" ആക്ഷൻ പ്രൈം ഒടിടിയിൽ ആഗസ്റ്റ് 24ന് " ഉരിയാട്ട് " റിലീസ് ചെയ്യും.

തെയ്യങ്ങളുടെ നാടായ വടക്കെ മലബാറിൻ്റെ മണ്ണിൽ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന വിഷ്ണു മൂർത്തി എന്ന നാട്ടുപരദേവതയുടെ ചരിത്ര പശ്ചാത്തലം പ്രമേയമാക്കിയ " ഉരിയാട്ട് " എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിങ്ങിനായി ഒരുങ്ങി കഴിഞ്ഞു.
ആഗസ്റ്റ് 24ന് ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെവേൾഡ് വൈഡ് ആയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കേരളം നേരിടുന്ന വെല്ലുവിളികളെ വിഷ്ണു മൂർത്തിയുടെ ചരിത്ര പശ്ചാത്തലവുമായി കൂട്ടിയിണക്കി രണ്ട് കാലഘട്ടത്തിൻ്റെ കഥയാണ് " ഉരിയാട്ട് "ലൂടെ പറയാൻ ശ്രമിക്കുന്നത്.
തെയ്യം കലയുടെ ആത്മാവ് ആവാഹിക്കുന്ന " ഉരിയാട്ട് ,"  നന്മ മരിക്കാത്ത മനസ്സുകളിലേക്ക് നാട്ടുപാട്ടിൻ്റെ നൈർമല്യവുമായാണ് എത്തുന്നത്. അധികാര ഗർവ്വിനെതിരെ പൊരുതിയ അടിയാളരുടെ ചോര നനച്ച മണ്ണിൽ നിന്നും തിന്മകളെ ചവിട്ടിമെതിച്ച് നന്മയുടെ വഴികളിലൂടെ ഉയർത്തെഴുന്നേൽപ്പിൻ്റെ ചരിത്രത്തിലേക്ക് നടന്നു കയറിയവരാണ് തെയ്യങ്ങൾ.

തുളുനാടിൻ്റെ മണ്ണിൽ നിന്നും ചുരിക തുമ്പിലേറിയെത്തിയ നരസിംഹ ചൈതന്യം പരദേവതയായി കാസർഗോഡിൻ്റെ ഭാഗമായ നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ വാണരുളുന്നു എന്നാണ് ഐതിഹ്യം.ഉത്തരമലബാറിലെ അനുഷ്ഠാന കലയായ തെയ്യക്കോലങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ശ്രീ വിഷ്ണുമൂർത്തി എന്ന നാട്ടുപരദേവതയുടെ പുരാവൃത്തങ്ങളിലൂടെ സഞ്ചരിക്കുകയും ആധുനിക മനുഷ്യന്റെ ആസക്തികളുടെ പരിണിത ഫലങ്ങളിലേക്ക് വിരൽ ചൂണ്ടി ഇന്നത്തെ കേരള പശ്ചാത്തലം വരച്ചുകാട്ടുയും ചെയ്യുന്ന സിനിമയാണ് " ഉരിയാട്ട് ".  കാവുകളും ക്ഷേത്രങ്ങളും പൈതൃകങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും പ്രകൃതിയും മനുഷ്യനും പരസ്പരം പൂരകങ്ങളാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നതാണ് ഈ സിനിമ.

