താഴു വീണത് ഈ നാടിന്റെ താളത്തിനാണ് : അരുൺ ഏഴുത്തച്ഛൻ .കൈത്തറി ഗ്രാമമാണു ഞങ്ങളുടേത്. ജനിച്ച നാൾ മുതൽ കേൾക്കുന്നതാണ് കൈത്തറികളുടെ ശബ്ദം. കുത്താമ്പുള്ളി കൈത്തറി ഇന്ന് കേരളമാകെ പ്രശസ്തവുമാണ്. കുത്താമ്പുള്ളിയിൽ നിന്നു നെയ്തെടുക്കുന്ന കസവുസാരികളും കൈത്തറിമുണ്ടുകളും ഒരുവിധപ്പെട്ടവർക്കൊക്കെ അറിയാം. 
ആ കുത്താമ്പുള്ളിയിൽ പല ദിവസങ്ങളും നിശ്ശബ്ദമാക്കി ഈ ലോക് ഡൗൺ. നാടിന്റെ താളം നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു പല ദിവസങ്ങളിലും. 

തൃശൂർ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽപ്പെട്ട പ്രദേശമാണു കുത്താമ്പുള്ളി. തമിഴ് നാട്ടിൽ നിന്നു കുടിയേറിപ്പാർത്ത ദേവാംഗരാണ് ഇവിടേക്കു കൈത്തറി നെയ്ത്തു കൊണ്ടുവന്നത്. ഇടക്കാലത്തു മലയാളികളും നെയ്ത്ത് ഉപജീവന മാർഗമായി കണ്ടു. പക്ഷേ, പതുക്കെപ്പതുക്കെ യന്ത്രത്തറികളുടെ കടന്നുവരവായി. അതിനോടു പിടിച്ചുനിൽക്കാൻ കൈത്തറികൾ ഏറെ വിയർത്തു. എന്നാലും പഴയ തലമുറയിൽപ്പെട്ടവർ ഇന്നും കൈത്തറി നെയ്ത്തിൽ നിന്നു തന്നെ വരുമനം കണ്ടെത്തുന്നു. തമിഴ്നാട്ടിൽ നിന്നു ദിവസക്കൂലിക്ക് ഇവിടെ നെയ്ത്ത് ഗോഡൗണുകളിൽ തങ്ങി നെയ്ത്ത് നടത്തുന്ന തൊഴിലാളികൾ കുത്താമ്പുള്ളിയിൽ ഇരുന്നൂറിലേറെ പേർ വരും. 50 വയസ്സിനു മുകളിലുള്ളവരാണു കുത്താമ്പുള്ളിയിലെ
നെയ്ത്തുകാരെല്ലാം. എന്നും രാവിലെ 5നു തുടങ്ങി രാത്രി ഏഴും എട്ടും മണി വരെ തറികളിലിരുന്നു അവർ നെയ്തത് നമുക്കുള്ള പുടവകൾ മാത്രമായിരുന്നില്ല, അത് അവരുടെ ജീവിതം കൂടിയായിരുന്നു. 

അതുകൊണ്ടുതന്നെ ലോക് ഡൗൺ പൂട്ടിയത് ആ ജീവിതങ്ങളെ തന്നെയാണ്. കയ്യിലുള്ള നൂലും കസവും കഴിയുന്നതു വരെ എല്ലാവരും നെയ്തു. അതു കഴിഞ്ഞതോടെ അവർ ആശങ്കയുടെ നൂലിഴകൾ തല നീട്ടുകയായിരുന്നു. അവസാനം നെയ്ത സാരി എത്ര ആധിയോടെയായിരിക്കണം അവർ തറിയിൽ നിന്ന മുറിച്ചുമാറ്റിയത്. ഇനി എന്ത് എന്ന ചോദ്യവുമായി അവർ തറികളിൽ ഇരുന്നു.
ലോക് ഡൗൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞതോടെ കുത്താമ്പുള്ളിക്ക് ജീവതാളം നഷ്ടപ്പെട്ടു. ഈ താളമില്ലാതെ ഈ ഗ്രാമം പൂർണമാകുന്നില്ലെന്ന് ലോക്ഡൗൺ മനസ്സിലാക്കി തന്നു.പൂർണതയില്ലാത്ത ആ നാളുകളിൽ കുത്താമ്പുള്ളിയിലെ ഇടവഴികളിലൂടെ വെറുതെ നടന്നു. കണ്ടത് ആശങ്ക മുറ്റിയ കുഴിഞ്ഞ കണ്ണുകളയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞാൽ ആരു ഭക്ഷണം തരും എന്ന ആധി പലരും പങ്കുവച്ചു. തോർത്തു വിരിച്ച് തറികൾക്കു സമീപം പതിവു പോലെ ഉറങ്ങാൻ കിടന്നപ്പോൾ പേടി അവരുടെ ഉറക്കം കെടുത്തിത്തുടങ്ങി. അധികനാൾ കഴിയും മുൻപേ വിശപ്പു തന്നെ ഉറക്കം കെടുത്താനെത്തിത്തുടങ്ങി. 

