ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല .വരൂ , നമുക്ക് പൊരുതി ജീവിക്കാം.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല

വരൂ, നമുക്ക് പൊരുതി ജീവിക്കാം ..

മാർച്ച് 24ന് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത് മഹാ മാരിയായ കൊവിഡിനെ പരാജയപ്പെടുത്താനായിരുന്നു.
അകലം പാലിച്ച്, കൈകൾ കഴുകി, സാനിറ്റൈസറും മാസ്കും ഉപയോഗിച്ച് വീടുകളിൽ തന്നെ കഴിഞ്ഞ് നാം വലിയ പോരാട്ടം നടത്തി. നമ്മുടെ ജീവിതത്തെ തിരികെ പിടിക്കാൻ വേണ്ടിയായിരുന്നു അവയൊക്കെ...
സംസ്ഥാന, കേന്ദ്ര നിർദ്ദേശങ്ങൾ അനുസരിച്ച് നാം മുന്നോട്ടു പോവുകയാണ്. നമുക്ക് വിജയിച്ചേ തീരൂ.

എന്നാൽ, ഈ ഘട്ടത്തിൽ നാം കേൾക്കുന്ന വാർത്തകൾ നമ്മെ ഭയപ്പെടുത്തുത്തുന്നതാണ്.

ലോക് ഡൗൺ കാലത്ത് നമ്മുടെ ഈ കൊച്ചു സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിരിക്കുന്നു. 
സ്കൂൾ കുട്ടികൾ മുതൽ വന്ദ്യവയോജനങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്. 
ഇതിൽ ഏറെ ഞെട്ടിപ്പിക്കുന്ന കണക്ക് കുട്ടികളുടേതാണ്. ലോക് ഡൗൺ കാലത്ത് 67 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 
താളം തെറ്റിയ കുടുംബ ജീവിതം, സ്ഥിരം വഴക്ക്, രക്ഷിതാവ് വീട്ടിലും പുറത്തും മദ്യപിക്കും, ഓൺലൈൻ ക്ലാസിൽ എല്ലാ കുട്ടികളെയും പോലെ പങ്കെടുക്കാൻ സാധിക്കുന്നില്ല... അങ്ങനെ പല പല കാരണങ്ങളാണ് കുട്ടികളുടെ ആത്മഹത്യകൾക്കു പിന്നിൽ. 

മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച പോലെ വീടുകളില്‍ കുട്ടികള്‍ക്ക് നേരെയുള്ള മാതാപിതാക്കളുടെ ഇടപെടൽ മിക്ക സഭവങ്ങളുടെയും കാരണമാണ്. അമ്മ, അച്ഛന്‍, കുട്ടികള്‍ക്ക് വേണ്ടപ്പെട്ടവര്‍ എന്നിവരെല്ലാം എല്ലാം കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് പലതും ചെയ്യുന്നത്. പക്ഷെ, കുട്ടിയുടെ മാനസികാവസ്ഥ ഉള്‍ക്കൊണ്ടായിരിക്കണം എന്നത് പ്രധാന കാര്യമാണ്. 

നമ്മുടെ കുട്ടികളെ മാനസികാര്യോഗ്യമുള്ളവരാക്കി വളർത്താനും നിലനിർത്താനും ഓരോ അച്ഛനമ്മമാർക്കും കഴിയണം.
ജീവിതം കൈവിട്ടത്, നാം തിരിച്ചുപിടിക്കും..

ഇക്കാലത്ത് നിരവധി മുതിർന്നവരും ആത്മഹത്യ ചെയ്തു.  അതിനും പല പല കാരണങ്ങളുണ്ട്.
പ്രധാനപ്പെട്ട ഒരു കാരണം സാമ്പത്തികം തന്നെ .. പലർക്കും ജോലിയില്ലാതെയായി. വട്ടിപ്പലിശക്കാരുടെ കൈയിൽ നിന്ന് വാങ്ങിയ തുക തിരികെകൊടുക്കാൻ സാധിക്കാത്ത സാഹചര്യം, അവരുടെ ഭീഷണി ഒക്കെ വരുമ്പോൾ മനുഷ്യൻ ആത്മഹത്യയിൽ അഭയം തേടുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുണ്ടായ സംഭവം തന്നെ ഉദാഹരണം. ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ചത് വട്ടിപ്പലിശക്കാരെ പേടിച്ചായിരുന്നു.

 വട്ടിപ്പലിശക്കാരും ഒരു കാര്യം മനസ്സിലാക്കണം, ഇതു വാങ്ങിച്ചവരും മനുഷ്യരാണ്.

സാമ്പത്തികം മാത്രമാണോ ആത്മഹത്യയുടെ കാരണം, അല്ല. 

 
നാം ഈയടുത്ത ദിവസം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ്ങിൻ്റെ ആത്മഹത്യ. അവിടെ സാമ്പത്തികം ഒരു ഘടകമേ ആയിരുന്നില്ല.

സാമ്പത്തികമായ കാരണങ്ങൾ മാത്രമല്ല ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. പല പല കാരണങ്ങൾ ആത്മഹത്യകൾക്കു പിന്നിലുണ്ട്. 

പോലീസ് രേഖകളനുസരിച്ച് കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളിൽ 45 ശതമാനവും. 

കടക്കെണിയിലുംപെട്ട് നിരാശരായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 3.4 ശതമാനം മാത്രമാണ്.
ശാരീരിക വൈകല്യങ്ങൾ, മനോരോഗങ്ങൾ, പ്രേമനൈരാശ്യം, തൊഴിലില്ലായ്മ, പരീക്ഷയിൽ തോൽവി അങ്ങനെ നീളുന്നു പ്രശ്നങ്ങൾ.

ലോക്ഡൗൺ സമ്മാനിച്ച ഏറ്റവും വലിയ പ്രശ്നം മാനസികമാണ്.
വീടുകളിൽ എല്ലാവരും ഒന്നിച്ചു കഴിയുമ്പോഴുള്ള പ്രശ്നങ്ങൾ വളരെ വലുതാണ്. ഓരോ കുടുംബത്തിലും ഓരോരോ പ്രശ്നങ്ങൾ ..

നമുക്ക് കൊറോണയെന്ന പോലെ ഒരു മഹാവ്യാധിയായി മാറിയിരിക്കുകയാണ് ആത്മഹത്യ പ്രവണത. അവയെ തുടച്ചു മാറ്റാനും നമുക്കാവണം. 
സുന്ദരമായ ജീവിതത്തെ സുന്ദരമായി പരിപാലിക്കാനും സാധിക്കണം. തിരിച്ചടികൾ ഉണ്ടാകാം. അതിനെ അതിജീവിക്കുന്നതിലാണ് ആനന്ദം കണ്ടെത്തേണ്ടത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നിങ്ങളെ മാത്രമല്ല, നിങ്ങൾക്കു ചുറ്റുമുള്ളവരെക്കൂടി നിങ്ങൾ തീരാദുരിതത്തിലേക്ക് തള്ളിവിടുകയാണ്.
മനുഷ്യജീവിതം ഒന്നേയുള്ളൂ ... 

ജീവിതത്തോട് പൊരുതി ജീവിക്കണം എന്നു പറയാറില്ലേ... നമുക്ക് ഒന്നിച്ച് എല്ലാ വൈതരണികളെയും തരണം ചെയ്ത് .. സന്തോഷത്തോടെ ജീവിക്കാം. 

Sometimes even to live is an act of courage

 എന്നൊരു പഴമൊഴിയുണ്ട്. മരിക്കാൻ ആർക്കും പറ്റും ജീവിച്ചു കാണിക്കുന്നതിലാണ് ധൈര്യം കാണിക്കേണ്ടത്.

ജീവിക്കാൻ ധൈര്യം കാണിക്കാം ..

ബാദുഷ .
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.