ജീവിതത്തിൻ്റെ ഇരുണ്ട വഴിയിലേക്ക് ഒറ്റയാൾ പോരാളിയെ പോലെ പന്തുരുട്ടി അവൻ മറഞ്ഞു : പ്രജേഷ്സെൻ.

മാധ്യമം വാർഷികപ്പതിപ്പിന് വേണ്ടി 2009ൽ. Anitha Sathyan അനിത ചേച്ചിയുമായി നടത്തിയ അഭിമുഖത്തിൽ കേട്ട് എഴുതിയത് . 
ഈ എഴുത്തിൽ നിന്നാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ തുടക്കം...

 I wanted to see you for the last time. 
But if I had done so, I would have changed my decision to end my life. 
So forgive me…I am leaving this world. 
The decision is entirely mine.

വീടും മുറ്റവും തുമ്പത്തൊടിയും ഇടവഴികളും ചേരുന്ന ഗ്രാമം മാത്രമായിരുന്നു എന്‍െറ ലോകം. അവിടെ പച്ചിലകളുടെ തണുപ്പില്‍ ജീവിതത്തിന്‍െറ ബാല്യകൗമാരങ്ങള്‍ ഞാന്‍ മിണ്ടിപ്പറഞ്ഞുതീര്‍ത്തു. ആ കാലം കടന്നുപോയപ്പോള്‍ അഗ്രികള്‍ച്ചറല്‍ എന്‍ജീയറിങ് ബിരുദധാരിയായിക്കഴിഞ്ഞു. പിന്നെ വിവാഹാലോചനകളുടെ വരവും തുടങ്ങി. 

അങ്ങനെയാണ് നമ്മുടെ അകന്ന ബന്ധത്തില്‍പെട്ട യുവാവിന്‍െറ വിവാഹാലോചന എനിക്ക് വന്നത്. സത്യനെന്നാണ് പേര്, ഫുട്ബാള്‍ കളിക്കാരനാണത്രെ. എനിക്കറിയില്ലായിരുന്നു രണ്ടും. പാപ്പച്ചനെക്കുറിച്ചും ഷറഫിനെക്കുറിച്ചും കേട്ടിരുന്നു. കാല്‍പന്തുകളിയെന്ന കായികവിനോദത്തെ ദൂരെനിന്ന് കണ്ടിട്ടുമുണ്ട്. പക്ഷേ, അതിനൊപ്പം സത്യനെന്ന കളിക്കാരനോ ഫുട്ബാള്‍ എന്ന വിനോദമോ മനസ്സില്‍ തങ്ങിയിരുന്നില്ല. 

കായികപഠനത്തിന്‍െറ ഭാഗമായി ചില അഭ്യാസങ്ങളൊക്കെ കാണിക്കുമായിരുന്നു. ഒരിക്കല്‍ അത്തരത്തിലൊന്നിന്‍െറ ഭാഗമായി ഞാനൊരു ടേബിള്‍ ടെന്നിസ് ചാമ്പ്യനുമായി. അല്ലാതെ കാല്‍പന്തുരുളുന്ന മൈതാനത്തിലെ ഒന്നും എനിക്ക് നെഞ്ചേറ്റാന്‍ കഴിഞ്ഞിരുന്നില്ല.

ആ കാരണങ്ങള്‍കൊണ്ടുതന്നെ ആലോചന വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചു. ഞാന്‍ ഉറപ്പിച്ചുപറഞ്ഞു, എനിക്കീ കല്യാണം വേണ്ട. വെറുതെ പന്തുകളിച്ചുനടക്കുന്നൊരാളെ കല്യാണം കഴിക്കാനാണോ ബി.ടെക് വരെ പഠിച്ചത്. മനസ്സ് വല്ലാതെ ക്ഷോഭത്തിന്‍െറ വേലിപൊട്ടിച്ചൊഴുകി. പിന്നെ ആ വിഷയം ആരും അവതരിപ്പിച്ചില്ല. അച്ഛന് ആ കല്യാണത്തില്‍ നല്ല താല്‍പര്യമുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി ഒക്കെ മറച്ചുവെച്ചു.

അങ്ങനെ ഞാനെന്‍െറ പഠനവും പതിവു വിനോദങ്ങളും ഒക്കെയായി ജീവിതത്തിന്‍െറ പുതിയ താളം ചിട്ടപ്പെടുത്താന്‍ തുടങ്ങി. ആയിടക്ക് ഒരു ദിവസം മെലിഞ്ഞ് ഉയരമുള്ള ചെറുപ്പക്കാരന്‍ വീട്ടില്‍ വന്നു. ആരോ പറഞ്ഞു. പെണ്ണുകാണാന്‍ വന്നതാണെന്ന്. ആകസ്മികമായിരുന്നു വരവും സംസാരവും. ഞാന്‍ വാതില്‍പ്പുറത്തിനകലെനിന്ന് ചെറുതായൊന്നു നോക്കിയതേയുള്ളൂ. പൗരുഷമുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ പരിചയപ്പെടുത്തി, സത്യന്‍ എന്ന പേരുകേട്ടതും ഞാന്‍ ഉള്‍വലിഞ്ഞു. ആ മനുഷ്യന്‍ എന്തേ വീണ്ടും എന്ന്. അന്ന് ബന്ധുക്കള്‍ മുഖാന്തരം ആലോചിച്ചെങ്കില്‍ ഇപ്പോഴിതാ നേരിട്ടുവന്നിരിക്കുന്നു. വീട്ടുകാരോട് എന്തൊക്കെയോ സംസാരിച്ചു, ഒപ്പം എന്നോടും. ഒന്നും എനിക്കോര്‍മയില്ല. ഓര്‍മകളില്‍ തെളിയാത്ത കുറേ വാക്കുകള്‍, എല്ലാം പറയുന്ന മാത്രയില്‍ തന്നെ മറന്നുപോകുന്ന വരികള്‍. വിസ്മയകരമായിരുന്നു ആ കൂടിക്കാഴ്ച.

അന്ന് പടിയിറങ്ങി ആ രൂപം പുറത്തെ വഴിയിലേക്ക് നടന്നുപോയെങ്കിലും എന്‍െറ ഉള്ളിലെവിടെയോ നേര്‍ത്ത സ്പര്‍ശം ഉണ്ടാക്കിയാണ് നടന്നകന്നത്. പിന്നെ ഞാന്‍ കാല്‍പന്തുകളിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ എന്നെ വീണ്ടും ആ ചെറുപ്പക്കാരന്‍ വിസ്മയിപ്പിച്ചു. പുല്‍പ്പരപ്പിലൂടെ തുകല്‍പ്പന്ത് ഒരു മാന്ത്രികനെപ്പോലെ തട്ടിത്തലോടി കൊണ്ടുപോകുന്ന കാഴ്ച ചിത്രങ്ങളായും കഥകളായും ഞാന്‍ കണ്ടുരസിച്ചു. അറിയാതെ അറിയാതെ ആ പന്തുകളിക്കാരന്‍ എന്‍െറ ഉള്ളില്‍ സ്ഥാനം പിടിച്ചു. അങ്ങനെ കല്യാണം നിശ്ചയിക്കുകയും ചെയ്തു. 

1992 ഏപ്രില്‍ 16ന് വിവാഹം നടത്താന്‍ തീരുമാനിച്ച് ഒരു മാസത്തെ സമയമിട്ട് മാര്‍ച്ചില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. ഞാന്‍ കോയമ്പത്തൂരില്‍ എം.ടെക്കിന് പഠിക്കുകയായിരുന്നു അന്ന്. അച്ഛനും അവിടെയായിരുന്നു ജോലി. ആ സമയത്താണ് സന്തോഷ്ട്രോഫി മല്‍സരം നടക്കുന്നത്. അന്ന് കേരള ടീമിന്‍െറ നായകനായിരുന്നു അദ്ദേഹം. സെമിഫൈനല്‍ ബംഗാളുമായിട്ടായിരുന്നു. ജീവന്മരണ പോരാട്ടമാണ് അന്നത്തെ കളി. 