അറുത്ത് എറിയപ്പെടുന്ന നൻമകളുടെ ചോര ചാലുകൾ നീന്തി എത്തുന്ന അധാർമ്മികതയുടെ പ്രതിരൂപങ്ങൾ ഉപഭോഗ സംസ്കാരത്തിന്റെ ഉപാസകരാകുമ്പോൾ രക്ഷകന്റെ വരവിനായി കാതോർത്തിരിക്കുകയാണ് സമൂഹം. കാലത്തിന്റെ കനൽവഴികളിൽ ചരിത്ര നിയോഗം പോലെ പ്രത്യക്ഷനാകുന്ന അവതാര ജന്മം സിനിമയിൽ നായക രൂപത്തിൽ എത്തുന്നു. സമകാലീന യുവത്വങ്ങളുടെ പ്രതീകമായ നായകൻ ദുഷ്ട നിഗ്രഹത്തിനായുള്ള ആർജ്ജവം ഉൾകൊള്ളാൻ പഠിക്കുന്ന പാഠങ്ങളിലൂടെ സിനിമ നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്നു. 
ജൻമി കുടിയാൻ വ്യവസ്ഥയും വരേണ്യഗർവ്വും പ്രതിപാദിക്കപ്പെടുന്നയിടങ്ങളിൽ നിന്നും ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കാവുന്ന "പാലന്തായി കണ്ണൻ" ( ശ്രീജിത്ത് രവി ) എന്ന കഥാപാത്രം ഉയർത്തെഴുന്നേൽക്കുന്നു. അഹങ്കാരത്തിന്റെ ആൾരൂപമായ കുറുവാട്ട് കുറുപ്പ് (ആഷിഷ് വിദ്യാർത്ഥി ) എന്ന  ജൻമിയുടെ അവസാനത്തിന് കാരണമാകുന്ന കണ്ണൻ പുരാണ കഥയിലെ പ്രഹ്ളാദനേയും നവീന കഥയിലെ നായകൻ വിഷ്ണു (സന്തോഷ് സരസ്) വിനെയും ഓർമ്മിപ്പിക്കുന്നു. പ്രേക്ഷക ഹൃദയങ്ങളിലേക്ക് നടന്നടുക്കുന്ന തെയ്യക്കോലങ്ങൾ തിന്മകളെ ജയിക്കുന്ന നന്മകളുടെ ഓർമ്മപ്പെടുത്തലുകൾ കൂടിയാവുന്നു.

തെയ്യം കലാകാരന്മാരുടെ ജീവിതം എന്നും ദാരിദ്ര്യവും ദുഃഖവും നിറഞ്ഞവയാണ്. ഇതു മൂലം,  അനുഷ്ഠാന കലയായ തെയ്യത്തെ ഉപാസിക്കാൻ പുതുതലമുറ വിമുഖത കാട്ടുന്ന വേളയിൽ തെയ്യം കെട്ടിയില്ലേങ്കിൽ കുലം മുടിയും ക്ഷേത്രങ്ങളും കാവുകളും ഈ സമൂഹവും നശിക്കും എന്നുള്ള ബന്ധുക്കളുടെയും സമൂഹത്തിന്റെയും യാചനയ്ക്ക് മുന്നിലും മരണക്കിടക്കയിൽ വെച്ച് അച്ഛന് കൊടുത്ത വാക്ക് പാലിക്കുന്നതിനും വേണ്ടി വിഷ്ണു (നായകൻ) തെയ്യം കെട്ടാൻ തയ്യാറാകുന്നിടത്ത്  "ഉരിയാട്ട് " സംഘർഷഭരിതമായ രീതിയിലേക്ക് സഞ്ചരിക്കുന്നത്.

തന്റെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കുന്നതിന്ന് ക്ഷേത്രവും പരിസരവും പിടിച്ചടക്കാനുള്ള മഞ്ചുനാഥ ഗൗഡ (ഭരതൻ നീലേശ്വരം) എന്ന റിസോർട്ട് മാഫിയ തലവന്റെ  യന്ത്രകൈകളിൽ കിടന്ന് ഞെരിഞ്ഞമ്മർന്ന് നാശോൻമുഖമാവുന്ന നാട്ടിൻ പുറങ്ങൾ. നോവുന്ന മനസ്സുകളുടെ വിളികൾ എന്നും നെഞ്ചിലേറ്റി വാങ്ങിയ പരദേവത  എന്ന വിഷ്ണുമൂർത്തി ദൈവം തെളിച്ച വഴികളിലൂടെ യാത്രയാവുകയാണ് ഒരു നാട്. 
സത്യമാണ് അവരുടെ വേഷം. സ്നേഹമാണ് അവരുടെ ഭാഷ. സഹാനുഭൂതിയാണ് അവരുടെ മതം. ക്ഷേത്രങ്ങളും സംസ്കാരവും പൈതൃകവും എന്നും നിലനിൽക്കേണ്ടത് നാടിന്നാവശ്യമാണ് എന്ന സന്ദേശത്തോടെ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന വ്യത്യസ്തങ്ങളായ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് " ഉരിയാട്ട് ''.

