പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനും നടനും സംവിധായകനുമായ അറ്റ്ലസ് രാമചന്ദ്രൻ ( 80 ) അന്തരിച്ചു.

ദുബായ് : പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനും നടനും സംവിധായകനും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ - 80) അന്തരിച്ചു. രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മലയാളികൾ നെഞ്ചേറ്റിയ വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമിച്ച അറ്റ്ലസ് രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്‌സ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് . ഇന്നലെ , കൗരവർ , വെങ്കലം , ചകോരം തുടങ്ങിയ സിനിമകൾ വിതരണംചെയ്തു.അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ , സുഭദ്രം , ബാല്യകാലസഖി തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

ഭാര്യ : ഇന്ദിര, മക്കൾ: ഡോ.മഞ്ജു, ശ്രീകാന്ത്. 

ബാങ്ക് ജീവനക്കാരനായാണ് അറ്റ്ലസ് രാമചന്ദ്രന്‍ കരിയര്‍ ആരംഭിച്ചത്.1974 മാര്‍ച്ചിലാണ് അദ്ദേഹം കുവൈത്തിലേക്ക് പോവുന്നത്. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്തിലെ ജോലിക്കിടയിലാണ് ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞത്. 1981 ഡിസംബറിലാണ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൌദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു. അവസാന കാലത്ത് ജയിൽ വാസമടക്കം ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നു . 

പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഹെല്‍ത്ത് കെയര്‍ രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ ആശുപത്രി നിരവധി മലയാളികള്‍ക്ക് സഹായകരമായിരുന്നു. 

No comments:

Powered by Blogger.