ബംഗാളിന്‍െറ പ്രഹരശേഷിക്കു മുന്നില്‍ പകച്ച് തകര്‍ന്നുവീണുപോകുമോ കേരളത്തിന്‍െറ ടീം എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. കാരണം, അന്ന് ബംഗാള്‍ ഫുട്ബാളിലെ വന്‍ ശക്തിയായിരുന്നെന്ന് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. സെമിഫൈനല്‍ കളി ഗാലറിയിലിരുന്ന് കാണണമെന്ന് അച്ഛന് വലിയ ആശയായിരുന്നു. ഭാവി മരുമകന്‍െറ പോരാട്ടം കാണാന്‍ അച്ഛന്‍ ഉറപ്പിച്ചു. എനിക്ക് തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ അച്ഛനൊപ്പം പോയി. വലിയ ആരവമായിരുന്നു ആ മൈതാനം മുഴുവന്‍. സത്യന്‍ എന്ന ഫുട്ബാളര്‍ വെറുമൊരു കളിക്കാരന്‍ മാത്രമല്ളെന്ന് ഗാലറിയിലിരുന്ന നൂറുകണക്കിന് കാഴ്ചക്കാര്‍ എന്നെ ബോധ്യപ്പെടുത്തി. ടി.വിയിലൂടെ എപ്പോഴെങ്കിലും മാത്രമാണ് ഫുട്ബാള്‍ കണ്ടിട്ടുള്ളത്. പക്ഷേ, ഇതാദ്യമായി നേരിട്ട് ആയിരക്കണക്കിന് കാഴ്ചക്കാരുടെ ഇടയില്‍ ഫുട്ബാള്‍ പ്രേമികളുടെ നടുവില്‍ കാഴ്ചക്കാരിയായി ഇരിക്കുന്നു. 

വല്ലാത്തൊരു അനുഭവമായിരുന്നു. കാഴ്ചക്കാരിയെന്നതിലപ്പുറം മല്‍സരിക്കുന്ന രണ്ടു ശക്തികളില്‍ ഒന്നിന്‍െറ നായകന്‍െറ സ്വന്തം പെണ്ണെന്ന അഭിമാനബോധവും കാഴ്ചയെ കൂടുതല്‍ ശക്തിപ്പെടുത്തി.
വിസില്‍ മുഴങ്ങി കളിക്കളത്തില്‍ കറുപ്പും വെളുപ്പും വട്ടപ്പടങ്ങള്‍ തുന്നിച്ചേര്‍ത്ത പന്ത് മൈതാനത്തില്‍ ഉരുളാന്‍ തുടങ്ങി. കാറ്റിന്‍െറ വേഗത്തില്‍ പന്തിനൊപ്പം പായുന്ന ബംഗാളിന്‍െറ കടുവകള്‍ക്കു മുന്നില്‍ വലിയൊരു പര്‍വതത്തിന്‍െറ പ്രതിരോധശക്തിപോലെ കൊടുങ്കാറ്റായി ആഞ്ഞടുക്കുന്ന സത്യന്‍ എനിക്ക് വലിയ വിസ്മയമാണ് സമ്മാനിച്ചത്. എതിരാളിയുടെ ഗോള്‍മുനയിലേക്ക് പ്രതിരോധിക്കാന്‍ കഴിയാത്തവിധം പന്തുരുട്ടിയ സത്യന്‍ അന്ന് ബംഗാളിനെ മുട്ടുകുത്തിച്ചു. ഒരുപക്ഷേ, ഫൈനല്‍ ജയിച്ചാലും കിട്ടാത്ത സന്തോഷമായിരുന്നു ടീമിന്‍െറയും സത്യന്‍െറയും മുഖത്ത്. അതിനുശേഷം കളികാണാന്‍ പോകുന്നത് വലിയ താല്‍പര്യമായി മാറി. അച്ഛന്‍ വിളിക്കാതെതന്നെ ഗാലറിയില്‍  ഞാന്‍ ഇടംപിടിച്ചുതുടങ്ങി. ഫൈനലില്‍ കേരള ടീം ജയിക്കണമെന്ന വാശി എങ്ങനെയോ എന്‍െറയുള്ളില്‍ ഉടലെടുത്തു.

ഫുട്ബാളിന്‍െറ കാര്യത്തില്‍ ബംഗാള്‍ ഒരു വലിയ ശക്തിയായിരുന്നെന്ന സത്യം സെമിഫൈനല്‍ കഴിഞ്ഞപ്പോള്‍ കളിക്കളവും കാണികളും എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ടുതന്നെ ഫൈനലില്‍ കേരളം ജയിക്കാന്‍ വേണ്ടി ഒരുപാട് വട്ടം പ്രാര്‍ഥിച്ചു. അദ്ദേഹം ക്യാപ്റ്റന്‍ ആയതുകൊണ്ടല്ല. മറിച്ച് കേരളത്തിന്‍െറ ഫുട്ബാള്‍ ലഹരി നേരില്‍കണ്ട് തിരിച്ചറിഞ്ഞതുകൊണ്ട് ആ പ്രാര്‍ഥന വളരെ ആത്മാര്‍ഥതയുള്ളതായിരുന്നു. 

കളികാണാന്‍ പോകുംമുമ്പ് ഞാനൊരു സമ്മാനമുണ്ടാക്കി. അച്ഛന്‍ സമ്മാനിച്ച ബ്ളൗസ് പീസ് മുറിച്ചെടുത്ത് തുന്നിക്കൂട്ടിയ മൊമെന്‍േറാ. അതില്‍ ചില വാചകങ്ങള്‍ എഴുതിച്ചേര്‍ത്തു. ഹൃദയത്തില്‍നിന്ന് സ്നേഹപൂര്‍വം ഒഴുകിയത്തെിയ ചില വാക്കുകളും വരികളും വരച്ചും എഴുതിയും ആ തുണിക്കഷണത്തെ മൊമെന്‍േറാ ആക്കിമാറ്റി. പ്രാര്‍ഥനയുടെ ഉള്ളില്‍ ആ സമ്മാനം ഒളിപ്പിച്ചുവെച്ചാണ് സ്റ്റേഡിയത്തില്‍ കടന്നത്.
നീണ്ട വിസില്‍ മുഴങ്ങിയ മുതല്‍ കളി ജയിക്കുമെന്ന് മനസ്സുപറഞ്ഞു. 

പക്ഷേ, മൈതാനത്തില്‍ പന്ത് ഉരുണ്ടുതുടങ്ങിയപ്പോള്‍ നെഞ്ചിടിപ്പ് ഉയര്‍ന്നു. അവിടെയൊരു കൊടുങ്കാറ്റിന്‍െറ ശക്തിയില്‍ കേരളം സത്യനു പിന്നാലെ പായുന്നതുകണ്ടു. കളിയുടെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ എന്‍െറയുള്‍പ്പെടെ മലയാളികളുടെ പ്രാര്‍ഥന സഫലമാവുകയായിരുന്നു. വിജയകിരീടം ചൂടിയ സത്യന് കൊടുക്കാന്‍ കൊണ്ടുവന്ന മൊമെന്‍േറാ ഞാന്‍ ഒളിച്ചുവെച്ചു. ഇത്രയേറെ ആളുകള്‍ ആഹ്ളാദിച്ച് അനുമോദിക്കുമ്പോള്‍ തുണിയില്‍ തുന്നിയ ചെറുസമ്മാനം ആ കഴിവിനെ അപമാനിക്കലാവുമോ. ആശങ്ക മനസ്സില്‍ തീപടര്‍ത്തി. അങ്ങനെ കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. ആശിച്ച് തുന്നിയ ആ സ്വപ്നത്തൂവാല ഗ്രൗണ്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ അച്ഛനെന്നെ ഉന്തിത്തള്ളി വിട്ടു.

