ടോവിനോ തോമസ് - ബേസിൽ ജോസഫ് ടീമിന്റെ " മിന്നൽ മുരളി " വയനാട്ടിൽ ചിത്രീകരണം തുടങ്ങി.

 

ഗോദക്ക് ശേഷം ബേസിൽ ജോസഫ് - ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന " മിന്നൽ മുരളി  " വയനാട്ടിൽ ചിത്രീകരണം തുടങ്ങി .


ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. 

ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

എഴുപത്തിയഞ്ച് ദിവസത്തോളം വയനാട്ടിലും മുപ്പത് ദിവസത്തോളം ആലുവയിലോ ആലപ്പുഴയിലോ ചിത്രീകരണം തീരുമാനിച്ചിരിക്കുന്ന മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. 

മാർച്ച് മാസത്തിൽ ആലുവയിലോ ആലപ്പുഴയിലോ വെച്ച് ചിത്രീകരിക്കുന്ന ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

No comments:

Powered by Blogger.