ഷാജി പട്ടിക്കര മനസ്സ് തുറക്കുന്നു.

പ്രിയമുള്ളവരെ,

കഴിഞ്ഞ 24 വർഷമായി ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.

പ്രൊഡക്ഷൻ മാനേജരായി തുടങ്ങി പിന്നെ പരിചയം നേടിയാണ് ഒരു കൺട്രോളർ എന്ന നിലയിലേക്ക് വന്നത്.

ഏതാണ്ട് നൂറിലധികം സിനിമകൾ ഇക്കാലയളവിൽ ചെയ്തു.

പുതുമുഖ സംവിധായകർ മുതൽ ദേശീയ അവാർഡ് ജേതാക്കളുടെ വരെ സിനിമകൾ ...

അതിൽ ഏറ്റവും കൂടുതൽ ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകരുടേതാണ്.

33 പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ചെയ്തു.
അവരിൽ പലരും സംസ്ഥാന, ദേശീയ പുരസ്ക്കാരങ്ങൾ വരെ നേടി.
ചിലർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

അതിൽ പലരേയും സഹസംവിധായകർ എന്ന നിലയിൽ നിന്നും സ്വതന്ത്ര സംവിധായകർ എന്ന നിലയിലേക്ക് എൻ്റെ നിരന്തര ശ്രമവും പ്രോത്സാഹനവും കൊണ്ട് മാത്രം എത്തിച്ചതാണ് എന്നതിൽ എനിക്ക് അഭിമാനമുണ്ട്.

രണ്ട് പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ഉടൻ തുടങ്ങാൻ പോകുന്നു.

അതിൽ ഒന്നിൻ്റെ പ്രാരംഭ വർക്കുകൾ തുടങ്ങി.
ലിജീഷ് മുല്ലേഴത്ത് ആണ് സംവിധായകൻ.
പ്രിയനന്ദനൻ ,ഒമർ ലുലു, ടോം ഇമ്മട്ടി തുടങ്ങിയ പ്രതിഭാധനരായ സംവിധായകരോടൊപ്പം പ്രവർത്തിച്ച പരിചയത്തിലാണ് ലിജേഷ് കടന്നു വരുന്നത്.

പല പുതുമുഖങ്ങളും സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി സമീപിക്കുന്നുണ്ട്.

പക്ഷേ,
ഒരു സിനിമ വിജയിക്കുമോ പരാജയപ്പെടുമോ എന്നതിലല്ല, കൃത്യമായ ആസൂത്രണത്തോടെ ബഡ്ജറ്റിൽ നിർത്തി പറഞ്ഞ ദിവസങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കുക എന്നത് ഒരു കൺട്രോളർ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമാണ്.

അതിന് ,വരുന്ന ആളുകൾക്ക് സംവിധാന രംഗത്ത് കുറച്ചെങ്കിലും അനുഭവ പരിചയം ഉണ്ടാവണം.
അല്ലെങ്കിൽ അവർക്ക് ചിത്രീകരണത്തെപ്പറ്റി അത്രയും ഗ്രാഹ്യം ഉണ്ടായിരിക്കണം.

സംഗീത ആൽബങ്ങളും, ഷോർട്ട് ഫിലിമുകളും ചെയ്ത പരിചയത്തിലാവും പലരും സിനിമ എന്ന മോഹവുമായി എത്തുക.

സിനിമയിൽ ചിത്രീകരണരീതി വ്യത്യാസമുണ്ട്.
ഓരോ ദിവസവും, ഓരോ മണിക്കൂറും വിലപ്പെട്ടതാണ്.

ചിലരുമായി സംസാരിക്കുമ്പോൾ അവർക്ക് അത്തരം കാര്യങ്ങളിൽ വലിയ പിടിപാടില്ല എന്ന് മനസ്സിലാകുമ്പോൾ മാത്രമാണ് നിരുത്സാഹപ്പെടുത്താറുള്ളത്.

അതു തന്നെ എന്നെ സമീപിച്ചിട്ടുള്ളവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമേ അങ്ങനെ നിരുത്സാഹപ്പെടുത്തേണ്ടി വന്നിട്ടുള്ളൂ.

അവരോട് ഏതെങ്കിലും സംവിധായകരോടൊപ്പം ഒരു സിനിമയെങ്കിലും ചെയ്ത് ഇത്തരം കാര്യങ്ങൾ പഠിക്കാൻ പറയാറുണ്ട്.

അത് പ്രൊജക്ട് ഏറ്റെടുക്കുന്ന കൺട്രോളർ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തം കൂടിയാണ്.

കാരണം,
പലരും ആവേശത്തിൽ കടന്നുവന്ന് ചിത്രീകരണം തുടങ്ങി നിർമ്മാതാവിൻ്റെ കുറെയധികം പണം വെള്ളത്തിലാക്കി മതിയാക്കും. ചിലർ ഒരു ഷെഡ്യൂൾ പൂർത്തിയാക്കി മതിയാക്കും ... സിനിമ നിന്നു പോകും ... നഷ്ടം നിർമ്മാതാവിൻ്റേത് മാത്രമാണ്.
ഒരു നിർമ്മാതാവിൻ്റെ സ്വപ്നം തകരും,
പണം പാഴാകും.

അതുകൊണ്ട് തന്നെ ഞാനുൾപ്പെടെ ഒരു കൺട്രോളറും,
ഒരു നിർമ്മാതാവും തുടക്കത്തിൽ തന്നെ പിഴവ് തോന്നിയാൽ പിന്നെ ആ പ്രോജക്ടുമായി മുന്നോട്ടു പോകാറില്ല.

വീണ്ടും പറയട്ടെ,
ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകരെ പ്രോത്സാഹിപ്പിച്ച ഒരാൾ എന്ന നിലയിൽ ഇനിയും ഒരുപാട് പേർ കടന്നു വരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

പക്ഷേ,
വിജയപരാജയങ്ങൾക്കപ്പുറം ബഡ്ജറ്റിലൊതുക്കി ചിത്രീകരണവും അനുബന്ധ ജോലികളും പൂർത്തിയാക്കി സിനിമ തിയേറ്ററിലെത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസവും, അതിനു വേണ്ട പരിചയവും തീർച്ചയായും ഉണ്ടായിരിക്കണം.

കഴിഞ്ഞ 24 വർഷം നൂറിലധികം സിനിമകളിൽ പൂർണ സമയം പ്രവർത്തിച്ചതിനു ശേഷമാണ് ഒരു ചെറിയ ഡോക്യുമെൻ്ററി സംവിധാനം ചെയ്യാനുള്ള ധൈര്യം ഞാൻ കാണിച്ചത് എന്ന് നിങ്ങൾക്കും അറിയാമല്ലോ ....

അതുകൊണ്ട് കഴിവുള്ളവർ കടന്നു വരട്ടെ ...
ഒരു സിനിമ സംവിധാനം ചെയ്യാൻ കഴിവിനും അപ്പുറം അനുഭവപരിചയത്തിനും സ്ഥാനമുണ്ട് എന്നത് മറക്കരുത്.

കാരണം മറ്റൊരാളുടെ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ് അവർ സിനിമയോടുള്ള സ്നേഹം കൊണ്ട് നമ്മളെ വിശ്വസിച്ച് മുടക്കുന്നത്.

ലാഭനഷ്ടങ്ങളേക്കാൾ,
അയാളെ കടക്കാരനാക്കാതെ സിനിമ പൂർത്തിയാക്കുക എന്നതിന് വില കൽപ്പിക്കേണ്ടതുണ്ട്.

കഴിവുള്ള,
അനുഭവ പരിചയമുള്ള ഒരുപാട് പേർ എത്രയോ കാലമായി ഒരു സിനിമ ചെയ്യാനായി അലയുന്നു.
അവർ എന്നെത്തേടി വരുമ്പോൾ അവരോടൊപ്പം യാത്ര ചെയ്യാതിരിക്കുന്നതെങ്ങനെ ...
അത്തരക്കാർ ആദ്യം ലക്ഷ്യത്തിലെത്തട്ടെ ... അതല്ലേ നല്ലത് ?

നിരുത്സാഹപ്പെടുത്തുമ്പോൾ പലർക്കും ദേഷ്യം തോന്നും, അത് സ്വാഭാവികമാണ് ...
കാരണം ഇത് വല്ലാത്തൊരു ദുനിയാവാണ് ഇവിടെ ആർക്കും പഠിക്കാനും, അനുഭവസമ്പത്ത് നേടാനും സമയമില്ല ...
ഇരിക്കും മുമ്പേ കാൽ നീട്ടാനാണ് എല്ലാവർക്കും താൽപ്പര്യം .

ഷാജി പട്ടിക്കര

No comments:

Powered by Blogger.