ചില്ലുജാലകത്തിലെ മങ്ങിയ കാഴ്ചകൾ : ഷാജി പട്ടിക്കര .



ഷൂട്ടിംഗ്,ഡിസ്ക്കഷൻ, റിലീസ് സംബന്ധമായ കാര്യങ്ങൾ, ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ കാര്യങ്ങൾ ഇവയെല്ലാമായി ഒരു നിമിഷം വിശ്രമിക്കാതെ ഓടി നടന്ന ഞാൻ ഇപ്പോൾ ഫ്ലാറ്റിന്റെ ഏതാനും ചതുരശ്ര മീറ്ററിനുള്ളിൽ ഒതുങ്ങിയിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.

കഴിഞ്ഞ മാർച്ച് 19ന് ,ഹരികുമാർ സാറിന്റെ "  ജ്വാലാമുഖി "  സിനിമയുടെ ഡബ്ബിംഗ്കഴിഞ്ഞ്കോഴിക്കോട്ടെത്തിയതാണ്.തൊട്ടടുത്ത ദിവസം ലോക്ക് ഡൗൺ .

അന്നുമുതൽ ഫ്ലാറ്റിന്റെ ചില്ലുജാലകത്തിലൂടെയുള്ള മങ്ങിയ കാഴ്ച്ചകൾ മാത്രമാണ് എന്റെ കൊറോണക്കാല കാഴ്ചകൾ .
ആകെ പുറത്തിറങ്ങിയത് ഒരു ദിവസം 
മാസ്ക്കൊക്കെ ധരിച്ച്, അപരിചിതമായ ഒരു നാട്ടിലെന്നപോലെ ഇംഗ്ലീഷ് പള്ളിയുടെ അടുത്തു വരെ പോയി, പച്ചക്കറി വാങ്ങുവാൻ.പോയി, വേഗം തിരിച്ചു വന്നു.

സിനിമയിൽ എത്തിപ്പെട്ടതിന് ശേഷം ഇങ്ങനെയൊരു വിശ്രമം ഇതുവരെ ഉണ്ടായിട്ടില്ല.ശരീരത്തിന് വിശ്രമം ആവശ്യമാണെങ്കിലും,ഇത് കുറച്ചധികം വിശ്രമം ആയിപ്പോയി.വിശ്രമിക്കണ്ട എന്നു കരുതിയാലും വിശ്രമിക്കേണ്ട അവസ്ഥ.ഉടനടി തുടങ്ങേണ്ടിയിരുന്നതും, ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരുന്നതുമായ നിരവധി പ്രൊജക്ടുകൾ മാത്രമാണ് ഇപ്പോൾ ചിന്തയിൽ.

മൂന്ന് ചിത്രങ്ങളാണ് തുടങ്ങാനിരുന്നത് .
എം.മുകുന്ദന്റെ തിരക്കഥയിൽ ഹരികുമാർ സാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സോമൻ അമ്പാട്ട് സാറിന്റെ ചിത്രം, അനുറാമിന്റെ ചിത്രം.

ഏറെ ആത്മബന്ധമുള്ള, വർഷത്തിൽ ഒട്ടുമുക്കാലും ചിലവഴിക്കുന്ന എറണാകുളത്തിന്റെ സിനിമാഗന്ധം അനുഭവിച്ചിട്ട് എത്രയോ ദിവസങ്ങളായി .ഇരുപത്തിരണ്ട് വർഷമായി എറണാകുളവുമായുള്ള ആത്മബന്ധം.അതിൽ ഇരുപത് വർഷവും താമസിച്ചത് ലിസ്സി ഹോസ്പിറ്റലിനടുത്തെ ഷംസു ടൂറിസ്റ്റ് ഹോമിൽ.അവിടത്തെ വഴികൾ,
ഇടവഴികൾ പോലും സുപരിചിതം.
അതിലൂടെയുള്ള നിരന്തര യാത്രകൾ.

കാണുമ്പോൾ ഉടനെ ലോട്ടറി ടിക്കറ്റുമായി ഓടിവരുന്ന പാണാവള്ളിച്ചേട്ടൻ .കുശലം പങ്കുവയ്ക്കലും ഒന്നോ രണ്ടോ ലോട്ടറി എടുക്കലും.പതിനഞ്ച് വർഷമായിട്ടുള്ള ശീലം .ടൗൺഹാളിന്റെ മുന്നിലൂടെയുള്ള പതിവ് സഞ്ചാരം.
പരിചയക്കാരെ കാണൽ.
പാലാരിവട്ടത്തെ ബൃന്ദാവൻ ഹോട്ടലിലെ പ്രഭാത ഭക്ഷണം.
സെഹിയോണിലെ ഊണ്.

എല്ലാം അറുപത് ദിവസമായ ഓർമ്മകൾ.ഷൂട്ടിംഗ് കാസർകോട്ടായാലും,
തിരുവനന്തപുരത്തായാലും മാസത്തിൽ ഒരുദിവസം മുടങ്ങാതെ എറണാകുളത്ത് എത്തുമായിരുന്നു.
കോഴിക്കോട് നിന്നും എറണാകുളത്തേക്കും തിരിച്ചും ഉള്ള ജനശതാബ്ദിയാത്ര.

