പ്രിയപ്പെട്ട ഡെന്നീസ് ജോസഫ് സാറിന് കണ്ണീരോടെ വിട .... ജി. മാർത്താണ്ഡൻ .

ഡെന്നീസ്ജോസഫ്‌ സർ🙏🙏
'ജോണി ജോണി യെസ് അപ്പാ' എന്ന സിനിമ കഴിഞ്ഞ സമയത്താണ് ജസ്റ്റിൻ എന്നൊരാൾ എന്നോടൊരു കഥ പറയാൻ വന്നത്. 

കേട്ടപ്പോൾ വലിയ കുഴപ്പമില്ലെന്നു തോന്നി. ഡെന്നീസ് ജോസഫ് സാറിനോട് ഈ കഥ പറഞ്ഞപ്പോൾ ആരാണ് സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും, ജസ്റ്റിൻ എന്റെ പേരു പറഞ്ഞെന്നും പറഞ്ഞു. അദ്ദേഹം തിരക്കഥയെഴുതാമെന്നു സമ്മതിച്ചതുകൊണ്ടാണ് എന്നെ കാണാൻ വന്നതെന്നും ജസ്റ്റിൻ പറഞ്ഞു. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.അദ്ദേഹത്തെപ്പോലെയൊരു വലിയ മനുഷ്യന്റെ തിരക്കഥയിൽ സിനിമ ചെയ്യുന്നത് വളരെ വലിയൊരു ഭാഗ്യമാണല്ലോ. അങ്ങനെ ഞാനും ജസ്റ്റിനും കൂടി അദ്ദേഹത്തെ കാണാനായി ഏറ്റുമാനൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പല പരിപാടികൾക്കിടയിലും കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനോ പരിചയപ്പെടാനോ അതുവരെ കഴിഞ്ഞിരുന്നില്ല. 

ഒരു സംവിധായകനായ ശേഷം ആ വലിയ മനുഷ്യനെ കാണാനായി പോയ ആ യാത്രയിലുടനീളം ന്യൂഡൽഹിയും സംഘവും രാജാവിന്റെ മകനും പോലെ പ്രേക്ഷക മനസ്സുകളെ ആഴത്തിൽ സ്പർശിച്ച സിനിമകൾക്ക് പേന പിടിച്ച ആ വലിയ മനുഷ്യനെക്കുറിച്ചും, അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന സ്വപ്ന സാക്ഷാത്കാരത്തെക്കുറിച്ചുമൊക്കെ ഞാൻ ജസ്റ്റിനോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. 
അത്രമേൽ സന്തോഷത്തോടെയും ആവേശത്തോടെയുമായിരുന്നു ഞങ്ങളുടെ യാത്ര. അങ്ങനെ ഞങ്ങൾ ഡെന്നീസ് സാറിന്റെ വീട്ടിലെത്തി. അദ്ദേഹം എഴുതാനിരിക്കാറുള്ള ഔട്ട്‌ഹൗസിൽ നിന്ന് പുറത്തേക്കു വന്ന ആ ഹിറ്റ്‌മേക്കറുടെ എളിമ കണ്ട് സത്യത്തിൽ അതിശയിച്ചു പോയി. അത്ര വലിയൊരു മനുഷ്യൻ യാതൊരു വിധ ജാടകളുമില്ലാതെ, ഞാൻ ചെയ്ത സിനിമകളെക്കുറിച്ചുള്ള ഡീറ്റെയിൽസ് ഒക്കെ ഇങ്ങോട്ടു പറയുന്നത് കേട്ടപ്പോൾ അദ്ദേഹത്തോട് സ്നേഹവും അതിലേറെ ആദരവും കൂടിവന്നു. ആദ്യമായി കാണുകയാണ് എന്ന തോന്നൽ ലാവലേശമില്ലാതെ, വർഷങ്ങളുടെ പരിചയമുള്ള ഒരു വ്യക്തിയോടെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എന്റെ 'ക്ളീറ്റസും', 'പാവാട'യും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നും, പാവാടയുടെ റൈറ്റർ ബിപിൻ ചന്ദ്രനെ പുതിയ തലമുറയിലെ എഴുത്തുകാരൻ എന്ന നിലയിൽ ഒരുപാട് ഇഷ്ടമായെന്നും പറഞ്ഞു. ഞാനത് അപ്പോൾ തന്നെ ബിപിനെ വിളിച്ചു പറയുകയും ചെയ്തു. ജസ്റ്റിൻ പറഞ്ഞ കഥയെപ്പറ്റി പറഞ്ഞപ്പോൾ 'മാർത്താണ്ഡന് ഈ സബ്ജക്ടിൽ ആത്മാവിശ്വാസമുണ്ടോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചെറിയ കുഴപ്പങ്ങൾ എനിക്കും തോന്നുന്നുണ്ടെന്നു മറുപടി കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞത്, അതുതന്നെയാണ് പ്രശ്നം, നമുക്ക് മറ്റൊരു സബ്ജക്ട് ചെയ്യാം എന്നായിരുന്നു. പിന്നീട് ഇതേ വിഷയവുമായി ബന്ധപ്പെട്ട് പല തവണ അദ്ദേഹത്തെ കാണാൻ പോയി. ഓരോ പോക്കും ഓരോ അനുഭവങ്ങളായിരുന്നു. കാരണം, അദ്ദേഹത്തിന്റെ സിനിമാ ജീവിതം, ബന്ധങ്ങൾ, ഉയർച്ചകൾ, താഴ്ചകൾ, സിനിമാ ജീവിതത്തിലുണ്ടായ വേറിട്ട സംഭവങ്ങൾ, പല കഥകളും ഉണ്ടായ സാഹചര്യങ്ങൾ, ഒക്കെ യാതൊരു അതിശയോക്തിയും കലർത്താതെ, ഹൃദയം തുറന്ന് അദ്ദേഹം സംസാരിച്ചു. അതിലൂടെയൊക്കെ അദ്ദേഹം എന്തായിരുന്നുവെന്നും, എന്താണെന്നും ഒക്കെ മനസ്സിലാക്കാൻ സാധിച്ചു. പിന്നീടദ്ദേഹം എന്നോട് പുതുമുഖങ്ങളെ വച്ച് ചെയ്യാൻ പറ്റിയ രണ്ടു സബ്ജക്ടുകൾ പറഞ്ഞു. അതുമായി പല നിർമാതാക്കളെയും സമീപിച്ചെങ്കിലും അവരെല്ലാം പറഞ്ഞത്, ഡെന്നീസ് സാറിന്റെ തിരക്കഥയാകുമ്പോൾ കോട്ടയം കുഞ്ഞച്ചൻ, സംഘം ഒക്കെ പോലെ ഒരു മാസ് പടം ചെയ്യുന്നതാകും നല്ലതെന്നാണ്. ഈ പറഞ്ഞ സിനിമ അതിനു ശേഷം ചെയ്യുന്നതാകും നല്ലതെന്നും അവർ ഉപദേശിച്ചു. ഇത്രയും വലിയൊരു തിരക്കഥാകൃത്തിനോട്, അതും ഒരു സംവിധായകൻ കൂടിയായ ആ മനുഷ്യനോട് ഈ കാര്യം എങ്ങനെ അവതരിപ്പിക്കും എന്നൊരു ഭയം എനിക്കുണ്ടായിരുന്നു. ഒടുവിൽ രണ്ടും കല്പിച്ച് ഞാൻ ആ കാര്യം അദ്ദേഹത്തോട് പറഞ്ഞു. അതു കേട്ട്, 'എനിക്കും ആ ആഗ്രഹം ഉണ്ട്. പക്ഷേ, ഇപ്പൊ അങ്ങനെയൊരു സബ്ജക്ട് കൈയിൽ ഇല്ല. അങ്ങനെ ഒരെണ്ണം എപ്പോഴെങ്കിലും മനസ്സിൽ വന്നാൽ ആദ്യം ഞാൻ മാർത്താണ്ഡനെ വിളിക്കും, നമുക്ക് ഒരുമിച്ചൊരു സിനിമ തീർച്ചയായും ചെയ്യാം' എന്നു പറഞ്ഞ് അനുഗ്രഹിച്ചൊക്കെയാണ് അദ്ദേഹം എന്നെ അവിടുന്നു വിട്ടത്. 

പരിചയമുള്ളവരുടെ ഹൃദയത്തോട് അത്രമേൽ ചേർന്നു നിൽക്കുന്ന വളരെ ചുരുക്കം ചില മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം. കോളേജ് കാലഘട്ടത്തിലൊക്കെ അത്രമേൽ ആരാധിച്ചിരുന്ന, ഒരിക്കൽ പോലും പരിചയപ്പെടാൻ കഴിയുമെന്ന് കരുതാതിരുന്ന ഡെന്നീസ് ജോസഫ് സാറിനൊപ്പം ഒരുമിച്ചൊരു സിനിമ എന്ന യാഥാർഥ്യത്തിലേക്ക് വളരെക്കുറച്ചു ചുവടുകൾ മാത്രം ബാക്കി നിൽക്കെ കാലം അദ്ദേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നു! വിശ്വസിക്കാനാവുന്നില്ല... ഏറ്റുമാനൂരിലെ വീട്ടുമുറ്റത്തെ ഔട്ട്ഹൗസിൽ നിറപുഞ്ചിരിയോടെ സ്വീകരിക്കാൻ, ഓർമ്മകളുടെ മണമുള്ള കഥകൾ പറയാൻ, ഹൃദയം കൊണ്ട് ചേർത്തു നിർത്താൻ ഇനി ഡെന്നീസ് ജോസഫ് സർ ഇല്ല... 'നമുക്ക് ചെയ്യാൻ പറ്റിയ ഒരു സബ്ജക്ട് കിട്ടിയിട്ടുണ്ട്' എന്നു പറഞ്ഞുള്ള ഒരു ഫോൺ കോൾ ഇനി സാറിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് ഇനിയുമേറെ സമയമെടുക്കും... 

പ്രിയപ്പെട്ട ഡെന്നീസ് ജോസഫ് സാറിന് കണ്ണീരോടെ വിട...

ജി. മാർത്താണ്ഡൻ .
( സംവിധായകൻ ) 

facebookൽ കുറിച്ചത്. 

No comments:

Powered by Blogger.