ചലച്ചിത്ര അക്കാദമി ഡ്രൈവർ രവികുമാർ (54 ) അന്തരിച്ചു .


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ഡ്രൈവര്‍ രവികുമാര്‍  (54) അന്തരിച്ചു. വിവിധ ലോകഭാഷകളിലുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച അക്കാദമി ടൂറിംഗ് ടാക്കീസ്  സംഘത്തിന്റെ  മുഖ്യസാരഥിയായിരുന്നു അദ്ദേഹം. 2000 മുതല്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്തു വരുന്ന രവികുമാര്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി  കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന ചലച്ചിത്രപ്രദര്‍ശനങ്ങളുടെയും പ്രാദേശിക മേളകളുടെയും സംഘാടകനും സഹായിയുമായിരുന്നു.

നല്ല സിനിമ നാട്ടിന്‍പുറങ്ങളിലത്തെിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച ടൂറിംഗ് ടാക്കീസ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും വായനശാലകളിലും തെരുവുകളിലുമെല്ലാം സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിശ്രമമില്ലാതെ സഞ്ചരിച്ച അദ്ദേഹം ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും നിര്‍ണായകപങ്കു വഹിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വരവറിയിച്ചുകൊണ്ട് ഒരു മാസം മുമ്പ് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന വിളംബരജാഥ വിവിധ ജില്ലകളിലെ ചലച്ചിത്ര പ്രദര്‍ശന പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് എത്തി സമാപിക്കുമ്പോഴാണ് ഐ.എഫ്.എഫ്.കെയ്ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുന്ന ഇത്തരം വിളംബരജാഥകളുടെ സാരഥിയായിരുന്നു രവികുമാര്‍. 

അദ്ദേഹത്തിന്റെ  നിര്യാണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ രവികുമാറിന്റെ  ഭാര്യ ശോഭ. മക്കള്‍ ജഗന്‍ മോഹന്‍, ഗായത്രി മോഹന്‍.

No comments:

Powered by Blogger.