തിരികെയെത്തട്ടെ ആ നല്ല നാളുകൾ : ഷാജി പട്ടിക്കര.


മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്.
കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ.
അന്ന് സവിത ഒരു ഓല തിയ്യേറ്ററാണ്.

പിന്നെ പന്നിത്തടം ഹേമ, മരത്തംകോട് ഐശ്വര്യ, പെരുമ്പിലാവ് കാസിനോ, മറ്റം യൂണിയൻ, കുന്നംകുളം ഗീത, വേലൂർ ജോൺസൺ, വടക്കാഞ്ചേരി അലങ്കാർ അങ്ങനെ എൻ്റെ ചെറുപ്പകാലം ചിലവഴിച്ച നിരവധി ടാക്കീസുകൾ.മറ്റത്തും, വടക്കാഞ്ചേരിയിലുമൊക്കെ ബന്ധുവീടുകളിൽ പോകുന്ന സമയത്ത് അവരോടൊപ്പം പോയിരുന്നതാണ്.

എൻ്റെ മനസ്സിൽ സിനിമയോടുള്ള അഭിനിവേശത്തിന് വിത്തുപാകിയത് ഈ ടാക്കീസുകളായിരുന്നു.
കാലക്രമേണ പിടിച്ചു നിൽക്കാനാവാതെ ഇവയിലോരോന്നായി പ്രവർത്തനം നിലച്ചു.ഇന്നിപ്പോൾ അക്കൂട്ടത്തിൽ ബാക്കിയുള്ളത് കേച്ചേരി സവിത മാത്രം.ഇന്ന് സവിത ഏ.സി. തിയ്യേറ്ററാണ്.അറിയപ്പെടുന്ന റിലീസ് കേന്ദ്രവും കൂടിയാണ്.

ആദ്യമായി സിനിമ കണ്ട തിയ്യേറ്റർ എന്ന നിലയിൽ,
സിനിമയോടുള്ള എൻ്റെ ഇഷ്ടത്തിൻ്റെ വിത്ത് മുളച്ച ഇടം എന്ന നിലയിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട തിയ്യേറ്റർ.
കാഴ്ച്ചക്കാരനിൽ നിന്നും സിനിമാക്കാരനായി എൻ്റെ വളർച്ചയ്ക്കൊപ്പം,
ഓല ടാക്കീസിൽ നിന്നും റിലീസ് കേന്ദ്രമായുള്ള സവിതയുടെ വളർച്ചയും എനിക്ക് അഭിമാനവും, സന്തോഷവും നൽകുന്നതായിരുന്നു.

കോഴിക്കോട് സ്ഥിരതാമസമായതിൽ പിന്നെ വല്ലപ്പോഴും മാത്രമായിരുന്നു എൻ്റെ സന്ദർശനങ്ങളെങ്കിലും,
സവിതയുടെ കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ ഞാൻ മനസ്സ് കൊണ്ട് ആ പഴയ കുട്ടിയായ് മാറുമായിരുന്നു.കടലയും കൊറിച്ച്, ബഞ്ചിലിരുന്ന് മൂലധനം കണ്ട ആ ചെറിയ കുട്ടി.

ലോക്ക് ഡൗണിൽ പെട്ട് ഫ്ലാറ്റിനുളളിലൊതുങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ വീണ്ടും എൻ്റെ വേരുകൾ പടർന്ന തൃശ്ശൂരിലേക്ക് ഞാൻ പോയി.ഒരു സിനിമയുടെ പ്രാരംഭഘട്ട ചർച്ചകൾക്കായായിരുന്നു ആ യാത്ര.
കൂട് തുറന്ന് പുറത്ത് വന്ന ഒരു പക്ഷിയുടെ സന്തോഷത്തിലായിരുന്നു ഞാൻ .ദിവസങ്ങൾ നീണ്ട മടുപ്പിൽ നിന്നും ഒരു മോചനം ; ഒരു യാത്ര!
അതും സിനിമാ സംബന്ധിയായ ഒരു യാത്ര !ആ യാത്രയിൽ ഞാൻ വീണ്ടും എൻ്റെ പ്രിയപ്പെട്ട സവിത തിയ്യേറ്റർ കണ്ടു.

ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞിരുന്ന,കരഘോഷങ്ങൾ മുഴങ്ങിയിരുന്ന,ജനസാഗരം ഇരമ്പിയെത്തിയിരുന്ന,
ഹൗസ്ഫുൾ ബോർഡുകൾ നിരന്തരം തൂങ്ങിയിരുന്ന എൻ്റെ പ്രിയപ്പെട്ട തിയ്യേറ്റർ !ഇന്നവിടം വിജനമാണ്.
മൂകത തളം കെട്ടിക്കിടക്കുന്നു.
വെയിലേറ്റ് നിറം മങ്ങിയ പഴയ പോസ്റ്ററുകളും,നശിച്ചു തുടങ്ങിയ ഫ്ലക്സ് ബോർഡുകളും.വല്ലാതെ വേദനിപ്പിക്കുന്നു ആ കാഴ്ച്ച.

കൊറോണ ലോക്ക് ഡൗണിൻ്റെ ഭാഗമായി 2020 മാർച്ച് പത്തിന് അടച്ചതാണ് കേരളത്തിലെ തിയ്യേറ്ററുകൾ.അറുനൂറ്റി ഇരുപത്തിയഞ്ചോളം വരുന്ന സ്ക്രീനുകളിൽ വെളിച്ചം വീണിട്ട് ഈ സെപ്തംബർ ഇരുപത്തിയാറിന് ഇരുന്നൂറ് ദിവസം തികയുന്നു.

