നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ തുടങ്ങി; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്ര .നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ തുടങ്ങി; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്ര .


ജൂലൈ 16..മലർവാടി ആർട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്തിട്ട് 13 വർഷം. അതോടൊപ്പം നിവിൻ എന്ന സാധാരണക്കാരനിൽ നിന്ന് താരത്തിലേക്കുള്ള യാത്രയുടെ ആദ്യ വലിയ ചുവടുവയ്പ്പ്. 'താരം' എന്ന ചിത്രത്തിന്റെ റിലീസ് വരാനിരിക്കെ സൂപ്പർതാരം നിവിന്റെ ചിത്രങ്ങൾ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഹനീഫ് അദേനി - നിവിൻ പോളി ചിത്രം 'രാമചന്ദ്ര ബോസ് & കോ' യ്ക്കായി ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിച്ചത് തന്നെ നിവിൻ എന്ന താരത്തിന്റെ വളർച്ചയുടെ ഉദാഹരണം.


പ്രകാശനിൽ നിന്ന് മൊയ്‌തുവിലേക്കുള്ള യാത്ര ചെറുതായിരുന്നില്ല. മലർവാടിയുടെ ഓഡിഷന് കാൽ ഒടിഞ്ഞാണ് നിവിൻ എത്തിയതെന്ന് വിനീത് ശ്രീനിവാസൻ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ട് കാൽ ഉറച്ച് വെച്ച് തല ഉയർത്തി മലയാള സിനിമയുടെ യുവരാജാവായി മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്. 


ആദ്യ ചിത്രം സമ്മാനിച്ച വിനീത് ശ്രീനിവസാനിൽ നിന്ന് തന്നെയാണ് നിവിന്റെ സിനിമ കരിയറിൽ ബ്രേക്ക് ത്രൂ ആയി 'തട്ടത്തിൻ മറയത്ത് ' എത്തുന്നത്. വിനോദ് ഇന്നും കമിതാക്കൾ കോപ്പി അടിക്കുന്ന കഥാപാത്രമാണ്. 2013ൽ നേരം എത്തുന്നു. അൽഫോൻസ് പുത്രൻ ചിത്രമായ നേരം 2015ൽ റിലീസായ 'പ്രേമം' എന്ന ചിത്രത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നെന്ന് അന്ന് ആരും കരുതിയിരുന്നില്ല.


 2014ൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് 2 ചിത്രങ്ങൾക്കായി നേടി. 1983 & ബാംഗ്ലൂർ ഡെയ്സ്. രമേഷനെയും 'ക്യൂട്ട് കുട്ടനെയും' പ്രേക്ഷകർ ആഘോഷിച്ചു. കോളേജ് യുവാക്കൾ ഓം ശാന്തി ഓശാനയിലെ 'ഗിരി'യെയും പ്രേമത്തിലെ 'ജോർജിനെയും അനുകരിച്ചു. 2015 കോളേജിൽ എന്ത് പരിപാടി നടന്നാലും വെള്ള മുണ്ട്, കറുത്ത ഷർട്ട്.. അത് നിർബന്ധമായിരുന്നു. ജോർജിന്റെ വഴിയേ പോയി കേരളത്തിലെ കലാലയങ്ങൾ.


1983 ൽ എബ്രിഡ് ഷൈൻ നേടിയെടുത്ത വിശ്വാസം ചെറുതായിരുന്നില്ല. 'പോളി ജൂനിയർ' പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമാതാവായി. ആക്ഷൻ ഹീറോ ബിജുവിലൂടെ. എസ് ഐ ബിജു പൗലോസിനെ പോലെ ഇന്നത്തെ കേരളത്തിലെ പൊലീസുകാർ മാറിയിരുന്നെങ്കിൽ എന്ന് കേരളത്തിൽ ഉള്ള ഓരോ മനുഷ്യരെയും ചിന്തിപ്പിച്ചു. രണ്ടാം ഭാഗം ഉടനുണ്ടാവുമ്പോൾ എസ് ഐ ബിജു പൗലോസ് രണ്ടിരട്ടി ശക്തിയോടെ തന്നെ തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷ ആരാധകർക്ക് മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉണ്ടെന്ന അത്ഭുത കാഴ്ച. 


മൂത്തോനിലൂടെ 2020ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം (സ്‌പെഷ്യൽ മെൻഷൻ) വീണ്ടും നിവിനെ തേടിയെത്തി. അക്ബർ ആയി നിറഞ്ഞാടിയ നിവിനെ കണ്ട് സിനിമ കഴിഞ്ഞപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രേക്ഷകരുടെ വീഡിയോകൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചവിഷയമാണ്. ഐതിഹാസിക കഥാപാത്രമായ 'കായംകുളം കൊച്ചുണ്ണിയെ' അവതരിപ്പിച്ച നിവിൻ കള്ളനെ പോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. 


വ്യത്യസ്തമായ ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നത് നിവിന്റെ ഹൈലൈറ്റ് ഫാക്ടറാണ്. 2020ൽ ക്ലാസ്സിക് മൂത്തോൻ സമ്മാനിച്ചെങ്കിൽ 2021ൽ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ തീർത്തും വ്യത്യസ്തമായ കോമഡി ജോണർ ചിത്രം 'കനകം കാമിനി കലഹം' നിവിൻ നിർമിക്കുകയും ചെയ്തു. 


2022ൽ റിലീസായ എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ', മലയാളി പ്രേക്ഷകർ ഇന്നുവരെ കാണാത്ത ജോണർ സമ്മാനിച്ച ചിത്രം പുതിയ തലങ്ങളിലേക്കാണ് പ്രേക്ഷകരുടെ ചിന്താഗതിയെ മാറ്റിയത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പടവെട്ടും കോമഡി എന്റർടെയിനർ ചിത്രം സാറ്റർഡേ നൈറ്റ് ഒരു നടൻ എന്ന നിലയിലും എത്രമാത്രം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങൾ. 


തമിഴിൽ 'റിച്ചി' എന്ന ചിത്രം നിവിന്റെ ഫാൻസ് റീച്ച് വർധിപ്പിച്ചു. രാം സംവിധാനം ചെയ്യുന്ന ഏഴ് കടൽ ഏഴ് മലയ് വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രാമചന്ദ്ര ബോസ് & കോ, താരം, ആര്യൻ ഗിരിജ വല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി അന്നൗൻസ് ചെയ്തതും ചെയ്യാത്തതുമായ ഒരുപാട് ചിത്രങ്ങൾ നിവിന്റേതായി പുറത്ത് വരാനിരിക്കുന്നു. 


ഒരുപാട് പേർക്ക് പ്രചോദനമാണ് നിവിന്റെ ജീവിതം. സിനിമയിൽ ഗോഡ്ഫാദർ ഉണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു എന്ന് പറഞ്ഞവരുടെ മുഖത്ത് അടിച്ച അടിയാണ് നിവിന്റെ ജീവിതം. നിവിൻ പോളിയിൽ നിന്ന് മലയാളികളുടെ അച്ചായനിലേക്കുള്ള ജീവിതം.

No comments:

Powered by Blogger.