാസംബന്ധിയായ ലേഖനമെഴുതുന്നത്. ഫിലിം നാദം, സിനിമ മാസിക, ചിത്രകൌമുദി, സിനിരമ, ചിത്രരമ, ശശികല, ചിത്രപൌര്‍ണ്ണമി, മലയാളനാട്, സിനിമ ദ്വൈവാരിക, ചിത്രസീമ, ഫിലിം മാഗസിന്‍, ഷൂട്ട് , നാന സിനിമ വാരിക എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം ലേഖകനായിരുന്നു.

1972 മുതല്‍ നിശ്ചല ഛായാഗ്രാഹകനായി പ്രമുഖ മലയാള മാസികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹരി നീണ്ടകര രാഘവന്‍ സംവിധാനംചെയ്ത 'പുതുമഴത്തുള്ളികള്‍' എന്ന ചിത്രത്തിന്റെ നിശ്ചല ചായാഗ്രാഹകനായും പ്രവർത്തിച്ചു.

ചലച്ചിത്ര രംഗത്ത് വിശാല സൗഹൃദമുള്ള ഹരി നീണ്ടകര ഉര്‍വ്വശി, ഭാരതി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്,  ഉത്സവം,  മരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

'മലയാളരാജ്യ'ത്തില്‍ കവിതകളും ലേഖനങ്ങളും എഴുതിക്കൊണ്ട് സാഹിത്യരംഗത്ത് തുടക്കമിട്ട ഈ ബഹുമുഖ പ്രതിഭ തുടര്‍ന്ന് അനന്തശയനം, തീര്‍ത്ഥയാത്ര, കവിത, ഉത്സവം, അങ്കത്തട്ട്, ആദിശങ്കരാചാര്യര്‍ തുടങ്ങിയ ചിത്രങ്ങളുടെ പിആര്‍ഒ ആയും പ്രവർത്തിച്ചു .


No comments:

Powered by Blogger.