നടൻ എം.ജി. സോമന് സ്മരണാഞ്ജലി .



സത്യനുശേഷം പൗരുഷമുള്ള കഥാപാത്രത്തെ തേടിയ മലയാളസിനിമയ്ക്കു കിട്ടിയ ഉത്തരമായിരുന്നുതിരുവല്ലക്കാരന്‍ സോമശേഖരന്‍ നായര്‍. എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവർക്കൊപ്പം നായക നടനായി  മലയാള സിനിമയിൽസജീവമാവുകയും,  24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രത്തിൽ  അഭിനയിച്ച് തൻറേതായ ഒരു സ്ഥാനം മലയാള സിനിമയിൽ അടയാളപ്പെടുത്തിയാണ്  എംജി സോമൻ വിടവാങ്ങിയത്.

തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി. കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28-നാണ്എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ ജനിച്ചത്. 

ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു.വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനംകഴിഞ്ഞുതിരിച്ചെത്തിയശേഷമാണ്അഭിനയരംഗത്തേക്ക് കടന്നത്. ഇതിനിടെ, 1968-ല്‍ തഴക്കര പയ്യമ്പള്ളി കുടുംബാംഗം സുജാതയെ വിവാഹംചെയ്തു. 

നാടകത്തിലൂടെയാണ്എം.ജി.സോമൻഅഭിനയംആരംഭിച്ചത്. 1970-ൽ വ്യോമസേനയിൽനിന്നു വിരമിച്ച സോമൻ 1972 മുതൽ നാടകരംഗത്തുണ്ട്.കൊട്ടാരക്കരശ്രീധരൻനായരുടെസംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു.ഇടയ്ക്കൊക്കെ അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്നനാടകംകണ്ടമലയാറ്റൂരിന്റെ ഭാര്യ വേണിയാണ് സോമനെ നായകനായി നിർദ്ദേശിച്ചത്. 1973ൽ ആണ് ഗായത്രി റിലീസായത്. ദിനേശ് എന്ന പേരിലാണ് സോമൻ ഗായത്രിയിൽ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷം. ആ റിബൽ സ്വഭാവക്കാരൻഅതുവരെയുള്ള നായകസങ്കൽപങ്ങൾക്കു പുനർചിന്തനത്തിനുള്ള വകയായിരുന്നു.  'ചുക്ക്, മാധവിക്കുട്ടിഎന്നീചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു. സേതുമാധവന്റെ 'ചട്ടക്കാരി'യിലെ 'റിച്ചാര്‍ഡ്' എന്ന ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രം സോമന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. 'ദിനേശന്‍' മാറി 'എം.ജി.സോമ'നായത് ഈ സിനിമയിലായിരുന്നു. മുന്‍നിര സംവിധായകരുടെ കൈകളിലൂടെ മലയാള സിനിമാലോകത്തെ സോമന്‍ കീഴടക്കി. 

1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും (ചുവന്ന സന്ധ്യകൾ, സ്വപ്നാടനം) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും (തണൽ, പല്ലവി) നേടി. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി,  അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.  
ആദ്യമായി വിദേശത്തു വച്ചു ചിത്രീകരിച്ചമലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ.

നടനേതിഹാസംകമലഹാസനുമായി ഉറ്റസൗഹൃദമുണ്ടായിരുന്നു സോമന്. നാൽപതോളം ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ വളർന്ന കൂട്ട്. അക്കാലത്ത് കമലഹാസൻ കേരളത്തിലെത്തിയാൽ സോമന്റെ വീട്ടിൽ കയറാതെ പോകില്ല. മലയാളത്തിലെ പ്രഗല്ഭ സംവിധായകൻ ഐ.വി.ശശിയുമായും സോമന് ഉറ്റസൌഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെഇഷ്ടനായകൻ കൂടിയായിരുന്നു സോമൻ ഇടക്കാലത്ത് എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് ഇതിന് അൽപം ഉലച്ചിൽ തട്ടിയിരുന്നെങ്കിലും മരണം വരെ ഈ സൌഹൃദം സോമൻ തുടർന്നിരുന്നു. 