യാത്രയിലെ സ്ഥിരപരിചയക്കാർ,
പരിചയക്കാരായ ടി.ടി.ഇ മാർ
ഒക്കെയും ഒരു നഷ്ടപ്പെടൽ പോലെ.
സൗഹൃദങ്ങൾ പണ്ടും ഇന്നും സൂക്ഷിക്കുന്നതുകൊണ്ടും, സൗഹൃദങ്ങൾക്ക് നല്ല വില കൽപ്പിക്കുന്നത് കൊണ്ടും,
ഷൂട്ടിംഗ് സമയത്തെപ്പോലെ തന്നെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല.
പഴയകാല സുഹൃത്തുക്കളും, സിനിമാമേഖലയിലുള്ളവരും, സ്ഥിരമായി വിളിക്കാറുള്ളവരും എല്ലാം വിളിക്കും.

അവരുടെ വിശേഷങ്ങൾ ഇങ്ങോട്ടും, എന്റെ വിശേഷങ്ങൾ അങ്ങോട്ടും പങ്കുവയ്ക്കും.ചിലർ വീഡിയോ കോളിൽ വരും.അങ്ങനെ എല്ലാവരുമായും നിരന്തര സമ്പർക്കം ഉള്ളത് കൊണ്ട് ഒറ്റപ്പെടൽ അനുഭവിച്ചിട്ടില്ല.

കാണാൻ മറന്നുപോയതും, സമയം കിട്ടാതെ മാറ്റിവച്ചതുമായ നിരവധി സിനിമകൾ കാണാൻ കഴിഞ്ഞു.
പ്രത്യേകിച്ചും എന്റെ ഇഷ്ടതാരം അനശ്വര നടൻ ജയന്റെ സിനിമകൾ വീണ്ടും കാണുവാൻ അവസരം കിട്ടി.
കുറേ ക്ലാസ്സിക് സിനിമകൾ കണ്ടു.
ആക്ഷൻ സിനിമകൾ കണ്ടു.

പല സിനിമകളും ഇപ്പോൾ കണ്ടപ്പോൾ തിയേറ്ററിൽ കാണാൻ കഴിയാഞ്ഞതിൽ നഷ്ടബോധം തോന്നി.ഒരുപക്ഷേ ഈ ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ ഈ സിനിമകളൊക്കെ ചിലപ്പോൾ കാണാനേ കഴിയുമായിരുന്നില്ല.

ഈ അവസ്ഥ ജീവിതത്തിൽ ആദ്യമായിട്ടായതുകൊണ്ടുതന്നെ ആദ്യം പൊരുത്തപ്പെടുവാൻ ചെറിയ പ്രയാസമുണ്ടായിരുന്നു.
പിന്നെ പിന്നെ മനസ്സുകൊണ്ട് ഈ അടച്ചിടലുമായി ഇഴുകിച്ചേർന്നു.
പക്ഷേ നീണ്ടുപോകുന്തോറും എന്തോ ഒരു വല്ലായ്മ.ദിവസം കഴിയുന്തോറും എങ്ങനെയെങ്കിലും ഇതൊന്ന് കഴിഞ്ഞുകിട്ടിയാൽ മതിയെന്നായി.

പ്ലാൻ ചെയ്ത സിനിമകൾ തുടങ്ങണം.
രണ്ട് മൂന്നിടങ്ങളിൽ
ചിലതിന്റെയൊക്കെ എഴുത്ത് പുരോഗമിക്കുന്നു.അവയുടെ ചർച്ചകൾ ...പുതിയ പ്ലാനിംഗുകൾ ...
വീണ്ടും ആ തിരക്കിലേക്ക് പതിയെ ഇറങ്ങണം.അപ്പോഴും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ചിലതുണ്ട്.

അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾ,
സിനിമയിലെ ദിവസവേതനക്കാർ,
മറ്റ് സാങ്കേതിക പ്രവർത്തകർ ഇവരാരും മുൻപൊരിക്കലും ഇത്തരം ഒരവസ്ഥയെ നേരിട്ടിട്ടുള്ളവരല്ലല്ലോ ?
അതുകൊണ്ടുതന്നെ അവരനുഭവിക്കുന്ന മാനസിക പിരിമുറുക്കംഊഹിക്കാവുന്നതേയുള്ളൂ.
ലോകം ആഹ്ലാദപൂർവ്വം പഴയതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്രയും വേഗം തിരിച്ചു വരണേ എന്നാണിപ്പോൾ പ്രാർത്ഥന.

ലോകം തിരിച്ചു വരും ..
ജനങ്ങൾ ജീവിതത്തിലേക്ക് മടങ്ങിവരും..നമ്മൾ അതിജീവിക്കും.
മറ്റെല്ലാ മേഖലയും, ഒപ്പം സിനിമ മേഖലയും സജീവമാകും.


ചിത്രീകരണങ്ങൾ തുടങ്ങും.
തിയേറ്ററുകൾ തുറക്കും.മഹാമാരിയെ തോൽപ്പിച്ച ജനങ്ങൾ വീണ്ടും തിയേറ്ററുകളെ ഉൽസവപ്പറമ്പാക്കും.ആ നിമിഷങ്ങൾ ഉണ്ടാവട്ടെ..അതിനുവേണ്ടി  പ്രാർത്ഥിക്കുന്നു.

ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ) 

1 comment:

  1. നമ്മൾ തിരിച്ചു വരും സാർ എന്നെ പോലുള്ളവരെ പോലും എപ്പോഴും സുഖവിവരങ്ങൾ ചോദിച്ചറിയുന്ന സാർ ഒരുപാട് നന്ദിയോടെ തന്നെ പറയുന്നു നമ്മൾ അതിജീവിക്കും ഇതെല്ലാം പഴയ പ്രതാപം വീണ്ടെടുക്കുക തന്നെ ചെയ്യും

    ReplyDelete

Powered by Blogger.