കണ്ണീരും കിനാവുമായി 'ഉരു' നാളെ തിയേറ്ററുകളിലേക്ക് .


 


കണ്ണീരും കിനാവുമായി 'ഉരു' നാളെ തിയേറ്ററുകളിലേക്ക് .


'ഉരു' മലയാളിക്ക്, പ്രത്യേകിച്ച് മലബാറുകാരന്, അതേപോലെ അറബിക്ക് വെറുമൊരു ജലയാനത്തിന്റെ പേരല്ല. അറബിക്കടലിനക്കരെയും ഇക്കരെയുമുള്ള ജീവിതങ്ങളെ, സംസ്കാരങ്ങളെ നൂറ്റാണ്ടുകളോളം വിളക്കിച്ചേർത്ത വിസ്മയമാണ്. ബേപ്പൂരിലെ ആശാരി മേസ്തിരിമാരുടെ മനക്കണക്കിൽ മാത്രം ഉരുവം കൊണ്ട, ഇന്നും ആധുനിക എഞ്ചിനീയറിങ് വൈദദ്ധ്യത്തെ കണ്ണുതള്ളിക്കുന്ന വിസ്മയം.


ബേപ്പൂരിലെ ആശാരിമാർ പണിത്, ഖലാസികൾ നീറ്റിലിറക്കിയ അനേകമനേകം ഉരുക്കളിലൂടെയും മഞ്ചികളിലൂടെയും ലോഞ്ചുകളിലൂടെയും മരുപ്പച്ചതേടിപ്പോയത് ഇവിടത്തെ കാർഷികവിഭവങ്ങൾ മാത്രമായിരുന്നില്ല, ഒട്ടേറെ മനസ്സുകളുടെ കിനാക്കളും പ്രതീക്ഷകളുമൊക്കെയായിരുന്നു.


പക്ഷേ, അറബിക്കടലിൽ എവിടെയൊക്കെയോ പതിയിരിക്കുന്ന ചതിക്കാറ്റുപോലെ ദുർവിധിക്കാറ്റ് ആ കിനാക്കളിൽ പലതിനെയും കണ്ണീർക്കയത്തിലേയ്ക്ക് വീശിയെറിഞ്ഞു.


ഈ 'ഉരു' അത്തരത്തിലുള്ള കണ്ണീരിന്റെയും കിനാക്കളുടെയും ഹൃദയസ്പൃക്കായ ചലചിത്രാവിഷ്ക്കാരമാണ്. ബേപ്പൂരിനെ ലോകശ്രദ്ധയിലെത്തിച്ച ഉരു നിർമ്മാണത്തിന്റെ ആദ്യാവസാനം വിശദമായി ആവിഷ്കരിക്കുന്ന ദൃശ്യപശ്ചാത്തലത്തിൽ ഉരുവിന് ഉയിരുകൊടുക്കുന്നതിനിടയിൽ ജീവിതം മറന്നു ജീവിക്കുന്ന ഒട്ടേറെറെ മനുഷ്യരുടെ വൈകാരികാനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഉരു. 

പ്രശസ്ത മാധ്യമപ്രവർത്തകനായ ഇ.എം അഷ്റഫ് രചനയും സംവിധാനവും നിർവഹിച്ച 'ഉരു' മലയാളത്തിന്റെ 'ഗഫൂർക്കാ ദോസ്ത്' ആയ ചലച്ചിത്ര പ്രതിഭ മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ്.
മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ റെ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിക്കുന്ന 'ഉരു' മാർച്ച് 3 മുതൽ കേരളത്തിലെ വിവിധ തിയറ്ററുകളിൽ മലയാള സിനിമാസ്വാദകരെ ചിരിപ്പിക്കാനും കരയിക്കാനും ഒപ്പം ചിന്തിപ്പിക്കാനുമെത്തുകയാണ്.

No comments:

Powered by Blogger.