ചരിത്രത്തിൽ തന്നെ ആദ്യമായി !
എത്ര തിയ്യേറ്റർ ജീവനക്കാരാണ് പട്ടിണിയിലായത്! എത്ര തിയേറ്ററുടമകൾക്കാണ് വരുമാനമില്ലാതായത് ?

മാത്രമോ,QUBE, UFO, PXD, Scrabble, TSR, SONY, Velox Streams തുടങ്ങി എത്ര ഡിജിറ്റൽ സ്ഥാപനങ്ങൾ കഴിഞ്ഞ ഇരുന്നൂറ് ദിവസമായി അടഞ്ഞുകിടക്കുന്നു!അവിടങ്ങളിൽ ജോലി ചെയ്തിരുന്ന എത്ര ജീവനക്കാരാണ് പെട്ടന്ന് വരുമാനമില്ലാത്തവരായി മാറിയത്.

തിയ്യേറ്ററുകളിൽ പോസ്റ്റർ ഒട്ടിച്ചു ജീവിച്ചിരുന്നവർ,ആ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരുന്നവർ,
പോസ്റ്റർ പ്രിൻ്റ് ചെയ്തിരുന്ന സ്ഥാപനങ്ങൾ,അവിടത്തെ ജീവനക്കാർ അങ്ങനെ എത്ര പേർ ?
എത്ര കുടുംബങ്ങൾ !

മറ്റുള്ള തൊഴിൽ മേഖലകളൊക്കെയും സാധാരണ നിലയിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴും തിയ്യേറ്ററുകളും അനുബന്ധ മേഖലകളും നിശ്ചലമായി തുടരുന്നു.ചിത്രീകരണം നിലച്ചതോടെ സിനിമയുമായി ബന്ധപ്പെട്ട എത്ര പേരാണ്, അവരുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്!

മറ്റെല്ലാ മേഖലകളും സജീവമായിക്കഴിഞ്ഞു.
സിനിമയൊഴികെ. അവിടവിടെയായി ചില ചിത്രങ്ങൾ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

പക്ഷേ ഏറ്റവും കുറഞ്ഞത് നൂറു പേർ ജോലി ചെയ്തിരുന്ന ഒരു സിനിമാ സെറ്റിൽ ഇപ്പോൾ അൻപത് പേർക്കു മാത്രമാണ് അനുമതി.അവിടെ താരങ്ങളെ കുറയ്ക്കാൻ കഴിയില്ല !
വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരായ,
ദിവസ വേതനക്കാരായ പാവം തൊഴിലാളികളെയാണ്.

പ്രൊഡക്ഷൻ ബോയ്സ്, ക്രെയ്ൻ - യൂണിറ്റ് അംഗങ്ങൾ, ഡ്രൈവേഴ്സ്, വിവിധ മേഖലകളിലെ അസിസ്റ്റൻ്റ്മാർ   അവരെയാണ് കുറയ്ക്കുന്നത്.
പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളെയും.
വേറാരെയാണ് കുറയ്ക്കാൻ കഴിയുക ?.

അപ്പോഴും പട്ടിണിയിലാവുന്നത് സാധാരണക്കാരനായ തൊഴിലാളിയുടെ കുടുംബമാണ്.
പ്രതിസന്ധിയെ നേരിടാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നെങ്കിലും,
പലരും അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ഒരു വിഭാഗം പഴയതിനേക്കാൾ കൂടുതൽ പ്രതിഫലമാണ് ആവശ്യപ്പെടുന്നത്.

ഒരു വിഭാഗം കൊറോണമൂലം രക്ഷപെടുകയും,
മറുവിഭാഗം മുഴുപ്പട്ടിണിയിലാവുകയും ചെയ്യുന്നു.പലരും ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിലേക്കും, പച്ചക്കറിക്കച്ചവടത്തിലേക്കും ഒക്കെ തിരിഞ്ഞു കഴിഞ്ഞു.

എന്നാണിതിനൊരു മാറ്റം ?
എന്നാണ് പഴയകാലം തിരിച്ചു കിട്ടുക ?

മറ്റെല്ലാ മേഖലയെയും പോലെ സിനിമയും അതിൻ്റെ പ്രൗഢഗംഭീരമായ ആ കാലത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.ഞാൻ മാത്രമല്ല,
എന്നെപ്പോലെ ആയിരങ്ങൾ ആ പ്രാർത്ഥനയിലാണ്.

ആ നല്ല നാളുകൾ തിരിച്ചു വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും !
ഈ മഹാമാരി മാറും !
ജീവിതം സാധാരണ നിലയിലാവും.
സിനിമാ മേഖല ഉണരും.
തിയ്യേറ്ററുകൾ നിറയും.
കരഘോഷങ്ങൾ മുഴങ്ങുന്ന തിയ്യേറ്ററിൻ്റെ ഗേറ്റിൽ ഹൗസ്ഫുൾ ബോർഡുകൾ തൂങ്ങും.

 ഈ മഹാമാരി മാറട്ടെ എന്ന് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം .... 
 പ്രാർത്ഥനയോടൊപ്പം നമ്മുടെ ശ്രദ്ധയും കൂടിയുണ്ടെങ്കിൽ നമുക്ക് വേഗം തിരിച്ചുവരാം.. അങ്ങനെയൊരു
തിരിച്ചുവരവുണ്ടാകട്ടെ ..

 ഷാജി പട്ടിക്കര.

✒️

No comments:

Powered by Blogger.