കാലം മായ്ക്കാത്ത നല്ല കലാകാരൻ്റെ സത്യമുള്ള പുഞ്ചിരി നമുക്ക് ഓർക്കാം ...

കാലം മായ്ക്കാത്ത നല്ല കലാകാരൻ്റെ സത്യമുള്ള പുഞ്ചിരി നമുക്ക് ഓർക്കാം ...

സലിം പി. ചാക്കോ 
( സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി) 
.........................................................................

പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത വില്ലൻ വേഷങ്ങൾ അഭിനയിക്കുമ്പോഴും ക്യാപ്റ്റൻ രാജുവിൽ ഒരു ചിരിയുണ്ടായിരുന്നു. കാലം മായ്ക്കാത്ത നല്ല കലാകാരൻ്റെ സത്യമുള്ള പുഞ്ചിരി എന്നും ഓർക്കാം ....

തൻ്റേതായ ശൈലിയിൽ വില്ലൻ വേഷങ്ങൾ മനോഹരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും താൻ ചെയ്ത നെഗറ്റീവ് റോളുകൾ കാരണം സമൂഹത്തിൽ നിന്ന് അകൽച്ച നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ വ്യക്തിപരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതിൽ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. സിനിമയിൽ കൊലപാതകം പോലുള്ള രംഗങ്ങളിൽ അഭിനയിക്കുബോൾ മനസ് കൊണ്ട് അദ്ദേഹം വിഷമിച്ചിരുന്നു. തൻ്റെ അമ്മയുടെ മരണശേഷമാണ് നെഗറ്റീവ് റോളുകൾ വേണ്ടെന്ന തീരുമാനത്തിൽ താൻ എത്തിയതെന്ന് അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചിരുന്നു. മകൻ്റെ വില്ലൻ വേഷങ്ങൾ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. സിനിമയിലും ജീവിതത്തിലും ആ തീരുമാനംവഴിത്തിരിവായി. 

സിനിമയിൽ നിന്ന് മാറി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചതോടെ കുടുംബ പ്രേക്ഷകരുടെപ്രിയപ്പെട്ടവനാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രദ്ധിക്കപ്പെടുന്ന വിവിധ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 

ക്യാപ്റ്റൻ രാജു എന്ന പേര്  കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യമെത്തുന്നത് " നടോടിക്കാറ്റിലെ "  പവനായിയെയാണ്. പ്രൊഫഷണൽ കില്ലറായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു അത്. അതുപോലെ " സി.ഐ. ഡി മൂസയിലെ " കരംചന്ദ് എന്ന കഥാപാത്രവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇത്തരം വേഷങ്ങളിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിയാക്കാൻ ക്യാപ്റ്റന് കഴിഞ്ഞു. ഓഗസ്റ്റ് ഒന്നിലെ 
നിക്കോളസിനെയും ,ഒരു വടക്കൻ വീരഗാഥയിലെ അരങ്ങോടരെയുംപ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. 

നടൻ മധു നിർമ്മിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത " രതിലയം " എന്ന ചിത്രത്തിൽ നായകതുല്യമായ വേഷത്തിലും ക്യാപ്റ്റൻ തിളങ്ങി. രക്തം ,തടാകം, മോർച്ചറി ,അസുരൻ, കാബൂളിവാല,പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

മലയാളം ,തമിഴ് ,തെലുങ്ക്, കന്നട , ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളിലായി  493 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അറുപതിലധികം തമിഴ് സിനിമകളിലും അഭിനയിച്ചുവെന്നപ്രത്യേകതയുമുണ്ട്. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ സീരിയലുകളിലും ചെയ്തിരുന്നു. 

അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 1997ൽ തമിഴ് നടൻ വിക്രമിനെ നായകനാക്കി " ഇതാ ഒരു സ്നേഹഗാഥ " എന്ന സിനിമ സംവിധാനം ചെയ്തു. അതിന് ശേഷം " Mr.പവനായി 99:99 " എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. 

ക്യാപ്റ്റൻ രാജുവിന് ലഭിക്കുന്ന വേഷം സ്വന്തം ശൈലിയിൽ അവതരിപ്പിക്കാൻകഴിയുന്നതായിരുന്നു , അദ്ദേഹത്തിൻ്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക്പ്രിയപ്പെട്ടതാവാൻ കാരണം. മരണം അത് തട്ടിയെടുത്തെങ്കിലും ക്യാപ്റ്റൻ രാജു അനശ്വരമാക്കിയ 
ഒരുപാട് വേഷങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കും ....

ഇന്ന് ( സെപ്റ്റംബർ 17 )  അദ്ദേഹത്തിൻ്റെ നാലാം ചരമവാർഷികമാണ്. രാവിലെ 8.30ന് ഓമല്ലൂർ - പുത്തൻപീടിക നോർത്ത് സെൻ്റ് മേരീസ്
ഓർത്തഡോക്സ് പള്ളിയിലെ  കല്ലറയിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടന്നു. 
ഉച്ചയ്ക്ക് 2.30ന് എറണാകുളം കാക്കനാട് - വാഴക്കാലയിൽ ചേരുന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ  മൂന്നാമത് പുരസ്കാരം നടനും സംവിധായകനുമായ ജോണി ആൻ്റണിയ്ക്ക് നൽകും. മുൻ വർഷങ്ങളിൽ ജനാർദ്ദനൻ, ബാലചന്ദ്രമേനോൻ എന്നിവർക്കാണ് പുരസ്ക്കാരം നൽകിയത്.

സലിം പി. ചാക്കോ 
( സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി) 



No comments:

Powered by Blogger.