പ്ലേ & പിക്ചർ ക്രിയേഷൻസിൻ്റെ ബാനറിൽ ഭരതൻ നീലേശ്വരം നിർമ്മിച്ച  ഉരിയാട്ട്,നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു കൊണ്ട് കഴിഞ്ഞ 40 വർഷക്കാലമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ കെ.ഭുവനചന്ദ്രൻ  സ്വതന്ത്ര സംവിധാനം നിർവ്വഹിച്ച ചിത്രമാണ്.രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഉരിയാട്ട് എന്ന ചിത്രത്തിന്റെ നായക കഥാപാത്രങ്ങളായി എത്തുന്നത് ശ്രീജിത്ത് രവിയും പുതുമുഖം സന്തോഷ് സരസ് ഉം ആണ്. നായികമാരായി ഐശ്വര്യയും മാളവിക നാരായണനുമാണ്. വോളിവുഡ് താരം  ആഷിഷ് വിദ്യാർത്ഥി, ജയൻ ചേർത്തല, സുനിൽ സുഖദ, കന്നട നടൻ മനോജ് സൂര്യനാരായണൻ, ചെമ്പിൽ അശോകൻ, കോട്ടയം രമേഷ് (അയപ്പനും കോശിയും ഫെയിം), രാജേന്ദ്രൻ തായാട്ട്, ശിവദാസൻ മട്ടന്നൂർ, ഭരതൻ നീലേശ്വരം, ഒ.വി.രമേഷ്, വിശ്വനാഥൻ കൊളപ്രത്ത്, വി.എസ്.നമ്പൂതിരി, ടെൻസി വർഗ്ഗീസ്, അഖിലേഷ് പൈക്ക, ഗണേശൻ കോസുമ്മൽ, ഈശ്വരൻ വാഴക്കോട്, വി.കുഞ്ഞിക്കണ്ണൻ, കെ.വി.കെ.എളേരി, കുഞ്ഞമ്പു പൊതുവാൾ, രാജ് കുമാർ ആലക്കോട്, പ്രിയേഷ് കുമാർ, പ്രമോദ് കെ.റാം, കെ.പ്രകാശൻ. ബാബു വള്ളിത്തോട്, ഷാരങ്ങ്ധരൻ, ഇന്ദിര നായർ, ഭാനുമതി പയ്യന്നൂർ, വത്സല നാരായണൻ, അമ്മിണി ചന്ദ്രാലയം, സുമിത്ര രാജൻ, അശ്വിനി  എന്നിവരാണ് പ്രധാന താരങ്ങൾ.

ഉരിയാട്ട് ന്റെ തിരക്കഥ ഒരുക്കിയത് രമേഷ് പുല്ലാപ്പള്ളിയാണ്. ഷാജി ജേക്കബ്ബ് ക്യാമറയും പി.സി.മോഹൻ എഡിറ്റിങ്ങും നിർവ്വഹിച്ചു. അജിത്ത് സായി, രമേഷ് പുല്ലാപ്പള്ളി എന്നിവരുടെ ഗാനങ്ങൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, സുദർശൻ എന്നിവർ സംഗീതം നൽകി. മധു ബാലകൃഷ്ണൻ, കലേഷ് നാരായണൻ എന്നിവർ ആലപിച്ചു. സുദർശൻ പശ്ചാത്തല സംഗീതം ഒരുക്കി.  വസ്ത്രാലങ്കാരം - കുക്കു ജീവൻ, കല - സി മോൻ വയനാട്, മെയ്ക്കപ്പ് - റോയി പെല്ലിശ്ശേരി, ഫൈറ്റ് - ജി.ശരവണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രദീപ് കടിയങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി.ആർ.ഒ. - എ.എസ്.ദിനേശ്, സ്റ്റിൽസ് - ഷിബു മറാേളി, ഇഫ്ക്ട്  - മുരുകേഷ്, സൗണ്ട് എഞ്ചിനീയർ - നജീബ്, ടൈറ്റിൽ ഡിസൈൻ - മനു ഡാവിൻസി, ഒടിടി പോസ്റ്റർ ഡിസൈൻ സഹീർ റഹ്മാൻ എന്നിവരും നിർവ്വഹിച്ചു.

No comments:

Powered by Blogger.