പടികളിറങ്ങി ആവേശത്തിന്‍െറ അലയൊലികളില്‍ നുരഞ്ഞുപൊങ്ങിയ സ്റ്റേഡിയത്തിലേക്ക് ഓടിയടുത്തു. എന്‍െറ ജീവിതത്തിലെ നായകനാകാന്‍ പോകുന്ന മനുഷ്യന്‍െറ വിയര്‍പ്പ് കഴിഞ്ഞ നിമിഷം വരെ ഇറ്റൂര്‍ന്നുവീണ ആ പുല്‍പ്പരപ്പിലൂടെ ഓടിച്ചെന്ന് ഞാന്‍ തുന്നിയ സമ്മാനം കൈമാറി. ഒരുവേള വലിയ എന്തോ പുരസ്കാരം കിട്ടിയപോലെ എന്നെ തരിച്ചുനിന്ന് നോക്കി. ആ നോട്ടത്തില്‍ ഞാന്‍ മഞ്ഞുപോലെ ഉരുകിപ്പോയി. പിന്നെ നില്‍ക്കാന്‍ ധൈര്യമുണ്ടായില്ല. ഓടിമറഞ്ഞു പിന്നാമ്പുറത്തേക്ക്.
മടങ്ങിയത്തെി പഴയ ഗാലറിപ്പടിയിലെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ നോക്കിയെങ്കിലും പത്രക്കാര്‍ അനുവദിച്ചില്ല. അവരെന്നെ വിളിച്ച് വീണ്ടും ഗ്രൗണ്ടിലിറക്കി. വേഗത്തില്‍ ചെന്ന് സമ്മാനം കൊടുത്ത് മടങ്ങിയതിനാല്‍ അവര്‍ക്ക് ഫോട്ടോയെടുക്കാന്‍ കഴിഞ്ഞില്ളെന്നു പറഞ്ഞു. അങ്ങനെ ഞാന്‍ വീണ്ടും ആ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിനടന്നു. എല്ലാ കണ്ണുകളും എനിക്കുമേല്‍ പതിയുകയായിരുന്നു. ഗോവക്കെതിരായ യുദ്ധം ചെയ്ത് വിജയിച്ച പോരാട്ടക്കാരുടെ പടത്തലവനെപ്പോലെ അദ്ദേഹം അവിടെനിന്നു. ആ പോരാളിയുടെ വധുവായി  ഞാന്‍ അഭിമാനത്തോടെ അരികില്‍നിന്നു. ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. കാമറകള്‍ നമുക്കു ചുറ്റും വേലികെട്ടിനിന്നു. പിറ്റേദിവസത്തെ പത്രങ്ങള്‍ സന്തോഷ്ട്രോഫി വിജയത്തിനൊപ്പം ടീം ക്യാപ്റ്റന്‍െറയും പ്രതിശ്രുത വധുവിന്‍െറയും ഫോട്ടോ പ്രസിദ്ധീകരിച്ചു. പലരും ഞങ്ങളുടേത് പ്രണയവിവാഹമാണെന്നും എഴുതിപ്പിടിപ്പിച്ചു. അങ്ങനെ ഞാന്‍ പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ടു. ആ വാര്‍ത്തകള്‍ എല്ലാം നമ്മള്‍ ഒരുമിച്ചിരുന്ന് വായിച്ചുതീര്‍ത്തപ്പോള്‍ അദ്ദേഹമെന്നോട് ചോദിച്ചു, ആ തുവാലയില്‍ നീ എഴുതിയ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോയെന്ന്. വന്നുകഴിഞ്ഞല്ളോ പോയകാലത്തെ കഷ്ടപ്പാടുകളുടെ വില എന്ന് ഞാന്‍ ഓര്‍ത്തെടുത്തു. ഞങ്ങളെത്രമാത്രം കഷ്ടപ്പെട്ടുവെന്ന് നീയെങ്ങനെ തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹത്തിന്‍െറ അടുത്ത ചോദ്യം. ഒക്കെ പഴയ ജന്മത്തിലെ ഓര്‍മകളാണെന്ന് ഞാന്‍ പറഞ്ഞു. ആ മൊമെന്‍േറാ അദ്ദേഹം സൂക്ഷിച്ചുവെച്ചു. മരണംവരെ വലിയൊരു നിധിപോലെ അത് കാത്തുസൂക്ഷിച്ചു.

വിവാഹം 
വലിയൊരു സമ്മാനം
വലിയ ആനന്ദം നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹജീവിതം. എന്നെ ഒരുപാടിഷ്ടമായിരുന്നു അദ്ദേഹത്തിന്. കൊച്ചുകുഞ്ഞിനെയെന്നപോലെ കെയര്‍ ചെയ്യുമായിരുന്നു. പലപ്പോഴും സ്വപ്നങ്ങളില്‍ കൊതിച്ചുപോയിട്ടുള്ള അത്രയും ഇഷ്ടമുള്ളൊരാള്‍. തിരക്കുകള്‍ക്കിടയിലും എന്‍െറ കാര്യത്തില്‍ വലിയ ശ്രദ്ധയായിരുന്നു. അങ്ങനെ മധുവിധുകാലം ഞാന്‍ ശരിക്കും ഉല്ലാസത്തിലായിരുന്നു. പിന്നെപ്പിന്നെ മല്‍സരങ്ങള്‍ക്ക് തുടരെ പോകേണ്ടിവന്നപ്പോള്‍ ഞാന്‍ എം.ടെക്കിന് പഠനം പൂര്‍ത്തിയാക്കാനായി കോയമ്പത്തൂരേക്ക് പോയി. ആ കാലത്തുതന്നെ അദ്ദേഹത്തിന് കല്‍ക്കത്തയില്‍ കളിക്കാന്‍ അവസരം കിട്ടി. അങ്ങനെ പൊലീസ് ടീമില്‍നിന്ന് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷിച്ച് ബംഗാളിലേക്ക് പോയി. ഫുട്ബാളിന്‍െറ കാര്യം പറയുന്ന വേളകളിലൊക്കെയും ബംഗാളിനെക്കുറിച്ചാണ് അദ്ദേഹം പറയുക. ബംഗാള്‍ ഇന്ത്യന്‍ ഫുട്ബാളിന്‍െറ യഥാര്‍ഥ തട്ടകമാണെന്നാണ് വാദിക്കുന്നത്. അതുകൊണ്ടാണ് അവിടെ കളിക്കാന്‍ കിട്ടിയ അവസരം മുതലെടുത്ത് പോകാന്‍ തീരുമാനിച്ചത്. കളിയെ കൂടുതല്‍ അറിയാനും കളിക്കാരെന്ന നിലയില്‍ നന്നായി ഉയരാനും ബംഗാളിലെ കളിക്കളം സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന്‍െറ ചിറകിലേറി ബംഗാള്‍മുറ്റത്തേക്ക് കാല്‍പന്തുമായി പറന്നിറങ്ങി.

കല്‍ക്കത്തയിലെ ജീവിതം അദ്ദേഹത്തെ വല്ലാതെ ഏകാന്തതയിലാക്കിയിരുന്നു. എല്ലാ ദിവസവും എനിക്ക് കത്തെഴുതും. ആ കത്തുകളില്‍  ആ മനസ്സിലെ സങ്കടങ്ങളുടെ ഉപ്പുകലര്‍ന്നിരുന്നു. ഓരോ വാക്കുകളിലും ഒറ്റപ്പെടലും ഏകാന്തതയുടെ തേങ്ങലുമുണ്ടായിരുന്നു. എനിക്ക് വയ്യ ഈ ഇരുണ്ട ജീവിതത്തിന്... മതിവരുന്നു നീയില്ലാത്ത നാളുകളില്‍ ജീവിക്കാന്‍... എന്‍െറ ജീവിതത്തിലെ എല്ലാ താളങ്ങളും ചിതറിപ്പോകുന്നു. എനിക്കു ചുറ്റും മൗനം നിലയുറപ്പിക്കുന്നു... അങ്ങനെ സത്യന്‍െറ വാക്കുകളില്‍ പ്രണയത്തിന്‍െറ, വിരഹത്തിന്‍െറ കണ്ണീരു പതിച്ചുവെച്ചിരുന്നു. 
ആ കത്തുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി എനിക്കുള്ളില്‍ വേദനയായി പെയ്തമര്‍ന്നു. 

പിന്നെ വൈകാതെ കല്‍ക്കത്തക്ക് വണ്ടികയറാന്‍ തീരുമാനിച്ചു. കഷ്ടിച്ച് ഏതാനും മാസംകൂടി ചെലവിട്ടാല്‍ തിസീസ് പൂര്‍ത്തിയാക്കി നല്‍കാമായിരുന്നു. പാടുപെട്ട് പഠിച്ച എം.ടെക് നേടാമായിരുന്നു. പക്ഷേ, അവിടെ എന്‍െറ പഠനമോ കരിയറോ എനിക്കു മുന്നില്‍ പ്രകാശിച്ചുനിന്നില്ല. ഒക്കെ ഒരു വെളിച്ചം മാത്രം. സത്യനെന്ന എക്കാലത്തെയും മികച്ച ഫുട്ബാളര്‍ക്ക് മനസ്സില്‍ പിഴവുകള്‍ വരുന്നത് ലോകം സഹിക്കില്ല. ആ നെഞ്ചിലെ ഏകാന്തതയുടെ നീറ്റല്‍ മാറ്റാന്‍ ഞാന്‍ തന്നെയുണ്ടാവണം.ആലോചനകളും വിവേകപരമായ തീരുമാനങ്ങളും ഒന്നിനും ഉപകരിക്കില്ല. അപ്പോഴെനിക്ക് വിലപ്പെട്ടത് ആ മനുഷ്യന്‍െറ കരിയറും ജീവിതവുമായിരുന്നു. കല്‍ക്കത്തയില്‍ തിളങ്ങിനില്‍ക്കുന്ന ഫുട്ബാള്‍ നക്ഷത്രമായിരുന്നു അദ്ദേഹം. ആ മനുഷ്യന്‍െറ കരിയര്‍ താഴ്ന്നുപോകാന്‍ ഞാന്‍ കാരണമാകരുതെന്ന് ആഗ്രഹിച്ചു.
ഞാന്‍ കൂടെയുണ്ടെങ്കില്‍ എല്ലാത്തിനും വലിയ ഉല്‍സാഹമാണെന്നും ഇല്ലാത്തപ്പോള്‍ വലിയ വിഷമമാണെന്നും പറഞ്ഞിരുന്നു. ആ പറച്ചിലില്‍ വല്ലാത്ത ആത്മാര്‍ഥതയുണ്ടായിരുന്നു. പിന്നെ പ്രതിഷേധങ്ങളെ കോയമ്പത്തൂരില്‍ ഉപേക്ഷിച്ച് കല്‍ക്കത്തയെന്ന ഫുട്ബാള്‍ പൂക്കുന്ന മണ്ണിലേക്ക് യാത്രതിരിച്ചു.

