വിസ്മയ ചരിത്രമായി ബിഗ് സ്ക്രീൻ ചലച്ചിത്ര പുരസ്കാരംകോവിഡ് മഹാമാരി നാമാവശേഷമാക്കിയ മെഗാസ്റ്റേജ് ഈവന്റുകൾക്ക് പുനരുജ്ജീവനം നൽകി തൃശൂരിൽ പ്രൗഡഗംഭീരമായ ബിഗ് സ്‌ക്രീൻ അവാർഡ് നിശ അരങ്ങേറി.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കേരളത്തിലെ ആദ്യ സിനിമ അവാർഡ് നിശ ബിഗ് സ്ക്രീൻ അവാർഡ് 2022, യുസഫ് ലെൻസ്മാൻ്റെ നേതൃത്വത്തിൽ  തൃശ്ശൂരിൽ യാഥാർഥ്യമായപ്പോൾ അത് കേരളത്തിലെ ഏറ്റവും താരനിബിഢവും സാങ്കേതികത്തികവും ഒത്തിണങ്ങിയ അരങ്ങായി മാറി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ച അവാർഡ് നിശയിൽ സംവിധായകൻ സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ, കഴിഞ്ഞ 3 വർഷത്തെ സിനിമാ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്.

കാലിക സിനിമാനായകനിരയിലെ പ്രധാനികളായ ബിജു മേനോൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർക്കൊപ്പം  മനോജ്‌ കെ ജയൻ, ശങ്കർ രാമകൃഷ്ണൻ, മൂർ (കളഫെയിം), സുധീഷ്, ഇർഷാദ്, ജോണി ആൻ്റണി, രമേശ്‌ പിഷാരടി, ഗൗരി നന്ദ, കോട്ടയം രമേശ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), മാളവിക, തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും മുൻനിര പ്രവർത്തകർ പങ്കെടുത്തു. മലയാളക്കരയിലേയ്ക്ക് മിന്നൽപ്പിണർ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന മിന്നും താരം ഗുരു സോമസുന്ദരം അവാർഡ് നിശയിലെ പ്രധാന ആകർഷണമാകുകയായിരുന്നു. ആദ്യമായി ഒരു അവാർഡ് നിശയിൽ പങ്കെടുക്കുകയാണെന്ന അനുഭവം പ്രേക്ഷകരോട് പങ്കുവച്ച ഗുരു സോമസുന്ദരം മിന്നൽ മുരളിയിലെ ഹിറ്റ് ഡയലോഗുകൾ വേദിയിൽ പറഞ്ഞപ്പോൾ നിർത്താത്ത കരഘോഷത്തോടെയാണ് ജനം വരവേറ്റത്ത്‌. കേരളക്കരയിലെ ജനം നൽകുന്ന വരവേൽപ്പിന് ഹൃദയത്തിൻ്റെ ഭാഷയിൽ ഗുരു സോമസുന്ദരം നന്ദി പറഞ്ഞു.

സിനിമയും മാധ്യമങ്ങളും പ്രേക്ഷകനും തമ്മിലുള്ള ഇഴയെടുപ്പത്തിൽ നിർണായക പങ്കുവഹിക്കുന്ന, സിനിമയുടെ ടൈറ്റിൽ കാർഡുകളിലൂടെ സുപരിചിതമായ, മലയാള ചലച്ചിത്ര പി ആർഒ  ശ്രീ എ എസ്‌ ദിനേശ്, കർമ്മരംഗത്തെ സമർപ്പണ മനോഭാവത്തിന് എക്സലൻസ് ഇൻ സിനിമ ബിഗ് സ്ക്രീൻ പുരസ്‌കാരം ഏറ്റുവാങ്ങി.

മരിക്കാത്ത ഓർമ്മകളുമായി ശ്രോതാക്കളുടെ മനസ്സിൽ ജീവിക്കുന്ന ലതാ മങ്കേഷ്‌കർ, എസ് പി ബാലസുബ്രഹ്മണ്യം, ബപ്പി ലഹിരി എന്നിവരുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്രശ്‌സ്ത പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിച്ച 'സമർപ്പണ ഗാനങ്ങൾ' ഏറെ ശ്രദ്ധേയമായി.  

മികച്ച നായികയ്ക്കുള്ള ബിഗ് സ്ക്രീൻ അവാർഡ് 2022 നേടിയ ദർശന രാജേന്ദ്രൻ സംഗീത സംവിധായകൻ ഹിഷാമിനൊപ്പം വേദിയിൽ 'ദർശനാ' എന്ന ഹിറ്റ് ഗാനം പാടിയപ്പോൾ ആയിരങ്ങൾ ഏറ്റുപാടി .അതുപോലെ 2021ലെ സോങ് ഓഫ് ദി ഇയർ ആയ മിന്നൽ മുരളിയിലെ 'ഉയിരേ' സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ മിഥുൻ ജയരാജ്, നാരായണി ഗോപൻ എന്നിവർ ചേർന്ന് പാടിയത്, കോരിത്തരിപ്പോടെയാണ് സദസ്സ് കേട്ടിരുന്നത്. മിന്നൽമുരളി' യിലൂടെ പ്രേക്ഷകമനം കവർന്ന ബാലതാരം വസിഷ്ട് ഉമേഷ്, മിന്നൽമുരളി'യിലെ തന്നെ ഗാനം വേദിയിൽ ആലപിച്ചപ്പോൾ പ്രേക്ഷകരൊന്നടങ്കം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അതെ വർഷത്തെ വോയിസ് ഓഫ് ദി ഇയർ ആയ പ്രസീദ ചാലക്കുടി 'ഉള്ളൂല്ലേരിയി' ലൂടെ വേദിയിൽ പ്രകമ്പനം സൃഷ്ടിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ തന്റെ ഹിറ്റ് ഗാനം പാടി വേദിയിൽ  ഉത്സവ പ്രതീതി സൃഷ്ടിച്ച ആട്ടപ്പാടിയിൽ നിന്നെത്തിയ നാഞ്ചിയമ്മ അകാലത്തിൽ വിട്ട് പിരിഞ്ഞ സംവിധായകൻ സച്ചിയെ നിഷ്കളങ്കമായ സ്നേഹത്തോടെ അനുസ്മരിച്ചത്  സദസ്സിന്റെ  വേദനയായി.  കൈതപ്രം, ഗോപി സുന്ദർ, അൽഫോൺസ് ജോസഫ്, കൈലാസ് മേനോൻ, ഹിഷാം അബ്ദുൾ വഹാബ്, ഹരിശങ്കർ, ബി.കെ.ഹരിനാരായണൻ, അൻവർ അലി, സുജാത മോഹൻ, നിത്യാ മാമൻ, മെറിൽ ആൻ മാത്യു തുടങ്ങി പ്രശ്‌സ്ത ഗായകരും സംഗീത സംവിധായകരും, രചയിതാക്കളും ഒത്തുചേർന്ന അസുലഭ വേദിയിൽ മെഗാഹിറ്റുകളായ പല ഗാനങ്ങളും അവയുടെ യഥാർത്ഥ ശില്പികളിൽ നിന്നും പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനായി.

തൃശൂർ കളക്ടർ ഹരിത വി നായർ തൻ്റെ ഇഷ്ട ഗായികയായ സുജാത മോഹനനു അവാർഡ് നൽകാനെത്തിയപ്പോൾ, കളക്റ്ററോട് രണ്ട് വരി പാടാൻ സുജാത സ്നേഹത്തോടെ ആവശ്യപ്പെട്ടു. കളക്ടർ പാട്ട് രണ്ട് വരിയിലൊതുങ്ങിയില്ല എന്ന് മാത്രമല്ല  മണിച്ചിത്രത്താഴിലെ പാടാൻ ഏറെ പ്രയാസമുള്ള ഒരുമുറൈ വന്ത് പാർത്തായാ എന്ന ഗാനം  പ്രൊഫഷണൽ ഗായകരെ വെല്ലുന്ന മികവിൽ വേദിയിൽ അവതരിപ്പിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്യർ സ്വീകരിച്ചത് .

കുവൈറ്റിലെ കലാസാംസ്കാരിക രംഗത്ത് പ്രശസ്തനായ നാഷ് വർഗ്ഗീസ് ആണ് ബിഗ് സ്ക്രീൻ അവാർഡ്‌സ് ഇവന്റിന്റെ പ്രൊഡ്യൂസർ. അഡ്മിൻ ഹെഡ് - റസൽ പുത്തൻപള്ളി.

കേരളത്തിലെ പ്രമുഖപിന്നണിസംഗീതജ്ഞർ അണിനിരന്ന ഡി-ഫ്രീക്ക് ബാൻഡിൻ്റെ മാസ്മരിക ഫ്യൂഷൻ മ്യൂസിക്കിനൊപ്പം, ഹരിചരൺ, അഫ്സൽ, വൈഷ്ണവ് ഗിരീഷ്, മിഥുൻ ജയരാജ്, അക്ബർ ഖാൻ, അഖില ആനന്ദ്,ശ്രീനന്ദ, മെറിൽ ആൻ മാത്യൂ, നിത്യാ മാമൻ, അയ്റാൻ, ഫവാസ് തുടങ്ങിയ നിരവധി പ്രശ്‌സ്ത ഗായകർ മത്സരിച്ച് പാടിയത് മറക്കാനാകാത്ത അനുഭവമായി. മികച്ചഗായകനുള്ള ബഹുമതി നേടിയ ഷെഹബാസ്‌ അമൻ, തന്റെ ആകാശമായവളെ വേദിയിൽ മനോഹരമായി പുനരവതരിപ്പിച്ചു.

സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരും പതിവുപോലെ സദസ്സിനെ തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ചു.
അവാർഡ് സ്വീകരിക്കാനെത്തിയ സംവിധായകൻ രഞ്ജിത്തും സിദ്ദിഖും ബിഗ് സ്ക്രീൻ അവാർഡ് ന്  എല്ലാവിധ
ആശംസകളും അർപ്പിച്ചു. സംവിധായകരായ അനൂപ് സത്യൻ, റഷീദ് പാറക്കൽ തുടങ്ങിയവരും അവാർഡുകൾ കരസ്ഥമാക്കി. 

മലയാളസിനിമയുടെ ചരിത്രനിമിഷങ്ങൾ കോർത്തിണക്കി യൂസഫ് ലെൻസ്മാൻ സംവിധാനം ചെയ്ത രംഗപൂജ ദൃശ്യാനുഭവങ്ങളുടെ മാരിവിൽ തീർത്തു. ക്രിയാത്മക സഹായം എൻ വി അജിത്.
സെറീനാസിന്റെ നേതൃത്വത്തിൽ ചലച്ചിത്ര നടി ഗായത്രി സുരേഷിൻ്റേയും സിജാ റോസിൻ്റേയും നൃത്തങ്ങൾ അരങ്ങേറി. മറ്റൊരു പുരുഷനർത്തക സംഘമായ ഡിസോൾവിൻ്റേ സിനിമാ സ്പൂഫ് നൃത്തങ്ങളും പുതുമനിറഞ്ഞ അനുഭവമായി.
 
ലെൻസ്മാന്റെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് ഈവന്റ് മാനേജ്മെന്റ് അസ്സോസിയേഷൻ(ഫെമ), ജെനീഷ് ഓസ്കാർ ഈവെന്റ്സ് എന്നിവർ സഹകരിച്ചൊരുക്കിയ അവാർഡ് നിശയിൽ കല്യാൺ സിൽക്‌സ്, ഐസിഎൽ ഫിൻകോർപ്പ്, ഈവോ തെംസ്‌ബേ എന്നിവർ പ്രധാന പ്രായോജകരായി. മലയാള സിനിമ മേഖലലക്ക് ബിഗ് സ്ക്രീൻ പുരസ്കാരരാവ് പുതിയൊരു ഉണർവായി മാറി .

Exclusive Photos Download link

No comments:

Powered by Blogger.