" മൂർ '' എന്ന ഉണ്ണി :വിനോദ് കോവൂർ.


ഇത് മൂർ
സുമേഷ് മൂർ
സുമേഷ് എന്ന യഥാർത്ഥ പേര് അവനിഷ്ട്ടമല്ല
ഉണ്ണി എന്ന വിളിയാണിഷ്ട്ടം
എന്നാൽ ഇപ്പോൾ അറിയപ്പെടുന്നത് " മൂർ " എന്ന പേരിലാണ്. 

മുമ്പ് അവതരിപ്പിച്ച ഒരു നാടകത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് മൂർ എന്നറിയുന്നു.
കഴിഞ്ഞ ദിവസം " കള " എന്ന ടൊവീനോ നായകനായ രോഹിത്ത് സംവിധാനം ചെയ്ത സിനിമ കണ്ടു.
ഈ ഒരൊറ്റ സിനിമ കൊണ്ട് മൂർ എന്ന ഈ നടൻ മലയാള സിനിമയിൽ ഒരു ഇരിപ്പിടം ഉറപ്പിച്ചിരിക്കുന്നു. അത്രയും ഉജ്ജ്വലമായ പ്രകടനമാണ് മൂർ സിനിമയിൽ കാഴ്ച്ചവെച്ചത്. 

സത്യത്തിൽ ശ്വാസമടക്കി പിടിച്ചാണ് മൂർ എന്ന നടന്റെ പ്രകടനം കണ്ടിരുന്നത്. സിനിമ കാണാൻ തീയേറ്ററിൽ പോകുമ്പോൾ ടൊവിനോ മാത്രമായിരുന്നു മനസിൽ . ഇങ്ങനെ ഒരു മാണിക്യം സിനിമയിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കാരണം സിനിമയുടെ ഒരു പോസ്റ്ററിൽ പോലും ഈ നടന്റെ മുഖം കാണാൻ കഴിഞ്ഞിട്ടില്ല. സിനിമ കണ്ട് കഴിഞ്ഞപ്പോൾ പോസ്റ്ററിൽ ഒന്നും മൂർ എന്ന നടന്റെ മുഖം കാണിക്കാത്തതിൽ പ്രതിഷേധം തോന്നി. സിനിമ കണ്ട് തീയേറ്ററിൽ നിന്ന് ഇറങ്ങുന്നവരുടെ പലരുടേയും ചർച്ച ഈ നടനെ കുറിച്ചായിരുന്നു. സത്യത്തിൽ നായകനെ മറന്ന് പ്രതിനായകൻ മനസിൽ തങ്ങി നില്ക്കുന്ന അവസ്ഥ. തമിഴകത്ത് നിന്നോ കന്നടയിൽ നിന്നോ ഒരു പുതുമുഖത്തെ സംവിധായകൻ ഇറക്കിയതായിരിക്കും എന്നാണ് കരുതിയത്. 

തീയേറ്റർ വിട്ട ഉടനെ സിനിമയിൽ ആർട്ടിൽ വർക്ക് ചെയ്ത കോഴിക്കോട്ടെ സുഹൃത്ത് അഖിലിനെ വിളിച്ചപ്പോഴാണ്. മൂർ മലയാളിയാണെന്നും പയ്യന്നൂർകാരനാണെന്നും മുമ്പ് പതിനെട്ടാംപടി എന്ന സിനിമയിൽ ഉണ്ടായിരുന്നു എന്നൊക്കെ അറിയാൻ സാധിച്ചത്. എങ്കിൽ ഇനി മൂറിനെ വിളിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് തീരുമാനിച്ചു. അഖിൽ നമ്പർ തന്നു. ഞാൻ മൂറിനെ വിളിക്കുന്നു. ഞാൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ വളരെ നിഷ്കളങ്കനായ് യ്യോ ചേട്ടാ ചേട്ടനൊക്കെ എന്തിനാ ഇങ്ങനെ പരിചയപ്പെടുന്നത് എന്ന് ചോദിച്ചു.

