സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നവംബർ 29ന് .



2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം 2021 നവംബര്‍ 29 തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നിശാഗന്ധിഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മല്‍സ്യബന്ധന,സാംസ്കാരിക,യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെന്‍, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

2020ലെ ചലച്ചിത്ര അവാര്‍ഡിന്റെ  വിശദാംശങ്ങളടങ്ങിയ പുസ്തകം നിയമ,വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ്, കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേള (IDSFFK) യുടെ പോസ്റ്ററിന്റെ പ്രകാശനകര്‍മ്മം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുമരാമത്ത്,വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.
ശശി തരൂര്‍ എം.പി, അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജൂറി ചെയര്‍പേഴ്സണ്‍ സുഹാസിനി, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പി.കെ രാജശേഖരന്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍  എന്നിവര്‍ പങ്കെടുക്കും.

പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം 2020ലെ മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്കാരം ലഭിച്ച എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും. മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍, മഞ്ജരി, മൃദുല വാര്യര്‍, രാജലക്ഷ്മി, നിത്യ മാമ്മന്‍, പ്രീത, അപര്‍ണ രാജീവ്, ശ്രീരാം ഗോപാലന്‍, രവിശങ്കര്‍, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

No comments:

Powered by Blogger.