എന്‍െറ വരവ് വലിയ സന്തോഷമാണ് ആ ജീവിതത്തിന് സമ്മാനിച്ചത്. ഒഴിവുസമയങ്ങളില്‍ മുറിയില്‍ ഒറ്റക്കിരുന്ന് ഡയറിക്കുറിപ്പുകളും കത്തും എഴുതി വിഷാദരോഗിയെപ്പോലെ ജീവിച്ച അദ്ദേഹം വളരെ ആഹ്ളാദവാനായിരുന്നു. കളിയും പ്രാക്ടീസുമായും പോകുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ എനിക്കൊരു കമ്പനിയില്‍ ജോലിയും തരപ്പെടുത്തിത്തന്നു.
വിഷമങ്ങളും സങ്കടങ്ങളും ആരോടും പറയാത്ത പ്രകൃതമായിരുന്നു. ഒക്കെ ഉള്ളില്‍ ഒളിപ്പിച്ചുവെക്കും. നീറിനീറി ജീവിക്കും. മുഖമൊന്നു വാടുമ്പോള്‍ കണ്ണുകളില്‍ അസ്വസ്ഥതയുടെ മാറാല കെട്ടുമ്പോള്‍ ഞാനത് തിരിച്ചറിയും. പിന്നെ ആശ്വാസവാക്കുകള്‍ പറഞ്ഞ് ആ സങ്കടപ്പനി നെഞ്ചേറ്റിയെടുക്കും. ഒക്കെ ആ വലിയ മനുഷ്യന്‍ തകര്‍ന്നുവീഴാതിരിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കു മുന്നിലും തളരാതിരിക്കാന്‍ സ്നേഹത്തിന്‍െറ വലിയ മതില്‍ പണിതുകെട്ടി. ആ മതില്‍ക്കെട്ടിനുള്ളില്‍നിന്ന് ഒത്തിരി ഒത്തിരി ഉയരത്തിലേക്ക് ആ സ്വപ്നതാരം പറന്നുകളിച്ചു.
കളിക്കളത്തില്‍ വലിയൊരു നായകനായിരുന്നു. എതിര്‍ടീമുകളുടെ നെഞ്ചിലെ നോവുന്ന പേടി. പക്ഷേ, ജീവിതത്തില്‍ ആ ധൈര്യം ഓരോ നിമിഷവും ചോര്‍ന്നുപോകുന്നത് കല്‍ക്കത്തയില്‍ വീട്ടില്‍ ഞാന്‍ കണ്ടു. 

ഓരോ ദിവസവും ഓരോ മണിക്കൂറുകളും കൊഴിഞ്ഞുവീഴുമ്പോള്‍ കളിക്കളത്തില്‍ ധീരനായകന്‍ ഭീതിയുടെ മൂടുപടമണിഞ്ഞിരിക്കുന്നത് ഞാന്‍ കാണാന്‍ തുടങ്ങി. അന്ന് വിജയനൊക്കെ ഞങ്ങളുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. വിജയനെയും സത്യനെയും കോച്ച് എല്ലാ ദിവസവും കടപ്പുറത്ത് കൊണ്ടുപോയി പരിശീലിപ്പിക്കുമായിരുന്നു. സ്റ്റാമിന വര്‍ധിപ്പിക്കാനുള്ള പരിശീലനമായിരുന്നു നല്‍കിയത്. ടീമിലെ മറ്റുള്ളവരെ ഒഴിവാക്കി മലയാളിതാരങ്ങളെ ഇത്രമാത്രം സ്നേഹത്തോടെ പരിശീലിപ്പിക്കുന്നതുകണ്ട് പലര്‍ക്കും നൈമുദ്ദീനോട് അസൂയതോന്നിയിരുന്നു. 
ഓരോ ദിവസവും കോച്ചിങ് കഴിഞ്ഞ് വരുമ്പോള്‍ വാടിക്കരിഞ്ഞ ഇലകള്‍പോലെയാണ് അവര്‍ മടങ്ങിയത്തെിയിരുന്നത്. സ്റ്റാമിന വര്‍ധിപ്പിക്കാന്‍ ചെയ്യിക്കുന്ന വ്യായാമമുറകളില്‍ അവര്‍ തളര്‍ന്നുപോകുന്നത് ഞാന്‍ കണ്ടു. ഈ പരിശീലനത്തിനുപിന്നില്‍ അവരെ നന്നാക്കണമെന്ന ഉദ്ദേശ്യം ഇല്ളെന്ന് എനിക്ക് തോന്നി. ഒരുവേള ഞാനക്കാര്യം സത്യനോട് പറയുകയും ചെയ്തു. പക്ഷേ, അദ്ദേഹം എന്നെ വിരട്ടിയതല്ലാതെ കാര്യം ഗൗരവമായി എടുത്തില്ല.

കോച്ചിങ് നാള്‍ക്കുനാള്‍ നീണ്ടുപോയി. ശാരീരികമായി അദ്ദേഹം അവശനായി. കാലുവേദന വളരെയധികം കഷ്ടത്തിലാക്കി. ഓരോ രാത്രിയിലും കരഞ്ഞു തളര്‍ന്നാണ് ആ മനുഷ്യന്‍ ഉറങ്ങിയത്.
അങ്ങനെ ഒരു നാള്‍ കോച്ചിന്‍െറ നിര്‍ദേശപ്രകാരം തന്നെ കല്യാണ്‍ മുഖര്‍ജി എന്ന ഡോക്ടറെ കാണാന്‍ പോയി. ഒരു ഡോക്ടര്‍ എന്നതിലപ്പുറം ഡോക്ടറുടെ വേഷം കെട്ടിയ ചെകുത്താനെപ്പോലെ എനിക്കുതോന്നി. അയാള്‍ പറഞ്ഞു സത്യന് ഇനി ഒരിക്കലും കളിക്കാനാവില്ല. ഇനി കളിച്ചാല്‍ കാലുകള്‍ തളരും. ശരീരം കളിക്കാന്‍ പ്രാപ്തമല്ല. ഇനിയുള്ള കാലം വിശ്രമിക്കുക. അല്ളെങ്കില്‍ വലിയ ആപത്തുവരും എന്നും അയാള്‍ പറഞ്ഞു. ആ വാക്കുകള്‍ പ്രതീക്ഷിച്ചിരുന്നപോലെയാണ് കോച്ചിന്‍െറ മുഖഭാവം. അയാളും അതിനെ അനുകൂലിച്ചു. സത്യന്‍ ആകെ തളര്‍ന്ന് അവശനായിപ്പോയി. കളിക്കളത്തിന്‍െറ പുല്‍പ്പരപ്പില്‍ ബൂട്സ് അണിഞ്ഞ് കാല്‍പ്പന്തിന് പിറകേ ഓടാന്‍ കഴിയാത്ത സത്യന്‍ ജീവിച്ചിരിക്കുന്നതില്‍പോലും അര്‍ഥമില്ളെന്ന് സ്വയം തോന്നിപ്പിച്ചു. സന്തോഷ്ട്രോഫി അടുത്ത സമയമായിരുന്നു. 

ഒരുവേള സങ്കടം അണപൊട്ടിയപ്പോള്‍ അത് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. അന്ന് ഞാനാ സങ്കടത്തെ നെഞ്ചോട് ചേര്‍ത്തു കിടത്തി. വീണ്ടും ജഴ്സി അണിയണമെന്നും കളിക്കളത്തിലെ ആ വീരനായകനെ കാണണമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, കളിക്കാനിറങ്ങാനുള്ള മാനസികാവസ്ഥയില്ലായിരുന്നു. ഓരോ ദിവസവും പകലും രാത്രിയും ഞാനാചെവിയില്‍ ആത്മവിശ്വാസത്തിന്‍െറ സ്നേഹവാക്കുകള്‍ കുത്തിനിറച്ചു. 
ഒടുവില്‍ നിരാശയുടെ മൂടുപടം അഴിച്ചുവെച്ച് കളിക്കളത്തിലിറങ്ങി. അവിടെ കാലുകള്‍ക്ക് ചലനമറ്റ് വീണുപോയാലും ആയുസ്സു മുഴുവന്‍ കാലായും കരളായും ഞാന്‍ ഉണര്‍ന്നിരിക്കാമെന്ന വാക്ക് ഓരോ മല്‍സരത്തിനുമുമ്പും പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ആ ആത്മവിശ്വാസവും ധൈര്യവും അദ്ദേഹത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല. വലിയ ആവേശമാണ് പിന്നെ കളിക്കളത്തില്‍ കണ്ടത്. പണ്ടൊരിക്കല്‍ ഞങ്ങളുടെ കല്യാണത്തിനൊക്കെ മുമ്പ് കളിക്കളത്തില്‍വെച്ച് സത്യന്‍െറ കാലൊടിഞ്ഞു. ആ കാലും വെച്ച് കണ്ണൂരില്‍നിന്ന് തിരുവനന്തപുരംവരെ പോയി. 

