2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2023 സെപ്റ്റംബര്‍ 14 വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2023 സെപ്റ്റംബര്‍ 14 വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. 2021ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ് മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങും. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രമുഖ ചലച്ചിത്ര പിന്നണിഗായകര്‍ നയിക്കുന്ന 'ഹേമന്തയാമിനി' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കുന്നതാണ്.

 

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 2022ലെ ചലച്ചിത്ര അവാര്‍ഡിന്റെ സമ്പൂര്‍ണവിവരങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. ഭക്ഷ്യ, സിവില്‍ സപൈ്‌ളസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ അനുമോദനപ്രഭാഷണം നടത്തും. അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ.സി നാരായണന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.


പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം നടക്കുന്ന സംഗീതപരിപാടിയില്‍ 2022ലെ മികച്ച പിന്നണി ഗായകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയ കപില്‍ കപിലന്‍, മൃദുല വാര്യര്‍, കൃഷ്ണചന്ദ്രന്‍, ജി ശ്രീരാം, രാജലക്ഷ്മി, രവിശങ്കര്‍, കനകാംബരന്‍, കമുകറ ശ്രീകുമാര്‍, സന്തോഷ് കേശവ്, എടപ്പാള്‍ വിശ്വന്‍, ശോഭ ശിവാനി, ആന്‍ ബെന്‍സന്‍ തുടങ്ങിയവര്‍ പി.ഭാസ്‌കരന്റെ അനശ്വര ഗാനങ്ങള്‍ ആലപിക്കും. ചലച്ചിത്രഗാനനിരൂപകന്‍ രവിമേനോനാണ് സംഗീതപരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.


No comments:

Powered by Blogger.