ഫാൽക്കെ അവാർഡ് ജേതാവായ തെലുങ്ക് സംവിധായകൻ കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് (91) അന്തരിച്ചു .






ഫാൽക്കെ അവാർഡ് ജേതാവായ തെലുങ്ക് സംവിധായകൻ  കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് (91)  അന്തരിച്ചു . 


ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിനെത്തി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി.


തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ- ടെലിവിഷൻ ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. 


അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറുതവണ നന്ദി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു.


No comments:

Powered by Blogger.