ആരോടും പറയാതെ ആശുപത്രിയില്‍ അഡ്മിറ്റായി ഓപറേഷന്‍ ചെയ്തു. കാലില്‍ സ്റ്റീല്‍ കമ്പി ഇട്ടു. പിന്നെ അവശത മാറിയപ്പോള്‍ വീട്ടില്‍ വിളിച്ചറിയിച്ചു. അത്രമാത്രം ധൈര്യമായിരുന്നു. ശരീരത്തില്‍ എത്ര കഠിനവേദനയും ഏല്‍ക്കില്ല. മനസ്സ് അത്രമേല്‍ ബലിഷ്ഠമായിരുന്നു. പക്ഷേ, കല്‍ക്കത്താകാലത്ത് ആ ബലം കുറഞ്ഞുവന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പലതും വേദനിപ്പിക്കുന്നതായിരുന്നു. അങ്ങനെ ഒരു വര്‍ഷത്തെ കല്‍ക്കത്താ ജീവിതം വേദനയും സങ്കടവുമൊക്കെ നുള്ളിയുരുട്ടി ജീവിച്ച് തീര്‍ത്ത് വീണ്ടും  മലയാളത്തിലേക്ക് മടങ്ങിവന്നു. ഒന്നും സമ്പാദിച്ചില്ല, പക്ഷേ, ഇന്ത്യ അറിയപ്പെടുന്ന ഫുട്ബാളറുടെ ജീവിതത്തിന്‍െറ രണ്ട് ഘട്ടങ്ങള്‍ എന്‍െറ മുന്നില്‍ ജനിച്ചു മരിക്കുന്നത് കാണാന്‍ കഴിഞ്ഞു. ഫുട്ബാളിനെ ഇഷ്ടപ്പെടുന്നവരുടെ നാട്ടില്‍ ആയിരങ്ങളുടെ ഹൃദയത്തില്‍ സുവര്‍ണ മുദ്രപതിപ്പിച്ചാണ് സത്യന്‍െറ മടക്കം. പലതവണ അവര്‍ മടക്കിവിളിച്ചു. പക്ഷേ, തിരികെ വരേണ്ടത് നിലനില്‍പിന്‍െറ സമരത്തിന്‍െറ കൂടി ഭാഗമായതിനാല്‍ ഞങ്ങള്‍ വന്നു. സ്വന്തം നാട്ടിലേക്ക്. പ്രശ്നങ്ങള്‍ കൊണ്ട് സങ്കീര്‍ണമായ ജീവിതമായിരുന്നു പിന്നെ ഞങ്ങളെ കാത്തിരുന്നത്.

പ്രതീക്ഷയുടെ മടക്കം;
നിരാശയുടെയും
കേരളത്തിലേക്ക് മടങ്ങിയത് ഏറെ പ്രതീക്ഷകളോടെയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പറഞ്ഞു, ഇനി ബംഗാളിലേക്ക് പോകരുതെന്ന്. 'അവിടെ പോയാല്‍ എനിക്കും ഭാര്യക്കും ജോലികിട്ടും ഞങ്ങള്‍ക്ക് സുഖമായി ജീവക്കാം' എന്നായിരുന്നു സത്യന്‍ അദ്ദേഹത്തോട് പറഞ്ഞത്. അദ്ദേഹം അത് സമ്മതിച്ചു. പക്ഷേ, എനിക്ക് ജോലികിട്ടിയില്ല എന്നതിനപ്പുറം സത്യന്‍െറ ജോലിതന്നെ പോകുന്ന അവസ്ഥയായിരുന്നു. പഴയതുപോലെയുള്ള സ്വാതന്ത്ര്യം ഇല്ലാതായി. ബംഗാളില്‍ പോയതുസംബന്ധിച്ച നിരന്തര അന്വേഷണവും ശാസനകളും കളിക്കളത്തില്‍നിന്ന് മാറ്റി ഡ്യൂട്ടിക്ക് നിയോഗിച്ചു തുടങ്ങി. അങ്ങനെ സത്യന്‍ വല്ലാതെ മാനസികമായി തളര്‍ന്നു. പൊലീസില്‍ നില്‍ക്കാനുള്ള ഒരു സാഹചര്യവും ഇല്ലാതായി. ബംഗാളിലെ സുവര്‍ണാവസരങ്ങള്‍ കളഞ്ഞിട്ട് വന്നത് വലിയ മണ്ടത്തമായി തോന്നി. ഓരോ ദിവസവും പൊലീസ് കുപ്പായം അദ്ദേഹത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു. 

കളിക്കളത്തിലെ പുല്‍പ്പരപ്പും ജഴ്സിയും തുകല്‍പ്പന്തുമെല്ലാം ആ മനുഷ്യനില്‍നിന്ന് പിടിച്ചുവാങ്ങിയതുപോലെ തോന്നി. എല്ലാ ആയുധങ്ങളും ഒരിടര്‍ച്ചയോടെ നഷ്ടപ്പെട്ടവന്‍െറ വേദനയില്‍ ശൂന്യമായ മനസ്സുമായി കൊച്ചു കുഞ്ഞിനെപ്പോലെ സത്യന്‍ നിന്നു.

ആരും ആ വേദന കണ്ടില്ല. ആ മനസ്സിനുള്ളിലെ സങ്കടങ്ങളുടെ പെരുമഴ ആര്‍ക്കുമുന്നിലും പരസ്യപ്പെടുത്തിയില്ല. ഒക്കെ ഇടനെഞ്ചില്‍ കെട്ടിയൊതുക്കി തേങ്ങിത്തേങ്ങി നടന്നു. 
അങ്ങനെയാണ് ഇന്ത്യന്‍ ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ലഭിക്കുന്നത്. പൊലീസിലെ സാഹചര്യം മനസ്സുമടുപ്പിച്ചിരുന്ന കാലമായതിനാല്‍ എന്നോടുപോലും പറയാതെ ഇന്ത്യന്‍ ബാങ്കില്‍ കളിക്കാരന്‍െറ വേഷമിട്ട അസി. മാനേജരായി ജോയിന്‍ ചെയ്തു. 

വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് നല്ലകാലം വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഞാന്‍ മോളെ പ്രസവിച്ച് നാട്ടിലായിരുന്നു. അപ്പോള്‍ ചെന്നൈക്ക് കൊണ്ടുപോകാനായില്ല. പിന്നെ സാവധാനം ഞങ്ങളും ചെന്നൈക്ക് പറിച്ചുനടപ്പെട്ടു. അവിടെ സന്തോഷകരമായിരുന്നു ജീവിതം. മോള്‍ വളര്‍ന്നുവന്നു. ഒപ്പം ഞങ്ങളുടെ ജീവിത സാഹചര്യങ്ങളും. ചെന്നൈ നഗരത്തിന്‍െറ തിരക്കുകളും ഇഴുകിചേര്‍ന്നു.
ടീമിന്‍െറ സെലക്ഷനും കോച്ചിങ്ങുമൊക്കെ സത്യന്‍െറ ചുമതലകളില്‍ മാത്രമായി. ഇന്ത്യന്‍ ബാങ്ക് മികച്ച ടീമായി ഉയരുകയും ചെയ്തുകൊണ്ടിരുന്നു. 

നാള്‍ക്കുനാള്‍ ആ ഉയര്‍ച്ച പലരുടെയും കണ്ണില്‍ അസൂയയുടെ തിമിരം കെട്ടിച്ചു. അവര്‍ ഒളിഞ്ഞും തെളിഞ്ഞും സത്യനുമേല്‍ ആക്രമണങ്ങള്‍ തുടങ്ങി. അക്കൂട്ടത്തില്‍ ഒരു സ്പോര്‍ട്സ് സെക്രട്ടറിയുണ്ടായിരുന്നു. അദ്ദേഹം സത്യനെ വളരെ പരസ്യമായി തന്നെ ഉപദ്രവിച്ചവരുടെ കൂട്ടത്തിലാണ്. കളിക്കാരുടെ പ്രൈസ്മണി യഥാസമയം വിതരണം ചെയ്യാത്തതിനും പ്രതിഫലം നല്‍കാത്തതിനുമൊക്കെ കോച്ചെന്ന നിലയില്‍ സത്യന്‍ അദ്ദേഹത്തോട് പലതവണ കയര്‍ത്തു സംസാരിച്ചിരുന്നു. അതെല്ലാം സത്യനെതിരായുള്ള ആയുധങ്ങളാക്കി അയാള്‍ ഉപയോഗിച്ചു. അത്തരം സംഭവങ്ങള്‍ വലിയ മുറിവായി മനസ്സില്‍ ഉണ്ടായി. പിന്നെ പതിയെ പതിയെ സങ്കടങ്ങളുടെ പട്ടികയില്‍ രോഗങ്ങള്‍ വന്നുചേരാന്‍ തുടങ്ങി. തൈറോയിഡിന്‍െറ പ്രശ്നം ആദ്യം തുടങ്ങി. അതോടെ മാനസികമായി വല്ലാതെ തളര്‍ന്നു. പിന്നെ കാല്‍വേദന രൂക്ഷമായി. 

