പ്രശസ്ത പിന്നണി ഗായകൻ കെ.ജെ. മുഹമ്മദ് ബാബു (82) നിര്യാതനായി.

പ്രശസ്ത പിന്നണി ഗായകനും, സംഗീത സംവിധായകനും, നടനുമായിരുന്ന കെ.ജെ. മുഹമ്മദ് ബാബു (സീറോ ബാബു - 82)  നിര്യാതനായി.കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. 

പി.എ. തോമസ് വഴി ആയിരുന്നു ആദ്യസിനിമയിലേക്കുള്ള അവസരം. 'കുടുംബിനി' എന്ന ചിത്രത്തിലൂടെ. 
"കണ്ണിനു കണ്ണിനെ
കരളിനു കരളിനെ
തമ്മില്‍ അകറ്റി നീ
കനിവറ്റ ലോകമേ..."
എന്ന ഗാനം ശ്രദ്ധേയമായി. തുടർന്നു 
പോര്‍ട്ടര്‍ കുഞ്ഞാലിയില്‍ ശ്രീമൂലനഗരം വിജയന്‍റെ വരികള്‍ക്കു ബാബുരാജ് സംഗീതം പകര്‍ന്ന ഗാനം "വണ്ടിക്കാരന്‍ ബീരാന്‍കാക്ക...", 'ഭൂമിയിലെ മാലാഖ' എന്ന ചിത്രത്തിലെ "മുണ്ടോന്‍ പാടത്തു കൊയ്ത്തിനു വന്നപ്പോ..." എന്നീ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. പിന്നീട്  ജീവിതയാത്ര, സ്റ്റേഷൻ മാസ്റ്റർ, കറുത്ത രാത്രികൾ, ഖദീജ, ലൗ ഇൻ കേരള,  സുബൈദ, അവള്‍, തോമാശ്ലീഹാ, അനുഭവം,  ഇത്തിക്കരപ്പക്കി, നാഗമഠത്തു തമ്പുരാട്ടി, കണ്മണിക്കൊരുമ്മ, പൊന്മുടി,ഇന്നല്ലെങ്കിൽ നാളെ, വിസ തുടങ്ങി നിരവധി ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്.

'വിസ' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, "സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ..." എന്ന ഗാനവും ബാബുവിന്‍റെ ശബ്ദം ആയിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ ആദ്യചിത്രമായ 'കുറുക്കന്‍റെ കല്യാണം', ഫാസിലിന്റെ  'മറക്കില്ലൊരിക്കലും' എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളില്‍ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു. 'അഞ്ചു സുന്ദരികള്‍', 'മാടത്തെരുവി കൊലക്കേസ്', 'തോമാസ്ലീഹ', സിദ്ധിക്ക്-ലാല്‍ സംവിധാനം ചെയ്ത 'കാബൂളിവാല'യില്‍ "പിറന്നൊരീ മണ്ണും..." എന്ന ഗാനം ആലപിക്കുന്ന ഗായകന്‍, 'രണ്ടാം ഭാവ'ത്തിലെ ഗസല്‍ഗായകന്‍ എന്നീ വേഷങ്ങളിൽ. 

വിദേശത്തടക്കം നിരവധി വേദികളില്‍ എല്ലാത്തരം ഗാനങ്ങളും പാടി. 2005-ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു.

ഭാര്യ : ആത്തിക്ക ബാബു.
മക്കൾ : സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ.
മരുമക്കൾ : സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.

No comments:

Powered by Blogger.