ജനമനസ്സുകൾ കീഴടക്കിയ 'സൗദി വെള്ളക്ക' ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് .




ജനമനസ്സുകൾ കീഴടക്കിയ 'സൗദി വെള്ളക്ക' ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് .



                                                കോടതിവിധികളിൽ വന്നുചേരുന്ന കാലതാമസം, കോടതികളിൽ വരുന്ന ഓരോ കേസുമായും ബന്ധപ്പെട്ടുള്ള മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്ന് കാണിച്ചുതന്ന ഹൃദയസ്പർശിയായ ചിത്രമായിരുന്നു തരുൺ മൂർത്തി - സന്ദീപ് സേനൻ ചിത്രം 'സൗദി വെള്ളക്ക'. തിയേറ്ററുകളിലും ഒടിടിയിലും മികച്ച പ്രേക്ഷക - നിരൂപക പ്രശംസകൾ നേടിയ ചിത്രം ഇനി ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്.ചലച്ചിത്രോത്സവത്തിൽ ഒഫീഷ്യൽ സെലക്ഷനായാണ് 'സൗദിവെള്ളക്ക'തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 


ഇതിനകം ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 


ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിച്ചച്ച സിനിമയാണ് സൗദി വെള്ളക്ക. സൂപ്പർഹിറ്റായ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത സിനിമയുമാണ്.


ദേവി വർമ്മ, ലുക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവര്‍ക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങള്‍ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്ര​ഗത്ഭ കലാകാരികളും കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജുഡീഷ്യറിയുടെ നൂലാമാലകളിൽ പെട്ട് പോകുന്ന സാധാരണക്കാരുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർ ഒന്നടങ്കം തങ്ങളുടെ ഹൃദയത്തിലേക്കാണ് ഏറ്റെടുക്കുകയുണ്ടായത്. നമ്മുടെ കോടതികൾ മാറേണ്ടതുണ്ടെന്നും നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും മാറേണ്ടതുണ്ടെന്നും കൂടിയായിരുന്നു ചിത്രം വരച്ചുകാട്ടിയത്. 


ചിത്രത്തിൽ ഐഷ റാവുത്തർ എന്ന പ്രായമേറിയ കഥാപാത്രമായി പുതുമുഖമായ ദേവി വർമ്മയുടെ മനസ്സ് തൊടുന്ന അഭിനയം ഏറെ പ്രശംസ നേടുകയുമുണ്ടായി. കൊവിഡ് കാലത്ത് കുറെ വെല്ലുവിളികളോടെയായിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്. വലിയ താരങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി കണ്ടന്‍റിന്‍റെ ബലത്തിൽ പ്രേക്ഷക ലക്ഷങ്ങൾ ചിത്രത്തെ ഏറ്റെടുക്കുകയുണ്ടായി. തരുൺ തന്നെയായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയിരുന്നത്. 


സൗദി വെള്ളക്കയുടെ വലിയ വിജയം ഏറെ അഭിമാനംനൽകുന്നതാണെന്നും പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഞങ്ങൾക്ക് പ്രേക്ഷകരിലുള്ള വിശ്വാസം അവര്‍ ഞങ്ങള്‍ക്ക് തിരിച്ചു തന്നു എന്നുമാണ് സിനിമയെ ഏറ്റെടുത്ത പ്രേക്ഷകരോട് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അർപ്പിച്ചുകൊണ്ട് നിര്‍മ്മാതാവ് സന്ദീപ് സേനൻ സോഷ്യൽമീഡിയയിലൂടെ പറയുകയുണ്ടായത്. 


പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്‌മാണ്ഡ ചിത്രമായ 'വിലായത്ത് ബുദ്ധ''യാണ് ഉര്‍വശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ അടുത്തതായി ഒരുക്കുന്നത്.

No comments:

Powered by Blogger.