പ്രിയ മേക്കപ്പ്മാൻ ജയചന്ദ്രൻ ചേട്ടൻ വിടവാങ്ങി. എന്റെ മുഖത്ത് ആദ്യമായി ചായം പുരട്ടിയ കലാകാരൻ : കൈലാഷ്.

പ്രിയ മേക്കപ്പ് മാന്‍ ജയചന്ദ്രന്‍ ചേട്ടന്‍ വിടവാങ്ങി..  

എന്റെ മുഖത്ത് ആദ്യമായി ചായം പുരട്ടിയ കലാകാരന്‍.  പാലക്കാട് ആലത്തൂരിലുള്ള ഒരു അമ്പലത്തിനു മുമ്പിലെ " പാർ‍ത്ഥന്‍ കണ്ട പരലോകം"ലൊക്കേഷന്‍.  ജയറാമേട്ടനും,ജഗതിച്ചേട്ടനും തുടങ്ങി വലിയൊരു താരനിരഅവിടെയുണ്ടായിരുന്നു. ആദ്യമായി അഭിനയിക്കാനെത്തിയ എന്നെസഹസംവിധായകന്‍ മേക്കപ്പ് മാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

" ഇതാ കല്യാണച്ചെക്കന്‍ " എന്നൊരു നിര്‍ദ്ദേശവും കൊടുത്തു.  മുന്നിലെ കസേര ചൂണ്ടി " മക്കള് വാ ഇരിക്ക് " എന്ന് ജയചന്ദ്രന്‍ ചേട്ടന്‍പറഞ്ഞു.
" ആദ്യമായി 
അഭിനയിക്കുവാ ഇല്യോ.. ദൈവം അനുഗ്രഹിക്കട്ടെ " എന്നു പറഞ്ഞ് എന്റെ നെറ്റിയില്‍ അദ്ദേഹം ചായം തൊട്ടപ്പോള്‍ ഞാന്‍ അറിയാതെ കണ്ണടച്ചുപോയി.
ആദ്യമായി ചായത്തിന്റെ മണം ഞാന്‍ അനുഭവിച്ചു.  ജയേട്ടന്റെ  നെറ്റിയിലെ ചന്ദനത്തിന്റെ ഗന്ധം അതിനു കൂട്ടായി.  പിന്നീട് പല സിനിമകളും ഞാൻ ജയേട്ടന് മുന്നിലിരിക്കാൻ സാഹചര്യമൊരുക്കി. അദ്ദേഹം മേക്കപ്പ് പെട്ടി തുറന്നു തന്നെ വെച്ചിരുന്നു. എന്റെ ആദ്യ മേക്കപ്പ്കഥകൾ  സംസാരങ്ങളായി.
ഇപ്പോള്‍, അത് ഓര്‍മ്മകള്‍മാത്രമാവുന്നു.

ആത്മീയതയുടെ കാരുണ്യതീര്‍ത്ഥം ചൊരിഞ്ഞ എന്റെ നാട്ടുകാരനായ  ക്രിസോസ്റ്റം തിരുമേനി..

മുഖ്യധാരാസിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്..

ഒരു കാലത്ത് പത്രവാര്‍ത്തകളിലൂടെ ഞാനറിഞ്ഞുതുടങ്ങിയ വിപ്ലവതാരം ഗൗരിയമ്മ.. 

എഴുത്തിന്റെയും അഭിനയത്തിന്റെയും മറ്റൊരു പരിവേഷമായ മാടമ്പ് കുഞ്ഞുകുട്ടന്‍... 

സ്വയം കൂട്ടിലടയ്ക്കാന്‍ വിധിക്കപ്പെട്ട ഈ വേളയില്‍, ഓര്‍മ്മകള്‍ മാത്രം കൂട്ട്..  ഇന്നലെ എന്റെ ഇളയ മകളുടെ പിറന്നാളായിരുന്നു. ഇന്ന് അവളുടെ അമ്മയുടെയും.  പ്രിയമുള്ളവരുടെ പരലോകവാര്‍ത്തകള്‍ തുടരെത്തുടരെ വരുമ്പോള്‍ സ്വകാര്യസന്തോഷങ്ങള്‍ക്ക് എന്തു പ്രസക്തി..?

വിടവാങ്ങലുകളുടെയും വ്യാധികളുടെയും വ്യാപനകാലത്തിലൂടെ കടന്നുപോകുമ്പോൾ ചോദിക്കാതിരിക്കാനാവുന്നില്ല; 

കാലമേ.. ഇതെന്തൊരു കോലം?

കൈലാഷ് 
( നടൻ)

No comments:

Powered by Blogger.