" സിനിമയും യഥാർത്ഥ യുദ്ധവും " : എസ്.എൽ പുരം ജയസൂര്യ.

സിനിമയും യഥാർത്ഥ യുദ്ധവും

കൊറോണ കഴിഞ്ഞുള്ള പുതിയ സിനിമകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ചെറിയ സബ്ജെക്റ്റുകളും ചെറിയ സംരംഭങ്ങളും ആയിരിയ്ക്കും ഇനിയങ്ങോട്ടുള്ള കുറച്ച് കാലത്തേക്ക് അഭികാമ്യം എന്ന് തോന്നുന്നു. ഒരു പ്രൊഡ്യൂസറെ ലഭിക്കുന്നതിനും ലാഭകരമായ ബിസിനസ്സ് നടക്കുന്നതിനും അതാവും നല്ലത്. വലിയ സിനിമകൾക്ക് വ്യാപകമായ റിലീസും പബ്ലിസിറ്റിയും ആവശ്യമാണല്ലോ. അതുപോലെ കാഴ്ചക്കാരും. 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എക്സിബിറ്റോഴ്സിന് (തിയേറ്റർ ഉടമകൾക്ക് )വലിയ പ്രാധാന്യം ഇല്ലാതാവുകയാണ്. കാരണം തീയറ്റർകൾ  എപ്പോൾ തുറക്കപ്പെടും ഇനി തുറന്നാലും ഉടനെ കാഴ്ചക്കാർ ഉണ്ടാകുമോ തുടങ്ങി നിരവധി സംശയങ്ങൾ  നിലനിൽക്കുകയാണ്. റിലീസ് കാത്തു നിരവധി ചിത്രങ്ങളുടെ നിരയും. ഈ സാഹചര്യത്തിലാണ് ആമസോൺ പോലുള്ള ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രസക്തി ഏറുന്നത്.  ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള റിലീസ്കൾ സിനിമയുടെ ഗ്ലാമറും വലിപ്പവും തിയേറ്റർ സംസ്കാരവും ഇല്ലാതാക്കും എന്ന കാര്യം ഉറപ്പാണ്. എന്നിരുന്നാലും വരും കാലങ്ങളിൽ ടെക്നൊളജിയോടൊപ്പം നമ്മൾ പോകേണ്ടതായിത്തന്നെ    
വരും. ചരിത്രം അതാണ് കാണിച്ചുതരുന്നത്. 

ശരിക്കും ഇനിയുള്ള യഥാർത്ഥ യുദ്ധം നടക്കാൻ പോകുന്നത് ചാനലുകളും ഡിജിറ്റൽ മീഡിയകളും തമ്മിലാണ്. കാഴ്ചക്കാരുടെ കൂടുതലും ചാനലുകളുടെ പോപ്പുലാരിറ്റിയും തന്നെയാണ് അതിനു കാരണം. ചാനലുകളുടെ ആ സ്ഥാനം ആയിരിക്കും ഡിജിറ്റൽ മീഡിയയുടെ അടുത്ത ലക്ഷ്യം. ഒരു സിനിമ ചാനലിൽ റിലീസ് ചെയ്യുമോ ഡിജിറ്റൽ മീഡിയയിൽ റിലീസ് ചെയ്യുമോ എന്നതായിരിക്കും ആ പോപ്പുലാരിറ്റിയെ തീരുമാനിക്കുന്ന ഘടകം ആകാൻ പോവുന്നത്. ഒരുപക്ഷെ ഇതൊക്ക മുന്നിൽ കണ്ടുകൊണ്ടാവും പല പ്രമുഖ ചാനലുകളും ഡിജിറ്റൽ പ്ലാറ്ഫോം കൂടി തുടങ്ങിയിരിക്കുന്നത്. 

