" സർബത്തിന് " ഒരു വയസ്.

'സർബത്തിന് '1 വയസ്, സംവിധായകൻ സൂരജ് ടോം എഴുതുന്നു.            

ഇന്ന് ജൂൺ 5. സർബത്ത് എന്ന ഞങ്ങളുടെ ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാകുന്നു. വളരെ വലിയ സ്വീകാര്യതയായിരുന്നു എല്ലാവരും ഞങ്ങൾക്ക് നൽകിയത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്കും സർബത്ത് ഒരുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. എല്ലാ ഭാഷകളിലും വലിയ തോതിലുള്ള സെലിബ്രിറ്റി സപ്പോർട്ടോട് കൂടി റിലീസ് ചെയ്ത കേവലം അഞ്ച് മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ ചെറുചിത്രം ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് വളരെ പെട്ടെന്ന് എത്തിപ്പെടുകയുണ്ടായി. നേരിട്ടു വിളിച്ചഭിപ്രായമറിയിച്ചും, മെസ്സേജുകളയച്ചും, ഷെയർ ചെയ്തുമൊക്കെ ഭാഷാഭേദമെന്യേ പ്രമുഖരടക്കം നിരവധി ആളുകൾ അന്ന് സർബത്ത് ഏറ്റെടുത്തു. അതിനും പുറമേ പിന്നീടുള്ള നാളുകളിൽ നിരവധി പുരസ്കാരങ്ങളും സർബത്തിനെ തേടിയെത്തി. ഒരു ഷോർട്ട് ഫിലിമിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളായ് ഇവയെയെല്ലാം ഞാൻ കാണുന്നു.ഒന്നാം ലോക്ക് ഡൗണിൻ്റെ പരിമിതിയിൽ നിന്നു കൊണ്ടാണ് അന്ന് ഞങ്ങൾ സർബത്ത് ഒരുക്കിയത്. 

നന്ദിയോടെ ഓർക്കുവാൻ ഏറെപ്പേരുണ്ട്. ആദ്യമായ് ഓർക്കേണ്ടത് ഈ ആശയം എന്നോട് പങ്കു വച്ച സുഹൃത്തും, സർബത്തിൻ്റെ രചയിതാവുമായ വിവേക് മോഹനെയാണ്. ഒരുമിച്ച് ധാരാളം പരസ്യചിത്രങ്ങൾ ഒരുക്കിയ ബന്ധമുണ്ട് ഞങ്ങൾക്കിടയിൽ. പിന്നെ, ശബ്ദം കൊണ്ടും രൂപം കൊണ്ടും സർബത്തിൽ നിറഞ്ഞു നിന്ന ഞങ്ങളുടെ നടൻ, പ്രിയപ്പെട്ട ബാദുക്ക, നിർമ്മാണത്തിൽ എൻ്റെയൊപ്പം പങ്കാളിയായ ടീം മീഡിയ പ്രൊഡക്ഷൻസ് സാരഥി സാഗർ അയ്യപ്പൻ. സാഗർ തന്നെയായിരുന്നു ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവ്വഹിച്ചത്. വളരെ മനോഹരമായി സൗണ്ട് ഡിസൈൻ ചെയ്ത മനോജ് മാത്യു, ഹൃദയത്തിൽ തട്ടുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ് മധുസൂദനൻ, എഡിറ്റർ രാജേഷ് കോടോത്ത്, അസോസിയേറ്റ് ഡയറക്ടറായ് തോളോട് തോൾ ചേർന്ന് നിന്ന രതീഷ് എസ്, കലാസംവിധാനം ഒരുക്കിയ അഖിൽ കുമ്പിടി, സിനി സ്പേസ് ഗിരീഷ് കൊടുങ്ങല്ലൂർ, പിന്നെ വിവിധ ഭാഷകളിൽ ശബ്ദം നൽകിയവർ, പോസ്റ്റർ ഒരുക്കിയ പാസിയോ അഡ്വർടൈസിംഗിലെ മിഥുൻ മുരളീധരൻ, മറ്റെല്ലാ ക്രൂ മെംമ്പേർഴ്സ്, മീഡിയ, സെലിബ്രിറ്റീസ്,      പി.ആർ.ഒ വർക്ക് ചെയ്ത പി. ആർ. സുമേരൻ, നിങ്ങളോരോരുത്തരും അങ്ങനെ ഒരുപാട് ഒരുപാട് പേർ....

പിന്നെ, സർബത്തിൻ്റെ ഇത്രയും വലിയൊരു ലോഞ്ചിങ്ങിന് കളമൊരുക്കിയ മലയാളത്തിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്ഷൻ കൺട്രോളറും, നിർമ്മാതാവുമായ ബാദുക്കയ്ക്കും, ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനിലെ എൻ്റെ പ്രിയപ്പെട്ട സുഹൃത്തും, ഫിലിം മേക്കറുമായ സ്ലീബച്ചേട്ടനും നന്ദി... നന്ദി... നന്ദി. ഒരായിരം നന്ദി.

No comments:

Powered by Blogger.