CBFC യുടെ അന്യായ നടപടിക്കെതിരെ ജൂൺ 30ന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ചിത്രാഞ്ജലിയിലുള്ള CBFC ഓഫീസിന് മുന്നിൽ മലയാള ചലച്ചിത്ര സംഘടനകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം .
ജൂൺ 30, തിങ്കളാഴ്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ പ്രാദേശിക ഓഫിസിനു മുമ്പിൽ മലയാള സിനിമയിലെ സംഘടനകൾ-- കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ, ഫെഫ്ക-- ഒരു ദിവസം നീണ്ടു നില്ക്കുന്ന പ്രതിഷേധ സമരത്തിന് രൂപം കൊടുത്തിരിക്കുകയാണ്.
'ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തിൻ്റെ പേര് മാറ്റണമെന്നും, ചിത്രത്തിൻ്റെ റ്റൈറ്റിലിൽ നിന്ന് 'ജാനകി' ഒഴിവാക്കണമെന്നുമാണ് CBFC യുടെ റിവൈസിങ്ങ് കമ്മിറ്റിയുടെ ആവശ്യം. മതപരമായ പശ്ചാത്തലമോ, സൂചനകളോ ഇല്ലാത്ത കഥാന്തരീക്ഷത്തിൽ ജാനകി എന്ന പേരിന് സവിശേഷമായ യാതൊരു രൂപാകാത്മകതയുമില്ലെന്ന് ചിത്രത്തിൻ്റെ സംവിധായകൻ പ്രവീൺ നാരയണൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് ഈ പേര് നില നിറുത്തുന്നത് 'അപകടകരമാണെന്ന്' റിവൈസിങ്ങ് കമ്മിറ്റി കണ്ടെത്തിയത്? ഇതിനുള്ള CBFC-യുടെ മറുപടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ അവർ തിങ്കളാഴ്ച അറിയിക്കും. ബഹുമാനപ്പെട്ട കോടതിയിലാണ് ഇനി ഞങ്ങളുടെ വിശ്വാസവും പ്രതീക്ഷയും.
ഞങ്ങളുടെ പ്രതിഷേധ സമരം ഒരു ചിത്രത്തിനു വേണ്ടിയല്ല. ഇത് സാമാന്യവത്ക്കരിക്കപ്പെട്ട ചട്ടങ്ങളെ യുക്തിരഹിതമായി വ്യാഖ്യാനിക്കുന്ന, സിനിമയെ സംബന്ധിച്ച് ആധികാരിതയും അറിവുമുണ്ടെന്ന് കല്പിക്കപ്പെടുന്ന CBFC എന്ന അധികാരകേന്ദ്രത്തിനെതിരായ ചെറുത്തു നില്പാണ്. വേണ്ടത് കൃത്യമായി നിർവ്വചി ക്കപ്പെട്ട ചട്ടങ്ങളും മാനദണ്ഡ ങ്ങളുമാണ്. ഒപ്പം, ലാവണ്യബോധത്തോടെ സിനിമയെ വ്യാഖ്യാനിക്കാൻ കെല്പുള്ള, സംവാദാ ത്മകതയുടെ തുറസ്സുകളിൽ കസേരയി ട്ടിരിക്കാൻ തക്ക ബോധ്യങ്ങളുള്ള കമ്മിറ്റിയംഗങ്ങളും.
ഈ പ്രതിസന്ധിയിൽ, എല്ലാ രാഷ്രീയ കക്ഷികളും, മാധ്യമങ്ങളും, സാംസ്കാരിക പ്രവർത്തകരും, സിനിമാസ്നേഹികളും നല്കുന്ന സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ആഹ്ലാദം പകരുന്നു. ഈ പ്രതിഷേധത്തിൽ പൊതുസമൂഹത്തി ൻ്റെയാകെ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.
സംയുക്ത സമരസമിതി .

No comments: