സംവിധായകൻ ജേസിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികദിനം ഏപ്രിൽ പത്തിന് .


സംവിധായകൻ, നടൻ, നോവലിസ്റ്റ്, പത്രാധിപർ, ചിത്രകാരൻ, പ്രാസംഗികൻ എന്നീ നിലകളിലെല്ലാം തിളക്കമാർന്ന വ്യക്തിമുദ്ര ചാർത്തി കടന്നുപോയ ജേസി എന്ന ജെ. സി. കുറ്റിക്കാട്ട് വിട പറഞ്ഞിട്ട് ഏപ്രിൽ പത്തിന്  21വർഷം തികയുന്നു.

ശാപമോക്ഷം,അഗ്നിപുഷ്പം,അശ്വതി,സിന്ദൂരം, ചന്ദനച്ചോല, അവൾ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, തുറമുഖം, താറാവ്, അകലങ്ങളിൽ അഭയം, ഒരു വിളിപ്പാടകലെ, പുഴ,ആഗമനം,സിന്ദൂരം,രാജാങ്കണം,എതിരാളികൾ,രക്തമില്ലാത്തമനുഷ്യൻ,നിഴൽമൂടിയനിറങ്ങൾ, വീട് ഒരു സ്വർഗം,ദൂരം അരികെ,എഴുനിറ ങ്ങൾ, പവിഴമുത്ത്,ഇവിടെഎല്ലാവർക്കും സുഖം,ഈറൻസന്ധ്യ, നീയെത്ര ധന്യ,അടുക്കാൻ എന്തെളുപ്പം,സരോവാരം,അകലത്തെ അമ്പിളി,ഒരു സങ്കീർത്തനം പോലെ,പുറപ്പാട് തുടങ്ങി മുപ്പതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ജയനെ ഒരു ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയിൽ കൊണ്ടുവന്നത് ജേസിയാണ്. പ്രേം നസീർ, മധു, സോമൻ, സുകുമാരൻ, വിൻസെന്റ്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സത്യൻ അന്തിക്കാട്, 
പി ചന്ദ്രകുമാർ, കെ. മധു,സിദ്ദിഖ് ഷമീർ തുടങ്ങിയ പ്രമുഖ സംവിധായകർ പലരും അദ്ദേഹത്തിന്റെ ശിഷ്യരാണ്.

കുടുംബ ബന്ധങ്ങളുടെ കഥ ആർദ്രമായി പറഞ്ഞ ജേസിച്ചിത്രങ്ങളിലെ ഗാനങ്ങളേറെയും മലയാളികൾ നെഞ്ചേറ്റിയവയാണ്. 
'അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ', ശാന്തരാത്രി തിരുരാത്രി, തിരയും തീരവും ചുംബിച്ചുറങ്ങി, ഒരു നിമിഷം തരൂ നിന്നിലലിയാൻ - തുടങ്ങിയ ഗാനങ്ങൾ ഉദാഹരണങ്ങൾ.

ഭൂമിയിലെ മാലാഖ(തിരക്കഥ, അഭിനയം,സഹസംവിധാനം),മാൻപേട (നായകൻ), ഒരു സുന്ദരിയുടെ കഥ, കള്ളിച്ചെല്ലമ്മ, അള്ളാഹു അക്ബർ (നായകൻ), അടിമകൾ, ഏഴു രാത്രികൾ (നായകൻ), രാത്രിവണ്ടി, എറണാകുളം ജങ്ക്ഷൻ, അഴിമുഖം, നിഴലാട്ടം, ഗംഗാസംഗമം, കുട്ട്യേടത്തി, അസ്ത്രം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ആദ്യകാലങ്ങളിൽ ഒ.മാധവന്റെ കാളിദാസ കലാകേന്ദ്രത്തിൽ നായക നടനായിരുന്നു. സ്റ്റേജ് ഇന്ത്യ എന്ന പേരിൽ സ്വന്തം നാടക സമിതിയും സ്ഥാപിച്ചിരുന്നു.മുൾക്കിരീടം, അലയാഴി, ചുവന്ന കുറുക്കന്റെ മട, വണ്ടിക്കാളകളും സൂര്യകാന്തിപ്പൂക്കളും തുടങ്ങിയ നോവലുകൾ എഴുതി. ഒട്ടേറെ ചെറുകഥകളും.സോഷ്യൽ,ബൈബിൾ നാടകങ്ങൾ സംവിധാനം ചെയ്തു.

ദൂരദർശനു വേണ്ടി സംവിധാനം ചെയ്തകുതിരകൾ,മോഹപക്ഷികൾ സീരിയലുകൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. മാക്ട സാംസ്‌കാരിക സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 'വർണ്ണശാല' എന്ന മാസികയിലൂടെ മലയാള ചലച്ചിത്ര പ്രസിദ്ധീകരണ രംഗത്ത് ആദ്യമായി വർണ്ണം കൊണ്ടുവന്നത് ജേസിയാണ്.

2001 ഏപ്രിൽ 10 ന് നിര്യാതനായി.ജേസിയുടെ സ്മരണാർത്ഥം  സിനിമാ-ടിവി,
സാഹിത്യ- അവാർഡുകൾ വർഷം തോറും ജേസി ഫൗണ്ടേഷൻ നൽകിവരുന്നു.

1 comment:

  1. I was seen Jesy sir at his residence
    Very humble simple behaviuor
    Pray for soul liberation

    ReplyDelete

Powered by Blogger.