സൗജന്യമായി സർക്കാർ അനുവദിച്ച റേഷൻ കിട്ടാൻ ഇവരിൽ പലർക്കും റേഷൻ കാർഡ് ഇല്ലായിരുന്നു. ആധാർ കാർഡ് ഉണ്ടെങ്കിൽ ഏതൊരാൾക്കും സൗജന്യ അരി കിട്ടുമെന്ന് അറിഞ്ഞപ്പോൾ ആദ്യം ആ വിവരവുമായി ഞാൻ ചെന്നത് റേഷനില്ലാത്തിന്റെ ആശങ്ക പങ്കുവച്ച നെയ്ത്തുകാർക്കടുത്തേക്കാണ്. 
ഒരു മൊബൈൽ നമ്പറിലേക്ക് ഒടിപി വരുമെന്നും ഫോണുമായി റേഷൻ കടയിലേക്കു വരാനും പറ​ഞ്ഞപ്പോൾ ആ കൂട്ടത്തിൽ മൂന്നാലു പേർ മടിച്ചു മടിച്ചു നിൽക്കുന്നതു കണ്ടു. അവർക്ക് ഒരു ഫോൺ പോലും ഇല്ലത്രെ. ഫോൺ ഇല്ലെന്നു കരുതി വിശപ്പിന്റെ വിളി വരാതിരിക്കില്ലല്ലോ? നൂലു കൊണ്ടു ജീവിതം തുന്നാനിരുന്നവർ നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ടു വിയർത്തു. ആധാർ കാർഡ് എന്തെന്നു പോലും അറിയാത്ത നെയ്ത്തു തൊഴിലാളികളും ഇവിടെ
ഉണ്ടായിരുന്നു. 

ഇനി ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുമ്പോഴും ഇവരുടെ ചിരി തെളിയുന്നില്ല. നെയ്തു കൊടുത്ത തുണിത്തരങ്ങൾ ആരു വാങ്ങിക്കും എന്നതാണ് ഇവരുടെ ആശങ്ക. വിഷുവും റമസാനും എല്ലാം കൊറോണ തകർത്തില്ലേ? ഇനി കസവു സാരിയും മുണ്ടും ചുറ്റാൻ ആരു വരും? എന്നു വരും? 1.10 കോടി രൂപയുടെ കൈത്തറി സാരികളാണ് ഉപഭോക്താക്കളെ കാത്ത് കുത്താമ്പുള്ളി കൈത്തറി നെയ്ത്തു സഹകരണ സംഘത്തിൽ കെട്ടിക്കിടക്കുന്നത്. ഇനി ഇതെല്ലാം വിറ്റു പോയിട്ടു വേണം ഇവർക്ക് ഇതുവരെ നെയ്തിന്റെ കൂലി കിട്ടാൻ. അതുവരെ വിശപ്പിന് ആര് ലോക് ഡൗൺ പ്രഖ്യാപിക്കും? 

അരുൺ എഴുത്തച്ഛൻ .

( ചീഫ് റിപ്പോർട്ടർ , മലയാള മനോരമ തൃശൂർ ) .

No comments:

Powered by Blogger.