ജയനെജനകീയനടനാക്കിത്തീർത്ത ഐ.വി ശശി സംവിധാനം ചെയ്ത 'അങ്ങാടി' എന്ന ചിത്രത്തിലെ നായകനായി സോമനെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ശശിയും സോമനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു നായക സ്ഥാനത്തു ജയൻ വന്നു. അതേത്തുടർന്നു വളരെക്കാലം ശശി ചിത്രങ്ങളിൽ സോമൻറെ സാന്നിധ്യം ഉണ്ടായില്ല. ഏറെക്കാലത്തിനു ശേഷം കമലഹാസൻ നായകനായി അഭിനയിച്ച 'വൃതം' എന്ന ചിത്രത്തിലെ സഹനടന്റെ വേഷം ചെയ്തുകൊണ്ടു വീണ്ടും ശശി ചിത്രങ്ങളിൽ സോമൻ സജീവമായി. തമിഴിലും സോമന്റെ സാന്നിധ്യം അത്രപെട്ടെന്നുമായ്ക്കാവുന്നതല്ല. എം ജി ആറിനൊപ്പം അഭിനയിച്ച നാളൈ നമതേ ആണ് ഏറ്റവും പ്രധാനം. 100 ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയം എന്നിവയുംശ്രദ്ധേയമായിരുന്നു. 
ഇതാ ഇവിടെവരെ, അവളുടെ രാവുകള്‍, വിസ, അവള്‍ വിശ്വസ്തയായിരുന്നു, വാടകയ്ക്കൊരു ഹൃദയം, ശംഖുപുഷ്പം, മണ്ണ്, മോഹിനിയാട്ടം, ഗുരുവായൂര്‍ കേശവന്‍, അമ്മേ നാരായണ, പിക്ക്നിക്ക്, ഈറ്റ, കോളിളക്കം, രക്തം, ഇതിഹാസം, താറാവ്, ബോയിംഗ് ബോയിംഗ്, ഏഴുനിറങ്ങള്‍, സത്രത്തില്‍ ഒരു രാത്രി, ഉയരും ഞാന്‍ നാടാകെ, താളവട്ടം, പഞ്ചാഗ്നി, പൂച്ചയ്ക്കൊരു മുക്കുത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ശ്രീമാന്‍ ശ്രീമതി, ഒരിക്കല്‍ കൂടി, ഇതാ ഒരു ധിക്കാരി, ചൂള, ഒരു വിളിപ്പാടകലെ, യുദ്ധം, ഒരു കുടക്കീഴില്‍, എന്‍റെ കാണാക്കുയില്‍, തൊഴില്‍ അല്ലെങ്കില്‍ജയില്‍,ഹര്‍ഷബാഷ്പം, ഗായത്രീ ദേവി എന്‍റെ അമ്മ, സ്വാഗതം, ശ്യാമ, പടയണി, മനു അങ്കിള്‍, ദൗത്യം, വന്ദനം,അക്കരെയക്കരെയക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, ഞാന്‍ ഗന്ധര്‍വന്‍, ചിത്രം, വര്‍ണക്കാഴ്ചകള്‍, വന്നു കണ്ടു കീഴടക്കി, ഏകലവ്യന്‍, വെള്ളാനകളുടെ നാട് , ആരാന്‍റെമുല്ലകൊച്ചുമുല്ല,..തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഒരു നീണ്ട നിര സോമനുണ്ട്. 

സോമന്റെ നായികാനിരയ്ക്കും ഒട്ടും തിളക്കം ചോരുന്നില്ല.ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, വിധുബാല, സീമ, ഉണ്ണിമേരി, ലക്ഷ്മി, പ്രമീള എന്നിവരൊക്കെ മലയാളിത്തനിമയുടെപട്ടികയിൽനിന്നുംഅന്യഭാഷകളിൽനിന്ന് ശ്രീദേവി, ഷർമിള ടഗോർ, ഭാനുപ്രിയ, രാമേശ്വരി, ജയസുധ, റാണിചന്ദ്ര, പൂർണിമ, രാധിക, സുമലത തുടങ്ങിയവരെല്ലാം ഒരു കാലത്ത് സോമന്റെ നായികമാരായിവെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഒരു പക്ഷേ പ്രേംനസീറിനുശേഷംമലയാളത്തിൽ അക്കാലത്ത് ഏറ്റവുമധികംനായികമാരോടൊത്ത് അഭിനയിച്ചത് സോമൻ ആയിരുന്നിരിക്കണം

