പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ (80) അന്തരിച്ചു.


പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. എറണാകുളം കാരയ്‌ക്കാട്ടു മാറായിൽ ബാലകൃഷ്‌ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോൻ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്കു വരുന്നത്.

അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്ല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു. 1973 ല്‍ തോപ്പില്‍ ഭാസിയുടെ 'അബല'യില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.1979 ല്‍ ശിവാജി ഗണേശന്റെ 'നല്ലതൊരു കുടുംബ'മെന്ന സിനിമയിലൂടെയാണ് തമിഴിലെ  അരങ്ങേറ്റം. ഋതുഭേദകൽപന, ജലശയ്യയിൽ, പവനരച്ചെഴുതുന്നു തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങൾ.

അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ.. കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍ മകനാണ്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ് കല്യാണി മേനോൻ.
 

No comments:

Powered by Blogger.