അടൂർ ഭവാനിയ്ക്ക് സ്മരണാഞ്ജലി .

1927ൽ പത്തനംതിട്ട ജില്ലയിലെ അടൂരിൽ പാറപ്പുറത്ത് വീട്ടിൽ രാമൻ പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും മകളായി ജനനം. പ്രസിദ്ധ നടി അടൂർ പങ്കജം സഹോദരിയാണ്.  

തിക്കുറിശ്ശിയുടെ ശരിയോ തെറ്റോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സഹോദരിക്കൊപ്പം പോയ ഭവാനി ആ സിനിമയിൽ ആക്സമികമായി അഭിനയിക്കുകയായിരുന്നു. സിനിമയിലെ അരങ്ങേറ്റത്തിനു ശേഷം നാടകത്തിലാണു കൂടുതലായും അടൂർ ഭവാനി അഭിനയിച്ചത്. മനക്കര ഗോപാലപ്പിള്ളയാശാന്റെ 'വേലുത്തമ്പി ദളവ' എന്ന നാടകത്തിൽ കൊട്ടാരക്കരയുടെ അമ്മ വേഷത്തിൽ അഭിനയിച്ചു കൊണ്ട് നാടകത്തിൽ തൂടക്കം കുറിച്ചു.  ഇരുപത്തിയൊന്നാം വയസ്സിൽ  പ്രമുഖ നാടക ട്രൂപ്പായ കെ പി എ സി യിൽ ചേർന്നു. 

കെ.പി.എ.സി.യുടെ മൂലധനം, അശ്വമേധം, തുലാഭാരം, മുടിയനായ പുത്രന്‍, യുദ്ധകാണ്ഡം എന്നീ നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.  തോപ്പിൽ ഭാസി രചിച്ച 'മുടിയനായ പുത്രൻ' എന്ന നാടകം ചലച്ചിത്രമായപ്പോൾ, ഭവാനിക്ക് നാടകത്തിൽ കൈകാര്യം ചെയ്ത വേഷം തന്നെ ലഭിച്ചു. തൂടർന്നു രാമു കാര്യാട്ടിന്റെ മിക്ക ചിത്രങ്ങളിലും അടൂർ ഭവാനിക്ക് മികച്ച വേഷങ്ങൾ ലഭിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ദേശീയ ബഹുമതി നേടിയ ചെമ്മീനിലെ നായിക കറുത്തമ്മയുടെ അമ്മ വേഷം അടൂർ ഭവാനിയെ ശ്രദ്ധേയയാക്കി. അടൂര്‍ പങ്കജവുമായി ചേര്‍ന്ന് 'ജയാ തീയേറ്റേഴ്‌സ്' തുടങ്ങിയെങ്കിലും പരിത്രാണായാം, പാംസുല, രംഗപൂജ, പാശുപതാസ്ത്രം എന്നീ നാടകങ്ങളില്‍ അഭിനയിച്ചശേഷം അവര്‍ പിരിഞ്ഞു. പിന്നീട്, 1980ല്‍ ഭവാനി 'അടൂര്‍ മാതാ തീയേറ്റേഴ്‌സ്' തുടങ്ങി. 

മൂന്നുവര്‍ഷത്തോളം മാത്രം നിലനിന്ന ആ സമിതി പീനല്‍ കോഡ്, ചക്രവര്‍ത്തിനി, പാഠം ഒന്ന്, അന്യായം എന്നീ നാടകങ്ങള്‍ കളിച്ചു. ഈ നാടക സമിതിയുടെ പരാജയം അവർക്ക് വളരെയധികം സാമ്പത്തിക ബാധ്യതകൾ വരുത്തി വച്ചു. പിന്നീടവർ നാടകങ്ങളിൽ സഹകരിച്ചിരുന്നില്ല.

450 ൽപരം  മലയാള ചിത്രങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തുലാഭാരം, മുടിയനായ പുത്രൻ, അനുഭവങ്ങൾ പാളിച്ചകൾ, കള്ളിച്ചെല്ലമ്മ, സ്വയംവരം, വിത്തുകൾ, ചെമ്പരത്തി, നെല്ല്, ഒരു സിബിഐ ഡയറിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയങ്ങളാണ്. അവസാനമായി അഭിനയച്ചത് കെ. മധു സംവിധാനം ചെയ്ത "സേതുരാമയ്യർ സി ബി ഐ" എന്ന സിനിമയിലാണ്. 1969ൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1993 ൽ കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ 'ചലച്ചിത്ര പ്രതിഭാ' പുരസ്കാരം നൽകി ആദരിച്ചു. മാതൃഭൂമി-മെഡിമിക്സ് ഏർപ്പെടുത്തിയ ചലച്ചിത്ര സപര്യക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റിനു 2002ൽ അർഹയായി. നാടക രംഗത്തെ അവരുടെ മികച്ച സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമി ആദരിച്ചിട്ടുണ്ട്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘകാലമായ ചികിത്സയിലായിരുന്ന അവർ 2009 ഒക്ടോബർ 25ന് അന്തരിച്ചു.                   

No comments:

Powered by Blogger.