ഇന്നത്തെ ജൂനിയർ ആർട്ടിസ്റ്റുകൾ നാളെത്തെ താരങ്ങൾ: ഷാജി പട്ടിക്കര.ആൾക്കൂട്ട സിനിമകൾ
മലയാളിക്ക് എന്നും
ഹരമാണ്.ഐ.വി.ശശിയെപ്പോലെയുള്ള
സംവിധായകർ
ആൾക്കൂട്ടങ്ങളെ
വിദഗ്ധമായി സിനിമയിൽ
ഉപയോഗിച്ചവരുമാണ് .

എവിടെ നിന്നാണ് ഈ ആൾക്കൂട്ടം എന്ന് ചിന്തിച്ചിട്ടുണ്ടോ ?

അൻപതും, നൂറുംമുതൽ അയ്യായിരമോ, അതിൽ കൂടുതലോ പേരടങ്ങുന്ന ആൾക്കൂട്ടങ്ങൾ ചില സിനിമകളിൽ ആവശ്യമായി വരാറുണ്ട്.
ഇവിടെയാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രസക്തി.

സിനിമയുടെ ആവശ്യമനുസരിച്ച്,
കുട്ടികൾ, വൃദ്ധൻമാർ, സ്ത്രീകൾ,തലമുണ്ഡനം ചെയ്തവർ,പോലീസുകാർ, ജാഥാംഗങ്ങൾ, സംഘർഷങ്ങൾക്കുള്ള ആളുകൾ ഇങ്ങനെ
പല ഗണത്തിൽ ആളുകളെ ആവശ്യം വരും.

രേഖ പ്രകാരം 2500 ജൂനിയർ ആർട്ടിസ്റ്റുകളാണ് കേരളത്തിൽ ഉള്ളത്.
അതിൽ കൂടുതൽ ആവശ്യം വന്നാൽ പുറമേ നിന്ന് താത്ക്കാലികമായി ആളുകളെ വിളിക്കാറാണ് പതിവ്.ഇവരെ കോ - ഓർഡിനേറ്റ് ചെയ്യുന്ന 35 പേരും കേരളത്തിലുണ്ട്.

എറണാകുളം, വാത്തുരുത്തി, വൈപ്പിൻ, ഒറ്റപ്പാലം, തൊടുപുഴ, ഷൊർണ്ണൂർ,കോഴിക്കോട്, പാലക്കാട്, വടക്കഞ്ചേരി, പെരുമ്പാവൂർ, ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നാണ് കൂടുതലും ജൂനിയർ ആർട്ടിസ്റ്റുകൾ വരുന്നത്.
ഇവരുടെ ശരാശരി ദിവസ വേതനം 700 രൂപയാണ്.
ചില ഘട്ടങ്ങളിൽ അത് 650.

പ്രത്യേകതയുള്ള ഫിഗർ ആണ് വേണ്ടതെങ്കിൽ - ഉദാ: റിച്ച് ലുക്ക് ആൺകുട്ടി/പെൺകുട്ടി ,
തുക ആയിരത്തിനു മുകളിലാവും ചിലപ്പോൾ.
ഇവരിൽ പലരും വേതനം മുന്നിൽ കണ്ടല്ല രംഗത്ത് നിൽക്കുന്നത്.
എന്നെങ്കിലുമൊരിക്കൽ
നല്ലൊരു വേഷം ലഭിച്ച്
സിനിമയിൽ ഒരു താരമാകാനുള്ള
അടങ്ങാത്ത അഭിനിവേശമാണ്
പലരേയും ഈ രംഗത്ത് നിലനിർത്തുന്നത്.

ജൂനിയർ ആർട്ടിസ്റ്റായെത്തി താരമായി സംസ്ഥാന അവാർഡ് നേടിയവരും,
വലിയ താരമായി സ്വന്തമായി
നിർമ്മാണ വിതരണ കമ്പനികൾ തുടങ്ങിയവരും ഉണ്ട്.
എങ്കിലും ബഹുഭൂരി
ഭാഗത്തിനും നിരാശയാണ് ഫലം.

സിനിമയിലെ അവസരങ്ങൾക്കായി ദൂര സ്ഥലങ്ങളിൽ നിന്നും എറണാകുളത്തെത്തി ഹോസ്റ്റലുകളിലും, മറ്റ് പേയിംഗ് ഗസ്റ്റ് സെന്ററുകളിലും സ്ഥിരമായികഴിയുന്നവരും ഉണ്ട്.ചിലപ്പോൾ ഒരു സിനിമയിൽ ഒരുദിവസത്തെ ആവശ്യത്തിനായിരിക്കും ഇവരെ വിളിക്കുക!

അടുത്ത സിനിമ കിട്ടാൻ ചിലപ്പോൾ പിന്നീട് രണ്ടോ, മൂന്നോ അതിലധികമോ ദിവസങ്ങൾ എടുക്കും.
അപ്പോഴുംസിനിമയോടുള്ള അടങ്ങാത്ത മോഹം ഉള്ളിലൊതുക്കി കിട്ടിയ തുച്ഛ വരുമാനത്തിൽ ഇവർ പ്രതീക്ഷയോടെ കഴിയും !

ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന സ്ത്രീകളും, പ്രായമായവരുമൊക്കെ
ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്താൻ വളരെ ബുദ്ധിമുട്ടാറുണ്ട്.
പ്രത്യേകിച്ചും രാത്രികാലങ്ങളിൽ.
സിനിമയില്ലാത്ത അവസരങ്ങളിൽ
ലോട്ടറി കച്ചവടവും,
മറ്റ് തൊഴിലുകളും ചെയ്യുന്നവരുമുണ്ട്.

നൂറിലേറെ സിനിമകളിൽ സഹകരിച്ചിട്ടും, ഒരു ഡയലോഗ് പോലും കിട്ടാത്തവരും,
സ്വന്തം മുഖം ഒന്ന് സ്ക്രീനിൽ വ്യക്തമായി കാണാൻ കഴിയാത്തവരും ഉണ്ട്.

എങ്കിലും അവർ വീണ്ടും പോകും, അടുത്ത സിനിമയിലെങ്കിലും ആഗ്രഹം സാധിക്കാം എന്ന പ്രതീക്ഷയിൽ !
എന്നെങ്കിലുമൊരിക്കൽ ആ മായിക ലോകത്തെ താരപദവി തങ്ങളെയും തേടിയെത്തും എന്ന ശുഭപ്രതീക്ഷയിൽ ..

കൊറോണ ഭീതിയിൽ ചിത്രീകരണങ്ങൾ നിലച്ച് പോയത് ഇവരുടെ ജീവിതത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്.

മരുന്നിനും, ജീവിതച്ചിലവിനും ഒക്കെ നന്നേ ബുദ്ധിമുട്ടുന്നവരാണ് പലരും. ചില കോ - ഓർഡിനേറ്റർമാർ അവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ച് കൊടുത്തതായി അറിയാൻ കഴിഞ്ഞു.
കൊറോണക്കാലം കഴിഞ്ഞാൽ ചിത്രീകരണങ്ങൾ തുടരും,
അപ്പോൾ നമുക്ക് ഇവരുടെ സേവനം ആവശ്യമായി വരും.

സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകൾ ഇവരുടെ കാര്യം കൂടി ശ്രദ്ധിക്കണമെന്ന ആഗ്രഹത്തോടെ,

ഷാജി പട്ടിക്കര.

No comments:

Powered by Blogger.