കാൽ നൂറ്റാണ്ടിന് ശേഷം " ചിത്തിരപ്പള്ളി " തുറന്നു. പ്രതീക്ഷകൾ വാനോളം ഉയർത്തി " വരയൻ " വരുന്നു.
ആലപ്പുഴ കുട്ടനാട്ടിലെ ചിത്തിരക്കായലിനോടു ചേര്‍ന്നുള്ള തുരുത്തില്‍ ചരിത്രം പേറുന്ന ഒരു മനോഹര ദേവാലയമുണ്ട്. മുരിക്കന്‍പ്പള്ളി അഥവാ ചിത്തിരപ്പള്ളി എന്നറിയപെടുന്ന ഈ ക്രിസ്തീയ ദേവാലയം കാല്‍നൂറ്റാണ്ടിലേറെയായി അടഞ്ഞു
കിടക്കുകയായിരുന്നു. വര്‍ഷങ്ങളായി കുര്‍ബാനയൊന്നുമില്ലാതെ അടഞ്ഞുകിടക്കുന്ന ഈ ചരിത്ര ദേവാലയം ഒടുവില്‍ തുറന്നു
കൊടുത്തു.
യുവതാരം സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വരയന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ചിത്തിരപ്പിള്ളി വീണ്ടും തുറന്നുകൊടുത്തിരിക്കുന്നത്. 1955 ല്‍ കായല്‍ രാജാവായ മുരിക്കന്‍മൂട്ടില്‍ ജോസഫ് മുരിക്കനെന്ന ഔതച്ചന്‍ കായല്‍ നികത്തി കൃഷി ഭൂമിയാക്കുന്ന കാലത്ത് അവിടെയുള്ള ജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ച ദേവാലയമാണ് ചിത്തിരപ്പള്ളി എന്നാണ് ചരിത്രം പറയുന്നത്.
വരയന്‍ സിനിമയുടെ പ്രധാന ലൊക്കേഷന്‍ കുട്ടനാട്ടിലെ രണ്ടാം ബ്ലോക്കില്‍ ചിത്തിരക്കായലിനോട് ചേര്‍ന്നുള്ളൊരു തുരുത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പള്ളിയാണ്. ബെത്‌ലഹേം ചര്‍ച്ച് എന്നും
ചിത്തിരപ്പള്ളി അറിയപ്പെടുന്നു. ആലപ്പുഴയില്‍ നിന്നും ഒരു മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താല്‍ മാത്രം എത്തിപ്പെടാവുന്ന ഈ ലോക്കേഷനിലെ ഷൂട്ടിങ് ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയായത്. പ്രധാന നടീനടന്‍മാരും, ഇരുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും, ടെക്‌നീഷ്യന്‍മാരും എല്ലാം ചേര്‍ന്ന് 350ലേറെ പേര്‍ ദിവസവും ഒരു മണിക്കൂര്‍ ആലപ്പുഴയില്‍ നിന്ന് ചിത്തിരപ്പള്ളിയിലേക്കും തിരിച്ചുമുള്ള യാത്ര വളരെയധികം ശ്രമകരമായിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
മൂന്ന്, നാല് വലിയ ബോട്ടുകളും, ഹൗസ് ബോട്ടും, സ്പീഡ് ബോട്ടും വഞ്ചികളും എല്ലാം ചേര്‍ന്ന് വലിയ സജ്ജീകരണത്തോടെയാണ് ഷൂട്ടിങ്ങ് ക്രമീകരിച്ചിരുന്നത്.
കഥാകൃത്തിന്റെ ഭാവനയില്‍ കണ്ട കലിപ്പക്കരയെന്ന ഗ്രാമവും, കായലും അവിടുത്തെ പള്ളിയും എല്ലാം ഒത്തിണങ്ങിയ ഒരു ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമാണെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി പറയുന്നു.
ആക്ഷന് വളരെയധികം പ്രധാന്യം നിറഞ്ഞ ഈ ചിത്രത്തിലെ മൂന്ന് ശക്തമായ ആക്ഷന്‍ സീക്വന്‍സുകള്‍ പകലും രാത്രിയുമായി ഫാന്റ്റം ക്യാമറയടക്കം മൂന്ന് ക്യാമറകള്‍ ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണ് ഫൈറ്റ് മാസ്റ്റര്‍ ആല്‍വിന്‍ അലക്‌സിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കായലിനു ചേര്‍ന്ന് കിടക്കുന്ന ആള്‍വാസമില്ലാത്ത ഒറ്റപ്പെട്ട ഈ തുരുത്തിലേക്ക് ഫോർട്ടി ഫീറ്റ് ക്രെയ്നും ചിത്രീകരണത്തിനാവിശ്യമായ മറ്റു വാഹനങ്ങളും സാധനങ്ങളും ചങ്ങാടത്തില്‍ കയറ്റി എത്തിക്കുന്നത് വളരെ ക്ലേശകരമായിരുന്നെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന ഈ കായല്‍ നിലങ്ങളിലെ പച്ചവിരിച്ച നെല്‍പാടങ്ങളും ചിത്തിരക്കായലിന്റെയും പരിസര പ്രദേശങ്ങളുടെ അപൂര്‍വ്വ സൗന്ദര്യവും ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.
കലിപ്പക്കര എന്ന പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ചോരയുടെ ചൂരും കണ്ണീരും ചേര്‍ന്ന ഒരു നാട്ടിലെ പള്ളിയും അതിനോടു ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് വരയന്‍ പറയുന്നത്. നര്‍മ്മത്തിനും, ആക്ഷനും, സൗണ്ട്ഇഫക്ടിനും,
ഗാനങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രം തികഞ്ഞ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ഫാദര്‍ ഡാനി കപ്പൂച്ചിന്റെ തിരക്കഥയില്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'വരയന്‍'. സിജു വില്‍സണ്‍ വൈദികന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിജു വില്‍സണിന്റെ വേറിട്ട ലുക്ക് തന്നെയാണ് വരയനുവേണ്ടി കാത്തിരിക്കാന്‍ പ്രേക്ഷകരെ നിര്‍ബന്ധിപ്പിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി.പ്രേമചന്ദ്രനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മേയില്‍ സിനിമ തിയേറ്ററുകളിലെത്തും.
മഞ്ജു ഗോപിനാഥ് .
( പി.ആർ. ഒ )
No comments: