നടൻ എം.ജി. സോമനെ അനുസ്മരിച്ചു.
തിരുമൂലപുരം: സിനിമ നടൻ എം.ജി സോമൻ്റെ ഇരുപത്തിമൂന്നാമത് ചരമവാർഷികം തിരുമൂലപുരത്തുള്ള വസതിയിൽ സമുചിതമായി ആചരിച്ചു. എം. ജി സോമൻ ഫൗണ്ടേഷൻ്റെയും ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ആചരണ പരിപാടികൾ സംഘടിപ്പിച്ചത്.

 എം. ജി സോമൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണടിപറമ്പിൽ വീട്ടുവളപ്പിൽ അദ്ദേഹത്തിൻ്റെ സഹധർമിണി സുജാതാ സോമൻ ഭദ്രദീപം തെളിയിച്ച് ആചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പുഷ്പാർച്ചനയും അനുശോചനയോഗവും നടത്തി.

എം. ജി സോമൻ ഫൗണ്ടേഷൻ ചെയർമാനും പ്രമുഖ സംവിധായകനുമായ ബ്ലെസ്സി മുഖ്യ പ്രഭാഷണം നടത്തി. മലയാള സിനിമയിൽ വൈവിധ്യമാർന്ന ജീവസ്സുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മഹാനടനായിരുന്നു എം.ജി സോമൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. എം. ജി സോമൻ്റെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിനും, നാടകോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു. 

ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡൻറ് ജോർജ്ജ് മാത്യു, നടൻ മോഹൻ അയിരൂർ, തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ വിനോദ് പി.എസ്, സെക്രട്ടറി കൈലാസ് എസ്, റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് തങ്കമ്മ എബ്രഹാം, മുൻ പ്രസിഡൻ്റ് ഡോ.ആർ.വിജയമോഹനൻ, ജോസ് പെരുന്തുരുത്തി, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു. 
 

No comments:

Powered by Blogger.