" എന്നെ മറന്നിടാതെ " : ഹൃദയത്തെ സ്പർശിക്കുന്ന നഷ്ടപ്രണയവുമായി " 96 ". .

നമ്മളിൽ മിക്കവരിലും ഉണ്ടാകാവുന്ന ഒരു നഷ്ട പ്രണയവും, ഗൃഹാതുരമായ സ്കൂൾ ജീവിതത്തിന്റെയും ചിത്രങ്ങൾ നമ്മൾ  പ്രേക്ഷകർ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യതസ്തമായ കഥയാണ് " 96 " പറയുന്നത്. 1996-ൽ തഞ്ചാവുരിലെ ഒരു സ്വകാര്യ മെട്രിക്കുലേഷൻ ഹയർ സെക്കണ്ടന്ററി സ്കൂളിലെ പത്താം ക്ലാസ്സ് ബാച്ച് " സി ''യിലെ വിദ്യാർത്ഥികളുടെ കഥയാണിത് .

ട്രാവൽ ഫോട്ടോഗ്രാഫറായ കെ.രാമചന്ദ്രൻ എന്ന റാം ഒറ്റപ്പെട്ട ഇടങ്ങിലൂടെ യാത്ര ചെയ്യുന്ന ആളാണ്. താൻ ജനിച്ച് വളർന്ന തഞ്ചാവുരിലൂടെ കടന്ന് പോകുമ്പോൾ താൻ പഠിച്ച സ്കുളിലേക്ക് ഒരിക്കൽ കൂടി റാം പോകുന്നു . സ്കുളിലേക്കുള്ള ആ സന്ദർശനം റാമിന്റെ ബാല്യകാല സ്മരണകളിലേക്കും ഏക പ്രണയമായ എസ്. ജാനകി ദേവി എന്ന ജാനുവിലും എത്തുന്നു. സോഷ്യൽ നെറ്റ് വർക്കിലൂടെ സുഹ്യത്തുക്കളെ കണ്ടെത്തി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. വിണ്ടും കണ്ടുമുട്ടുമ്പോൾ ഓരോരുത്തരും തങ്ങളുടെ സ്കൂൾ കാലം ഓർക്കുകയാണ്. ഈ ഓർമ്മകളുമായാണ് റാം ജീവിക്കുന്നത് . സ്കൂളിൽ വെച്ച് ജാനു സ്പർശിച്ചപ്പോൾ തലചുറ്റി വിണ ആ പതിനഞ്ച്കാരൻ ഇപ്പോഴും അങ്ങനെയെക്കെ തന്നെയാണ്.

വിവാഹത്തിന് ശേഷം സിംഗപ്പൂരിൽ കഴിയുന്ന ജാനു ഇപ്പോൾ ഒരു പെൺകുട്ടിയുടെ അമ്മയാണ് .അവസാന നിമിഷത്തിൽ അവൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനായി എത്തുന്നു. 

റാമിന്റെ പേര് കൂട്ടുകാർ പറയുമ്പോൾ ഇപ്പോഴും ഹൃദയതാളം തെറ്റി പോകുന്ന ജാനുവിനെ നമുക്ക് കാണാം. ഇക്കാലമത്രയും പറഞ്ഞ് തീർക്കാൻ അവരുടെ മുന്നിൽ ഒരു വൈകുന്നേരം മാത്രമാണുള്ളത്. ജാനുവിന് പുലർച്ചെ വിമാനത്തിൽ തിരികെ പോകേണ്ടതുമാണ്. ജാനുവിനെ ഒരു നോക്ക് കാണുകയോ, അവളെക്കുറിച്ചുള്ള ചിന്തകളോ ഒക്കെ മതി റാമിന് ജീവിക്കാൻ. അവളെ ഒന്ന് തൊടാൻ പോലും പേടി തോന്നുന്ന അരാധനയാണ് ജാനുവിനോട് അവന്. എന്നാൽ ജാനുവിന് റാമിനോട് ആരാധനയല്ല, പ്രണയമാണ് എന്നതാണ് സത്യം.

 " കാതലേ, കാതലെ" എന്ന പാട്ടിൽ ജാനു റാവിനെ വെറുതെ കെട്ടിപിടിക്കുന്നുണ്ട്. പക്ഷെ, തിരിച്ച് അവളെ കെട്ടിപിടിക്കുന്ന കാര്യം റാം സ്വപ്നത്തിൻ പോലും ചിന്തിക്കുന്നില്ല .തന്റെ സ്പർശം പോലും അവളെ മലിനമാക്കും എന്നാണ് റാം ചിന്തിക്കുന്നത്. അത്രമാത്രം ആരാധനയും ഭക്തിയുമാണ് റാമിന് ജാനുവിനോട് . ജാനുവിനെ സ്നേഹിക്കുന്നതു പോലെ ജീവിതത്തിൽ മറ്റൊരാളെ സ്നേഹിക്കാൻ റാമിന് കഴിയില്ല. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുമ്പോഴും റാമിനെ സ്നേഹിച്ച അവളിൽ ഇനിയൊരാളെ സ്നേഹിക്കാൻ ജാനുവിനും സാധിക്കുന്നില്ല. ഒരു രാത്രി മുഴുവൻ അവർ സഞ്ചരിക്കുന്ന വഴികളിലൂടെയും, അവരുടെ തുറന്ന് പറച്ചിലിൽ കുടിയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. 

വിജയ് സേതുപതിയുടെ റാം എന്ന കഥാപാത്രം പ്രണയം കൊണ്ട് മുറിവേറ്റ മനോഹരമായ പരിവേഷമാണ്. ജാനുവായി തൃഷ കൃഷ്ണനും മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നു. സി. പ്രേംകുമാർ കഥയെഴുതി സംവിധാനം ചിത്രമാണിത് .റാമിന്റെയും, ജാനുവിന്റെയും സ്കൂൾ കാലം അഭിനയിച്ച ആദിത്യ ഭാസ്കറും, ഗൗരി ജി. കൃഷ്ണനും തകർത്ത് അഭിനയിച്ചു.    വർഷ ബൊല്ലമ്മ ,ജനകരാജ് ,ഭഗവതി പെരുനാൾ, കവിതാലയ കൃഷ്ണൻ, എസ്. ജാനകി, ആടുകളം മുരുകദോസ് , ദേവ ദർശിനി ,നിയാതി കടമ്പിഎന്നിവരും അഭിനയിക്കുന്നു. സംഗീതം ഗോവിന്ദ് മേനോനും, ക്യാമറ മഹീന്ദ്ര ജയരാജും, എൻ. ഷൺമുഖ സുന്ദരവും ,എഡിറ്റിംഗ് ആർ. ഗോവിന്ദ രാജും നിർവ്വഹിക്കുന്നു. മദ്രാസ് എന്റർപ്രൈസിന്റെ ബാനറിൽ നന്ദ ഗോപാലാണ് " 96 " നിർമ്മിച്ചിരിക്കുന്നത്. 

സ്കൂൾ ഓർമ്മകളുടെ ഭാരം പേറുന്നവർക്ക് സിനിമ കഴിയുമ്പോൾ ഭാരം കൂടുമെന്ന് ഉറപ്പാണ്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന നല്ല സിനിമയാണ് " 96 ". 

റേറ്റിംഗ് - 4 / 5‌.
സലിം പി. ചാക്കോ .

No comments:

Powered by Blogger.