കാലില്‍ ചെറിയ പ്രായത്തിലിട്ട സ്റ്റീല്‍റോഡ് മാറ്റാത്തതിന്‍െറ അസ്വസ്ഥതകള്‍ ഒപ്പമത്തെി. നടുവേദന കലശലായപ്പോള്‍ ഗ്രൗണ്ടില്‍ നില്‍ക്കാന്‍ പോലും കഴിയാതായി. ശരീരത്തിന്‍െറ പലയിടങ്ങളില്‍നിന്നായി വേദന സൂചിമുനകൊണ്ട് കുത്താന്‍ തുടങ്ങിയപ്പോള്‍ സത്യന്‍ നന്നേ തളര്‍ന്നുപോയി. വീര്യത്തോടെ മൈതാനത്തില്‍ പറന്നുകളിച്ചിരുന്ന ആ ബലിഷ്ഠമായ കാലുകള്‍ കൊച്ചു കുഞ്ഞിന്‍േറതുപോലെ ദുര്‍ബലമായി. ഇതിഹാസമെന്നൊക്കെ പത്രങ്ങള്‍ വിളിച്ചുപറഞ്ഞ കാല്‍പന്തുകളിക്കാരന്‍ മനോബലം നഷ്ടപ്പെട്ട ഒരാളായി മാറുന്നതുപോലെ എനിക്ക് തോന്നി.

ക്രമരഹിതമായി വേദനാസംഹാരികള്‍ കഴിക്കേണ്ടിവന്നു. ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്ന് കഴിക്കുന്ന അവസ്ഥയുണ്ടായി. വിഷാദം നിറഞ്ഞ ജീവിതം മാത്രമാണ് ഓരോ ദിനവും നമുക്കിടയില്‍ ഉണ്ടായത്. ആ വിഷാദകാലം പിന്നെ പിന്നെ ജീവിതത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. 

2002ലെ ലോകകപ്പ് കാലം. ഒരു മാസക്കാലം ഉറക്കമില്ലാതെ കഴിഞ്ഞു. അവിടത്തെ ടി.വി ചാനലിനുവേണ്ടി കളി വിശകലനം ചെയ്യാന്‍ പോകുമായിരുന്നു. ആ മല്‍സരക്കാലം കഴിഞ്ഞപ്പോള്‍ തൈറോയ്ഡിന്‍െറ അസുഖം വളരെ കൂടി. ഒരു പക്ഷേ, നിയന്ത്രിക്കാവുന്നതിലുമപ്പുറം. ആശുപത്രിക്കാലത്തിന്‍െറ തുടക്കമായിരുന്നു അത്. സമ്പാദ്യം മുഴുവന്‍ ആശുപത്രിയിലേക്കും മരുന്നുകടയിലേക്കും ഒഴുകിത്തുടങ്ങി. മരുന്നിന്‍െറ മണം മാത്രമുള്ള ജീവിതമായിരുന്നു പിന്നെയുള്ള കാലം. 
സാമ്പത്തിക അടിത്തറ തകര്‍ന്നു. ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടിലിരിക്കുന്ന അവസ്ഥ. ഒപ്പം ഒരുവശത്തുനിന്ന് മനോവിഷമത്തിന്‍െറ പേരുപറഞ്ഞുള്ള കുടി. മദ്യപാനം ഇഷ്ടമല്ലാത്ത ആളായിരുന്നു. പക്ഷേ, മദ്യം വല്ലാത്ത ലഹരിപോലെ ആ ശരീരത്തെ കീഴ്പ്പെടുത്തുന്നത് ഞാന്‍ കണ്ടുനിന്നു. മുറിയിലെ ഇരുട്ട് പരന്ന ഇടങ്ങളിലും അടുക്കളയിലും എന്‍െറ പ്രതിഷേധത്തിന്‍െറ കണ്ണീര്‍ത്തുള്ളികള്‍ വീണുടഞ്ഞു. 

 സങ്കടകാലം തൊഴില്‍ പ്രശ്നങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും ഇടയില്‍ നട്ടംതിരിഞ്ഞു. സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞു. ആത്മഹത്യയെക്കുറിച്ച് നിരാശയോടെ പലതവണ പറഞ്ഞു. അപ്പോഴെല്ലാം ഞാന്‍ സാന്ത്വനപ്പെടുത്തി. കല്‍ക്കത്തയിലേക്ക് ചെല്ലാന്‍ അവര്‍ ക്ഷണിച്ചിരുന്നു. അവിടേക്ക് പോയി വെറും ഒരു കോച്ചായി ജീവിച്ചാല്‍ മതി എല്ലാ പ്രശ്നങ്ങളും മാറും. കളിക്കളത്തിലിറങ്ങി ഓടേണ്ട ഭാവനമാത്രം മതി. സത്യന്‍െറ ബുദ്ധിയും പ്ളാനിങ്ങും മതി ഞങ്ങള്‍ക്ക് എന്നായിരുന്നു കല്‍ക്കത്ത പറഞ്ഞിരുന്നത്. ആ സ്നേഹക്ഷണം സ്വീകരിക്കാതെ ചെന്നൈയില്‍ തന്നെ ജീവിതം വലിച്ചുകെട്ടി.

അവസാനത്തെ 
വിസില്‍
ചെന്നൈ ദിനങ്ങളില്‍ വരണ്ട കാലമായിരുന്നു പിന്നെ. ഓരോ ദിനത്തിലും സത്യന്‍ എന്ന ഫുട്ബാളര്‍ ജീവിതത്തിന്‍െറ നിരാശ കലര്‍ന്ന വഴികളിലേക്ക് പന്തുരുട്ടിപ്പായുന്നത് ഞാന്‍ കണ്ടുനിന്നു. ഉന്മാദത്തിന്‍െറ വഴിയില്‍ മദ്യം പലപ്പോഴും ആ മനുഷ്യന്‍െറ വേദനയില്‍ ഇടം പിടിച്ചു. എല്ലാം മറക്കണമെന്ന് നിരാശയോടെ പറയുമ്പോള്‍ ജീവിതത്തിലെ എല്ലാ ഗെയിമുകളിലും പരാജയപ്പെട്ടവന്‍െറ ഇടറിയ ശബ്ദമാണ് ഞാന്‍ കേട്ടത്. 2006ലെ ലോകകപ്പ് ദിനങ്ങളില്‍ വീണ്ടും സത്യന്‍െറ ഉറക്കമില്ലാത്ത മണിക്കൂറുകള്‍ കടന്നുവന്നു. അര്‍ധരാത്രിയിലെ കളികള്‍ കാണാന്‍ ടി.വിക്കുമുന്നില്‍ പായവിരിച്ചു കിടക്കുമായിരുന്നു. കളിപ്രായത്തില്‍ ഓടിനടക്കുന്ന കൊച്ചുകുട്ടിയെപ്പോലെ പിണങ്ങിയും ഇണങ്ങിയുമാണ് ആ ലോക ഫുട്ബാള്‍ മാമാങ്കം കണ്ടുതീര്‍ത്തത്.

മല്‍സരക്കാലത്ത് ഒരു രാത്രി, ക്ഷീണംകാരണം നന്നായി ഉറങ്ങുകയായിരുന്നു. എത്ര വലിയ പ്രശ്നമാണെങ്കിലും കളികാണാന്‍ കണ്ണുറങ്ങാതെ കാത്തിരിക്കുമായിരുന്നു. അന്നുപക്ഷേ, ആ ഉറക്കം കണ്ടപ്പോള്‍ ഉണര്‍ത്താന്‍ തോന്നിയില്ല. മരുന്നുഭക്ഷണം മാത്രം കഴിക്കുന്ന കാലം, വേദന മാറി ഉറക്കം അനുഗ്രഹിക്കണമേയെന്ന് മുഴുവന്‍ സമയവും പറയുമായിരുന്നു.
അതുകൊണ്ടുതന്നെ തളര്‍ന്നുറങ്ങുന്ന മുഖം ഉണര്‍ത്താന്‍ മനസ്സുവന്നില്ല. വഴക്കുപറയുന്നെങ്കില്‍ പറയട്ടെ, കേള്‍ക്കാം എന്നു കരുതി ഞാനാ മയക്കത്തിന് വീണ്ടും കാവലിരുന്നു.