പ്രൊഡ്യൂസർസിനെ സംബന്ധിച്ചിടത്തോളം തിയേറ്റർ റിലീസും ഡിജിറ്റൽ റിലീസും ഒന്നിച്ചാക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത് നല്ലതാണെന്നു തോന്നുന്നു. പുതിയ സിനിമയുടെ ഡിജിറ്റൽ വ്യൂയിങ് ചാർജ് കൂട്ടി നിശ്ചയിച്ചാൽ മതിയാവും. വീട്ടിൽ ഇരുന്നു കാണണമെന്നുള്ളവർ കൂടുതൽ പണം കൊടുത്തു കാണട്ടെ, അല്ലാത്തവർ തീയേറ്ററിലും കാണട്ടെ.  പണ്ട് ശ്രീ കമലഹാസൻ പരീക്ഷിക്കാൻ ശ്രമിച്ചിട്ടു നടത്താൻ കഴിയാതെ പോയ കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ തിയേറ്റർ സംസ്കാരം നശിച്ചുപോകാതെ നിലനിർത്താൻ ഇത് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. പ്രൊഡ്യൂസർനു ഡിജിറ്റൽ റൈറ്റ്സ് കൂടുതൽ ലഭിക്കുകയും ചെയ്യും.സ്റ്റാറിന്റെ വാല്യൂമാത്രമല്ല റിലീസിംഗ് അവകാശം  കൂടിയായിരിക്കും  റൈറ്റ്സ് തുക നിശ്ചയിക്കുന്നത്. 

 കൂടാതെ ഒരുനിശ്ചിത ബഡ്ജറ്റിന് താഴെയുള്ള സിനിമകൾക്ക് ഡിജിറ്റൽ റിലീസ് മാത്രം അനുവദിക്കാവുന്നതാണ്. ഒരുപാട് പുതിയ സിനിമകളും പുതിയ  അഭിനേതാക്കളും  ടെക്‌നീഷ്യന്മാരും ഉണ്ടാവാൻ അതൊരു കാരണമാവും. മാത്രമല്ല സിനിമയിൽ ദിവസക്കൂലിക്ക് വർക്ക്‌ ചെയ്യുന്ന തൊഴിലാളികൾക്കും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന മറ്റു പ്രവർത്തകർക്കും  വർക്ക്‌ ലഭിക്കാൻ ഇടയാവുകയും ചെയ്യും. . വരും കാലത്തിനെ മുന്നിൽ കണ്ടുകൊണ്ട് സർക്കാരിനോ സിനിമാ സംഘടനകൾക്കോ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുടങ്ങാവുന്നതാണ്. അതിനുള്ള അണിയറപ്രവർത്തനങ്ങൾ പല ഇടങ്ങളിലും തുടങ്ങി എന്നാണ് അറിയാൻ കഴിയുന്നത്. 

അല്ലാതെ താത്കാലിക ലാഭത്തിനുവേണ്ടി എല്ലാ സിനിമകളും ഡിജിറ്റൽ മാധ്യമത്തിലൂടെ മാത്രം റിലീസ് ചെയ്‌താൽ സിനിമയും സീരിയലും തമ്മിൽ വ്യത്യാസം ഇല്ലാതാവും. സിനിമാതാരങ്ങളും സീരിയൽ താരങ്ങളും തമ്മിൽ വ്യത്യാസം ഇല്ലാതാവും. ബിഗ്‌സ്‌ക്രീനിലെ ഇമേജിന്റെ  വലിപ്പമാണല്ലോ ഇവിടെ താരങ്ങൾ ഉണ്ടാവാൻ കാരണം. 

 മനുഷ്യൻ സമൂഹജീവി ആയതിനാൽ തീയറ്റെർ കൾക്കുള്ള പ്രസക്തി എന്നും നിലനിർത്താൻ കഴിയുന്നതാണ്.തീയേറ്റർകളിൽ നിന്ന് ജനം അകന്നുതുടങ്ങിയ  ഒരു സമയത്ത് തീയറ്ററുകളുടെ നിലവാരം ഉയർത്തി ജനങ്ങളെ  വീണ്ടും തീയേറ്ററിൽ എത്തിച്ച ഒരു ചരിത്രം ഉണ്ട്.  അതുമാത്രം മതി ശുഭാപ്തി വിശ്വാസത്തിന്... 

നിർദ്ദേശങ്ങളല്ല, തോന്നലുകൾ പങ്കുവെച്ചു എന്നു മാത്രം. 

നന്ദി നന്ദി നന്ദി.

എസ്. എൽ പുരം ജയസൂര്യ. 

( സംവിധായകൻ ) 

No comments:

Powered by Blogger.