ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ സിനിമയിൽ നസ്ലിനും മമിതയും; സംവിധാനം ഗിരീഷ് എ.ഡി; പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നടന്നു.ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ സിനിമയിൽ നസ്ലിനും മമിതയും; സംവിധാനം ഗിരീഷ് എ.ഡി; പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നടന്നു.


ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ബാനറാണ് ഭാവന സ്റ്റുഡിയോസ്. കലാമൂല്യമുള്ള, ജനഹൃദയങ്ങൾ ഏറ്റെടുക്കുന്ന സിനിമകളാണ് ഇതുവരെ ഈ ബാനറിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെപ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ് സാരഥികള്‍.റൊമാന്‍റിക് കോമഡിയായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'തണ്ണീർ മത്തൻ ദിനങ്ങളും' 'സൂപ്പർ ശരണ്യ'യും ഒരുക്കിയ സംവിധായകൻ ഗിരീഷ് എ.ഡിയാണ്. മലയാളത്തിൽ യുവ താരനിരയിൽ ശ്രദ്ധേയരായ നസ്ലിനും മമിതാ ബൈജുവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 


2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ഭാവന സ്റ്റുഡിയോസിന്‍റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയായാണ് ഈ സിനിമയൊരുങ്ങുന്നത്. യുവ തലമുറയും കുടുംബപ്രേക്ഷകരും ആവേശപൂർവ്വം ഏറ്റെടുത്ത രണ്ട് സിനിമകളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും. ഇവയൊരുക്കിയ സംവിധായകനുമായി ഭാവനസ്റ്റുഡിയോസ്കൈകോർക്കുമ്പോൾ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. 


ഫഹദ് ഫാസിലിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗിരീഷ് എ.ഡിക്കൊപ്പം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതാദ്യമായാണ് ഭാവന സ്റ്റുഡിയോസിൽ നിന്നും റോം കോം ജോണറിൽ ഒരു സിനിമ വരുന്നതെന്നതും പ്രത്യേകതയാണ്. ഈ ജൂലായിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

No comments:

Powered by Blogger.