നേരം പുലര്‍ന്നപ്പോള്‍ സാധാരണ രീതിയില്‍ ഉറക്കമുണര്‍ന്നു. പിന്നെ നിമിഷങ്ങള്‍ മാറിയപ്പോള്‍ ആ മുഖവും മാറിവന്നു. കളികാണാന്‍ കഴിയാത്തതിന്‍െറ കോപം മുഖത്ത് ചുവന്നുതടിച്ചിരുന്നു. ഞാന്‍ കുറ്റവാളിയെപ്പോലെ മുന്നില്‍ ചെന്നുനിന്നു. ഉറക്കം കണ്ടിട്ട് ഉണര്‍ത്താന്‍ തോന്നിയില്ളെന്നു പറഞ്ഞു. ആ കളി കണ്ടിട്ടില്ളെങ്കില്‍ ഫുട്ബാളറായി ജീവിക്കുന്നതില്‍ അര്‍ഥമില്ളെന്ന് എന്നോടുപറഞ്ഞു. അത് വെറും പറച്ചിലല്ലായിരുന്നു. ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍െറ നായകനായിരുന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു കളിക്കാരന്‍െറ ഹൃദയത്തില്‍ തൊട്ട വാക്കായിരുന്നു. 

ആ മനുഷ്യന്‍െറ മനസ്സും ശരീരവും ദുര്‍ബലമായി വരുന്നത് ഓരോ മണിക്കൂറിലും വേദനയോടെ കണ്ടുകൊണ്ടിരുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് അന്ന് അത്തരമൊരു തീരുമാനമെടുത്തത്. പക്ഷേ, അദ്ദേഹത്തിനത് വലിയ ആഘാതമായെന്ന് അറിഞ്ഞ നിമിഷം ഞാന്‍ തകര്‍ന്നുപോയി.
ആ ലോകകപ്പ് കഴിയുവോളം ഉറക്കമൊഴിയല്‍ തുടര്‍ന്നു. ഇടവേളയില്‍ ചുവപ്പുകാര്‍ഡ് കാട്ടി തുരത്തിവിട്ട രോഗങ്ങള്‍ വീണ്ടും കളത്തിലിറങ്ങി. മാനസിക പിരിമുറുക്കത്തിനൊപ്പം വിഷാദവും തൈറോയിഡ് വീക്കവും പിന്നെ കാലിന്‍െറയും നടുവിന്‍െറയും വേദനയും ഉയര്‍ന്നുയര്‍ന്ന് വന്നു. എല്ലാ പ്രഭാതങ്ങളിലും തളര്‍ന്നുകിടക്കുന്ന രോഗിയെപ്പോലെയാണ് ഉണര്‍ന്നുവന്നത്. 

തീരെ അലസതയും ദേഷ്യവും പിന്നെ കുട്ടികളുടേത് പോലുള്ള സങ്കടവും സത്യനെന്ന വ്യക്തിയില്‍ മാറിമാറി പ്രതിഫലിച്ചുതുടങ്ങി. ദിവസങ്ങള്‍ കഴിയുംതോറും അദ്ദേഹത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്തു.

2006 ജൂലൈ 14ന് രാത്രി എന്നോട് പറഞ്ഞു 'ഞാന്‍ നാട്ടില്‍ ഒന്നുപോയി വരാം. അമ്മയെ കാണണം!' എന്നൊക്കെ. അപ്പോള്‍ ഞാനോര്‍ത്തു, അതുനല്ല ആശയമാണെന്ന്. കാരണം, ജോലിക്ക് പോകാതെ മുറിയില്‍ അടച്ചിരുന്ന് കഴിച്ചുകൂട്ടുന്ന ദിവസങ്ങളില്‍ എനിക്ക് വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടില്‍ പോയാല്‍ മനഃസമാധാനത്തോടെ കുറച്ചു ദിവസം അദ്ദേഹത്തിന് കഴിയാം. പിന്നെ വീടും അമ്മയുടെ സാമീപ്യവുമെല്ലാം മനോനിലയില്‍ മാറ്റം വരുത്തും. വിഷമങ്ങളൊക്കെ മാറും. ഞാന്‍ സമ്മതം മൂളി. മോളും ഞാനും സമ്മതിച്ചപ്പോള്‍ പോകാന്‍ തന്നെ തയാറായി. പക്ഷേ, പോകാന്‍ വേണ്ട പണം ഉണ്ടായിരുന്നില്ല. സാമ്പത്തികമായി ഞങ്ങള്‍ നെല്ലിപ്പലക കണ്ട സമയമായിരുന്നു. ഒടുവില്‍ ഞാനെന്‍െറ മോതിരം ഊരിനല്‍കി. കുറച്ചുനേരം എന്നെ നോക്കിനിന്നു. ആ കണ്ണുകള്‍ക്ക് പിന്നില്‍ സ്നേഹത്തിന്‍െറ കണ്ണീര്‍ കട്ടപിടിച്ചുനില്‍ക്കുന്നതായി  തോന്നി. എന്‍െറ ശിരസ്സില്‍ തൊട്ടുപറഞ്ഞു: 'നീയെനിക്ക് ദൈവംപോലെയാണ്'. പെട്ടെന്ന് ഞാന്‍ ആ ചുണ്ടുകളെ തടഞ്ഞു: ഞാന്‍ ദൈവമായാല്‍ നിങ്ങള്‍ പൂജാരിയായിപ്പോകില്ളേ. അതെനിക്ക് വേണ്ട എന്‍െറ ദൈവം നിങ്ങള്‍ തന്നെയാണ്. പിന്നെ മൗനം നമുക്കിടയില്‍ വലിയ സങ്കടമായി മാറിനിന്നു. ഒരുവേള കരച്ചില്‍ അലതല്ലിയത്തെി.

രാവിലെ ബാഗുമെടുത്ത് യാത്ര പറഞ്ഞിറങ്ങി. പോകും മുമ്പേ എന്നോട് പറഞ്ഞു. 'ഞാന്‍ വ്യാഴാഴ്ച മടങ്ങിയത്തെും'. ഞാന്‍ അപ്പോള്‍ തന്നെ കളിയാക്കി ശനിയാഴ്ച നാട്ടിലേക്ക് പോകുന്നയാള്‍ വ്യാഴാഴ്ച തന്നെ എങ്ങനെ എത്തും. ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകുമെന്ന് കരുതിയാണ് അങ്ങനെയൊക്കെ പറഞ്ഞത്. 
വൈകാതെ സ്കൂട്ടറും എടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി. പോകും മുമ്പ് എന്നെയും മോളെയും ഒന്ന് നോക്കി. ഒരു തിരിഞ്ഞുനോട്ടം. വല്ലാതെ അസ്വസ്ഥമായിരുന്നു ആ കണ്ണുകള്‍. കുറച്ചു ദിവസം ഞങ്ങളെ പിരിഞ്ഞിരിക്കുന്നതിലുള്ള സങ്കടമാണ് ആ കണ്ണുകളിലെന്ന് ഞാന്‍ കരുതി. 

പക്ഷേ, ജീവിതാവസാനം വരെ ഓര്‍ക്കാന്‍ വേണ്ടിയായിരുന്നു ആ നോട്ടമെന്ന് തിരിച്ചറിയാനായില്ല. 
നാട്ടിലേക്ക് മടങ്ങിയതിനാല്‍ എനിക്ക് വലിയ ടെന്‍ഷന്‍ ഉണ്ടായില്ല. വീട്ടിലത്തെി കേരളത്തിലെ സൗഹൃദങ്ങളിലൊക്കെ കൂടി നടന്നാല്‍ വേഗം മനസ്സില്‍ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ ആശ്വസിച്ചു. പക്ഷേ, പുറപ്പെട്ടയാള്‍ പിന്നെ വിളിച്ചില്ല. വിളികാത്ത് ഞാന്‍ ഫോണിന്‍െറ ചുവട്ടില്‍ കാവലിരുന്നു. മകള്‍ക്കൊപ്പം സ്കൂളില്‍ പോയില്ല.
പിറ്റേന്ന് വൈകിപ്പോലും വിളി വരാഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത പേടി തുടങ്ങി. ഞാന്‍ അക്കാര്യം ഒപ്പമുണ്ടായവരോടൊക്കെ പറഞ്ഞു. അമ്മയെ വിളിച്ചു. നാട്ടില്‍ എത്തിയിട്ടില്ല. എനിക്ക് ശരീരം വിറക്കുന്നതുപോലെ തോന്നി. 

ഞായറാഴ്ച രാത്രി ഇരുന്ന് വെളുപ്പിച്ചു. ഉറങ്ങാന്‍ കഴിയുന്നില്ല. എവിടെപ്പോയാലും വിളിക്കുന്ന പ്രകൃതമാണ്. എത്ര അകലെപ്പോയാലും എന്നെ വിളിച്ച് സംസാരിക്കും. അല്ലാതെ ഒരു നിമിഷവും ജീവിക്കാന്‍ കഴിയില്ല. അതെനിക്കറിയാം. ഒരു പക്ഷേ, ആ തിരിച്ചറിവായിരിക്കണം എന്നെ കൂടുതല്‍ തളര്‍ത്തിയത്.
പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍െറ വഴി തേടി ഇറങ്ങി. പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോയി നോക്കി. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ പോയി. 