ഗായത്രിയിലെ റിബൽ സ്വഭാവമുള്ള രാജാമണിയെന്ന ബ്രാഹ്മണയുവാവിൽ തുടങ്ങി ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചനെന്ന മുന്നും പിന്നും നോക്കാതെ സത്യം വിളിച്ചു പറയുന്ന കരുത്തനായ മദ്ധ്യതിരുവിതാംകൂർ നസ്രാണി വരെയുള്ള സോമന്റെ ഭാവപ്പകർച്ചകളിൽ ധീരതയുടെ ഒരു വാൾമുന തിളങ്ങിയിരുന്നു. ഇതിനു പുറമേ സോമന്റെ പേരിൽ ഒരു റെക്കോർഡും ഉണ്ടായിരുന്നു. ഒരു വർഷം ഏറ്റവുമധികം ചിത്രങ്ങളിൽ നായകകഥാപത്രത്തെ അവതരിപ്പിച്ച നടൻ എന്നതായിരുന്നു ആ റെക്കോർഡ്. ആ പദവി അഴിച്ചു വച്ചാലും അസൽ നടൻമാരെ കാമ്പുള്ള കഥാപാത്രങ്ങൾ തേടിവന്നുകൊണ്ടിരിക്കുമെന്ന് സോമൻ അവസാന സിനിമയിൽ വരെ തെളിയിച്ചു. ആ വ്യത്യസ്തതകളെയൊക്കെ അദ്ദേഹം അനായാസം അവിസ്മരണീയമാക്കുകയും ചെയ്തു.

ജോൺ പോളി നൊപ്പം ഭൂമിക എന്ന ഐ വി ശശി ചിത്രം നിർമിച്ചതുംതാരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായതും ചലച്ചിത്ര വികസന കോർപറേഷൻ അംഗമായി പ്രവർത്തിച്ചതും സിനിമയിൽചമയങ്ങളില്ലാതെയുള്ള മറ്റു പ്രവർത്തനങ്ങൾ. സിനിമയിൽ തിരക്കുള്ളപ്പോഴും ഏതാനും ടിവിസീരിയലുകളിലും അദ്ദേഹം മിന്നിത്തിളങ്ങി.ആറു ടിവി സീരിയലുകളിൽ അഭിനയിച്ചു. മോഹപ്പക്ഷികൾ, കുതിരകൾ എന്നിവ ശ്രദ്ധേയം

ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ 56-ആമത്തെ വയസ്സിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് 1997 ഡിസം‌ബർ 12ന് വൈകിട്ട് എറണാകുളം പിവിഎസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം തിരുവല്ലയിലെ വീട്ടിലേയ്ക്ക് വിലാപയാത്രയായികൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽസംസ്കരിക്കുകയും ചെയ്തു. 1997-ൽ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം ചെയ്തആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സിൽ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സൂപ്പര്‍ ഡയലോഗുകളുമായി 'ലേല'മെന്ന പടത്തില്‍ 'ആനക്കാട്ടില്‍ ഈപ്പച്ചനെ' അവതരിപ്പിച്ച് തിരശ്ശീലക്കു പിന്നിലേക്ക് സോമന്‍ പോയി. സോമന് ഒരു മകനും മകളുമുണ്ട്. മകൻ സജി സോമനും ചലച്ചിത്ര നടനാണ്.

ഈടുറ്റ കഥാപാത്രങ്ങളെ നല്‍കിയ സോമന് ജന്മനാട്ടില്‍ സ്മാരകമെന്നകലാലോകത്തിന്റ സ്വപ്‌നം മാത്രം ഇതുവരെ പൂവണിഞ്ഞില്ല. ചരമദിനത്തില്‍ സുഹൃത്തുക്കള്‍കുടുംബവീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ ഒത്തുചേരും.ടൈപ്പ്ചെയ്യപ്പെടാതെവ്യത്യസ്തങ്ങളായകഥാപാത്രങ്ങളെ അതിസുന്ദരമായി അവതരിപ്പിച്ച സോമന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തിളങ്ങി നിൽക്കും.

സലിം പി. ചാക്കോ .

No comments:

Powered by Blogger.