ഈ ലോക നൃത്തദിനം സൗന്ദര്യമുള്ളതും, സ്വാർത്ഥകവുമാണ് : ഡോ. നീന പ്രസാദ്.


ഈ വർഷത്തെ ലോക നൃത്തദിനം ഏറ്റവും ദുർഘടമായ ഒരു കാലഘട്ടത്തിലൂടെ ലോകജനത കടന്നു പൊയ്കൊണ്ടിരിക്കുന്ന സമയത്താണ് എന്നത് വളരെ സങ്കടകരമാണ്. 

ഇത്തരത്തിലുള്ള പ്രതിസന്ധികൾ നാം തരണം ചെയ്യേണ്ടത് ഒരേ മനസ്സോടെയും ഉറച്ച ധൈര്യത്തോടെയുമാണ്. മനുഷ്യർ ഒന്നിച്ചു നിന്ന് ആപത്തിനെ തരണം ചെയ്യുന്ന സന്ദേശങ്ങൾ മാനവഹൃദയങ്ങളിൽ പകർന്നു നൽകാൻ കഴിയുന്നത് കലകൾക്കാണ്.

അത് കൊണ്ട് തന്നെ കലകൾ ഏറ്റവും പ്രസക്തമായിത്തീർന്നിരിക്കുന്ന ഒരു കാലഘട്ടം കൂടെയാണിത്. ടിവിയിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും കലയുടെ നിരവധി കാഴ്ചാനുഭവങ്ങൾ, നമ്മുടെ ഉള്ളിലേക്ക് നമ്മെത്തന്നെ നയിക്കുന്നുണ്ട്. കലാകാരന് മറ്റുള്ളവർക്കായി പങ്കിടാനുള്ളത് അവന്റെ ആത്മാവിഷ്കാരമായ കല തന്നെയാണ്. മറ്റുള്ളവർക്ക് നൻമയുടെ ഊർജ്ജമായി മാറേണ്ടതും കല തന്നെ. അതു കൊണ്ട് നർത്തകർ ഈ സന്ദർഭത്തിൽ തളർന്നു കൂടാ. കലാകാരൻമാർ തളർന്നു കൂടാ. സാഹോദര്യത്തിലൂടെയുള്ള മുന്നേറ്റമാണ് നമുക്കാവശ്യം. പരസ്പരം അറിഞ്ഞും ആസ്വദിച്ചും, നമുക്ക് വേണ്ടി  അധ്വാനിക്കുന്ന ആരോഗ്യ - സന്നദ്ധ പ്രവർത്തകർക്കും മാനസിക പിന്തുണയേകാം.
'
മോശമായ ശീലങ്ങളുടെ മേലുടയാടകൾ എന്നെന്നെന്നേക്കുമായി ഉപേക്ഷിച്ച്, ഉത്തരവാദിത്തത്തിന്റെ പുതിയ കുപ്പായങ്ങളണിയാം.
നമ്മുടെ താളാത്മകവും ലയസമ്പൂർണ്ണവുമായ ഉടലഴകുകൾ മാനവികതയുടെ  ആഘോഷമാക്കാം.
പ്രത്യാശയോടെ അതിജീവനത്തിന്റെ പുതിയ പാതയിൽ സമൂഹ ത്തോടൊപ്പം നമുക്കും മുന്നോട്ട് പോകാൻ സമയമായിരിക്കുന്നു.
ഇനി നമ്മുടെ നൂപുരധ്വനികൾ ഭേദിക്കേണ്ടത് നാമിന്നുവരെ പടുത്തുയർത്തിയ സ്വാർത്ഥശീലങ്ങളുടെ മായാ കവചങ്ങളെയാണ്ഉ :യർത്തേണ്ടത്, പരസ്പര സ്നേഹത്തിന്റെയും പ്രത്യാശയുടെയും പുതിയ ഹൃദയമിടിപ്പുകളാണ്.അത് കൊണ്ട് തന്നെ ഈ ലോക നൃത്തദിനത്തിലുയരുന്ന നൂപുരലയങ്ങളിലെല്ലാം  ഏകാത്മകമായി ഞാൻ കാണുന്ന ഒരു ഹൃദയ വിശുദ്ധിയുണ്ട് .അത് മറ്റെല്ലാ വർഷത്തെക്കാളും ഈ വർഷത്തെ ലോക നൃത്ത ദിനത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കുന്നു, സാർത്ഥകമാക്കുന്നു.

ഡോ. നീന പ്രസാദ് 

No comments:

Powered by Blogger.