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ മുഴുവന്‍ നോക്കി. അതിലെവിടെയെങ്കിലും ആ സ്കൂട്ടര്‍ ഉണ്ടോയെന്ന് കണ്ണുകള്‍ പരതി. പിന്നെ ചെന്നൈ നഗരത്തിന്‍െറ മുക്കിലും മൂലയിലും ഞാനൊറ്റക്ക് നടന്നു. പൊലീസില്‍ പരാതിപ്പെടുകയോ എന്തെങ്കിലും ഒൗദ്യോഗിക അന്വേഷണം നടത്തുകയോ ചെയ്താല്‍ മടങ്ങിവരുമ്പോള്‍ എന്നെ വഴക്കുപറയും. ആ പേടി ഉള്ളിലൊതുക്കി നടന്നു തിരഞ്ഞു. അവശയായപ്പോള്‍ വീട്ടിലത്തെി.

വൈകുന്നേരത്ത് അടുത്ത വീട്ടിലെ ഒരാള്‍ എന്നെ വിളിച്ചു. സത്യന്‍ വിളിച്ചിരുന്നു, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല. വേഗം വരാന്‍ പറയൂ. അല്ളെങ്കില്‍ ഇവിടേക്ക് ഒന്ന് വിളിക്കാന്‍ പറയൂ എന്നു പറയണം. പറയാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ അയാളെയും വിളിച്ചിട്ടില്ല. ഞാനാകെ തകര്‍ന്ന അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. മാനസികമായി പല പ്രശ്നങ്ങളും അലട്ടിയതല്ലാതെ കുടുംബത്തില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

ആ രാത്രിയും ഞാന്‍ ഉറങ്ങിയില്ല. ഉറക്കം എന്നെ വിട്ട് യാത്രയായിക്കഴിഞ്ഞിരുന്നു. പിറ്റേ പ്രഭാതത്തിലും എന്‍െറ ഭീതി ഇരട്ടിച്ചതല്ലാതെ കുറഞ്ഞില്ല. ആരെയൊക്കെയോ വിളിച്ചു. എവിടെയൊക്കെയോ തിരഞ്ഞു. ഒരിടത്തും ഉത്തരം കിട്ടിയില്ല. അതിനിടയില്‍ കുട്ടികള്‍ കളിക്കുന്ന കളിക്കളത്തില്‍ചെന്ന് പെനാല്‍റ്റി കിക്ക് എങ്ങനെയൊന്നൊക്കെ പഠിപ്പിച്ചുകൊടുത്തതായി സ്കൂളിലെ ടീച്ചര്‍മാര്‍ പറഞ്ഞു. 

പിന്നെ തിങ്കളാഴ്ച പകല്‍ ഞാന്‍ അദ്ദേഹത്തെ തിരഞ്ഞുപോയപ്പോള്‍ വീട്ടില്‍ വന്നിരുന്നു. പുറത്തുനിന്നതല്ലാതെ കയറിയില്ല. ആ പരിസരത്ത് വന്നുനിന്നശേഷം പോയി എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. അക്കാര്യം ആശ്വാസമായി തോന്നിയെങ്കിലും മനസ്സിന്‍െറ വേവലാതിയടങ്ങിയില്ല.
ഉച്ച കഴിഞ്ഞപ്പോള്‍ ആരോ വന്നു പറഞ്ഞു, ചെന്നൈ പല്ലവാരം സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ എന്‍െറ ജീവന്‍െറ പാതി മരണമായി കിടക്കുന്നെന്ന്. അലമുറയിട്ട് കരയാന്‍ തോന്നിയില്ല. അതിനുമുമ്പേ ശരീരം മനസ്സിനെ തളര്‍ത്തിയുറക്കി.

'ഞാന്‍ ജീവിച്ചിരിക്കും വരെ നിന്നെയെനിക്ക് ഉപേക്ഷിച്ചുപോകാനാവില്ല. എന്‍െറ ശരീരത്തില്‍ ജീവന്‍ ഉള്ളിടത്തോളം കാലം ഞാന്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകും' ഒരിക്കല്‍ എനിക്കെഴുതിയ ഡയറിക്കുറിപ്പില്‍ ഇങ്ങനെ കുറിച്ചുവെച്ചിരുന്നു. ആ കുറിപ്പിലെ ആശയം അപ്പോഴെനിക്ക് ബോധ്യമായി.

മരണം, വിലാപം,
ഒറ്റപ്പെടല്‍
പല്ലവാരം റെയില്‍വേസ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ സാധാരണ യാത്രക്കാരനെപ്പോലെ പത്രം വായിച്ചിരുന്ന ചെറുപ്പക്കാരന്‍. 11.30ന് പതിയെ പതിയെ പാളത്തിലേക്ക് നിരങ്ങിയത്തെിയ തീവണ്ടിക്ക് മുന്നിലേക്ക് കളിക്കളത്തിലെ വിസിലിനൊപ്പം ഓടിപ്പായുന്ന വേഗത്തില്‍ എടുത്തുചാടി അവസാനിപ്പിച്ച ആ ജീവിതം എനിക്കും മോള്‍ക്കും സമ്മാനിച്ചത് വലിയ ശൂന്യതയായിരുന്നു. ആരവം ഒഴിഞ്ഞ ഒരു കളിക്കളം പോലെ വീട് ഉറങ്ങിയുറങ്ങി ജീവിച്ചു. 

മരണത്തിന്‍െറയും സംസ്കാര ചടങ്ങുകളുടെയും തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ തീര്‍ത്തും ഞങ്ങള്‍ ഒറ്റപ്പെട്ടതുപോലെയായി. മുറിയില്‍ ചുമരുകളില്‍ ആ വീടിന്‍െറ മുക്കിലും മൂലയിലും തങ്ങിനില്‍ക്കുന്ന വായുവില്‍ ആ സ്നേഹത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. രാത്രികളില്‍ ഞാനും മോളും  അവശേഷിക്കുമ്പോള്‍ ഇരുളില്‍ ഞങ്ങളാ സാന്നിധ്യം തിരിച്ചറിയുമായിരുന്നു.
നെഞ്ചില്‍ വേദനയുടെ നീറുന്ന ഓര്‍മകള്‍ കുത്തിനിറച്ച് കാലത്തിന്‍െറ കണക്കുകൂട്ടലുകള്‍ കാത്തിരിക്കാതെ പോയ ആ പോക്ക് മായ്ച്ചുകളയാനാകാത്ത പൊള്ളുന്ന നോവാണ് ഇന്നും മനസ്സില്‍. കളിയെ ഇത്രയേറെ സ്നേഹിച്ചൊരാള്‍ കളിക്കളത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ മനസ്സിനു താങ്ങാവാന്‍ എനിക്ക് കഴിഞ്ഞു. 

പക്ഷേ, ഞങ്ങള്‍ കൂടി ആ മനസ്സില്‍ വേദനയാണെന്നറിഞ്ഞപ്പോള്‍ സങ്കടം വന്നു. കളിയും കളിക്കളവും കൈവിട്ടുപോയി എന്ന തോന്നല്‍. സഹായത്തിനായി കൈനീട്ടിയപ്പോള്‍ പുറം തിരിഞ്ഞുനിന്ന സൗഹൃദങ്ങള്‍. പിന്നെ വേദന കാര്‍ന്നുതിന്നുന്ന ശരീരം ഒക്കെയാ മനുഷ്യനെ മരണത്തെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. 

പക്ഷേ, എന്നെ ഒന്നു വിളിച്ചെങ്കില്‍ ഒരു വാക്ക് മിണ്ടിയെങ്കില്‍ ഇന്നും ഈ പൂമുഖത്ത് ആ ചിരി ജീവനോടെ ഇരുന്നേനെ. അത് നന്നായിട്ടറിയാവുന്നതിനാല്‍ എന്നെ വിളിച്ചില്ല. വിളിച്ചാല്‍ മനസ്സ് മാറും എന്ന തോന്നല്‍ ഉള്ളതിനാല്‍ വിളിച്ചില്ല. 'നിന്നോട് സംസാരിച്ചാല്‍ തീര്‍ച്ചയായും എന്‍െറ മനസ്സ് മാറും. അതാണ് വിളിക്കാതിരുന്നത്' ആത്മഹത്യാ കുറിപ്പിലെ അവസാനത്തെ വാചകം ഇതായിരുന്നു. അത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു. എന്നിട്ടും ഒറ്റ ലോങ് വിസില്‍ മുഴക്കി ഓടിമറഞ്ഞ ജീവിതത്തിൻ്റെ  ഇരുണ്ട വഴിയിലേക്ക് ഒറ്റയാള്‍ പോരാളിയെപ്പോലെ പന്തുരുട്ടി മറഞ്ഞു.

പ്രജേഷ്സെൻ .

( സംവിധായകൻ) 

No comments:

Powered by Blogger.