പിന്നീട് കുറച്ച് നേരം മൂറുമായ് സംസാരിച്ചു. ഒരു ദേശീയ അംഗീകാരം മൂറിനെ തേടി വരും എന്ന് ഞാൻ മൂറിനോട് പറഞ്ഞു. സിനിമയിൽ കുറച്ച് സെക്സും വയലൻസും ഇതുവരെ കേൾക്കാത്ത തെറിയും ഒക്കെ ഉള്ളത് കൊണ്ട് തീയേറ്ററിൽ ആളുകൾ പൊതുവേ കുറവായിരുന്നു പ്രത്യേകിച്ച് ഫാമിലി ഓഡിയൻസ് കുറവായിരുന്നു. അത് മൂർ എന്ന നടനെ സംബന്ധിച്ച് ഒരു നിർഭാഗ്യമായി പോയി എന്നും ഞാൻ പറഞ്ഞു. ഒത്തിരി പേർ കാണേണ്ടതായിരുന്നു മൂർ എന്ന നടന്റെ പെർഫോമൻസ്.
പിറ്റേദിവസം മൂറിന്റെ അച്ഛൻ എന്റെ മൊബൈലിലേക്ക് വിളിച്ച് മകനെ അഭിനന്ദിച്ചതിൽ എന്നോട് നന്ദി പറയുന്നു. 

അവർ എന്റെ പ്രോഗ്രാം ഒക്കെ കാണാറുണ്ടെന്നും വലിയ ഇഷ്ട്ടമാണെന്നും പറഞ്ഞു. അച്ഛനിൽ നിന്നാണ് മൂറിനെ കുറിച്ച് കൂടുതൽ അറിയുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി അഭിനയം എന്ന മോഹവുമായ് നടക്കുകയായിരുന്നു. കള എന്ന സിനിമ അവന് വലിയ അംഗീകാരം തന്നു എന്നാൽ കൂടുതൽ ആളുകൾ ആ സിനിമ കാണാതായതിൽ വിഷമം ഉണ്ടെന്നും പറഞ്ഞു.
സാരമില്ല അവാർഡിന് കള എന്ന രോഹിത്തിന്റെ സിനിമ പരിഗണിക്കും. അത്രയും ഭംഗിയായി ചിത്രീകരിച്ച സിനിമയാണ്. മൂറിനും ഒരു അവാർഡ് പ്രതീക്ഷിക്കാം എന്നും ഞാൻ പറഞ്ഞപ്പോൾ ആ അച്ഛന്റെ കണ്ഠമിടറി.
ഈ സിനിമ കാണാത്തവർക്ക് ഒരു നഷ്ട്ടമാണ്. കാരണം ഈ സിനിമ കണ്ടിരുന്നെങ്കിലേ മൂർ എന്ന നടനിലെ അഭിനയ മികവ് കാണാൻ സാധിക്കുമായിരുന്നു.
വിസ്മയത്തോടെയാണ് ഓരോ രംഗവും കണ്ടിരുന്നത്. ഹോളിവുഡ് സിനിമയെ ഓർമ്മിപ്പിക്കും വിധമായിരുന്നു ചിത്രീകരണവും ടൊവിനോയുടേയും മൂറിന്റേയും പ്രകടനങ്ങളും. 

ഒരു ആദിവാസി യുവാവിനെയാണ് സിനിമയിൽ ചെയ്യേണ്ടതെന്ന് അറിഞ്ഞ മൂർ ഒരു മാസത്തോളം കഥാപാത്രത്തെ പഠിക്കാനായ് അടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പോയി താമസിച്ചിരുന്നു എന്ന് അറിയാൻ സാധിച്ചു. കലയെ ,അഭിനയത്തെ അത്രയും തീവ്രമായ് കാണുന്നത് കൊണ്ടാവാം മൂർ അങ്ങനെയൊക്കെ ചെയ്തത്.
എന്തായാലും മൂർ എന്ന നടന്റെ നാളുകൾ തുടങ്ങുകയാണ്. ഇനിയും ഒരു പാട് കഥാപാത്രങ്ങൾ മൂറിനെ തേടി വരും ഉറപ്പാണ് ഒപ്പം കുറേ അംഗീകാരങ്ങളും 
മൂറിന് ഇത്രയും ശക്തമായ ഒരു കഥാപത്രം സമ്മാനിച്ച രോഹിത്ത്എന്ന സംവിധായകനും സിനിമയുടെ നിർമ്മാതാവിനും തോളോട് തോൾ ചേർത്ത് മൂറിനെ ഒപ്പം നിർത്തിയ മലയാളികളുടെ പ്രിയ നടൻ ടൊവിനോക്കും നന്ദി.

ഒരു ബിഗ് സല്യൂട്ട്.

വിനോദ് കോവൂർ .
 

No comments:

Powered by Blogger.