" ബന്ധുര കാഞ്ചനക്കുട്ടിലാണെങ്കിലും ......." ജയേഷ് മൈനാഗപ്പള്ളി.

" ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ....." .

അതേ,

ബന്ധനം ബന്ധനം തന്നെയാണ്.
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ താത്ക്കാലികമായി 
കെട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.പക്ഷേ,നാളെ ഉയർന്ന് പറക്കണമെങ്കിൽ ഇപ്പോൾ അത് അത്യന്താപേക്ഷിതമാണ് .  കുതിച്ച്  പായുന്നതിന്  മുൻപ്  കാൽ  ഒന്ന് പിന്നോട്ട് മടക്കുന്നതുപോലെ.

എല്ലാവരും തുല്യ ദു:ഖിതരാണ്.
വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു.നാട്ടിൻപുറത്ത് ജനിച്ചതിന് ദൈവത്തിന് സ്തുതി.
ഉമ്മറത്തിരുന്നാൽ
അയൽപക്കക്കാരെ കാണാം.
വഴിയാത്രക്കാരെ കാണാം,
സംസാരിക്കാം.കുറച്ച് പുസ്തകങ്ങളും,
നെറ്റ് ഓഫർ ചെയ്ത മൊബൈലും.
എന്റെ ലോകം അതിലേക്കൊതുങ്ങി.

ദുരിതങ്ങളുടെ കാലമാണ്
പക്ഷേ ,എല്ലാവരും നെഗറ്റീവാകാൻ പ്രാർത്ഥിച്ച് കൊണ്ട്കൊറോണക്കാലം സമ്മാനിച്ച ചില പോസിറ്റീവ് ചിന്തകൾ പങ്കുവയ്ക്കാനാണ് എനിക്കിഷ്ടം.

ഉമ്മറത്തെ എന്റെ ഒറ്റയ്ക്കുള്ള ഇരിപ്പ് ഒരു ശീലമാണ്.കഴിഞ്ഞ എത്രയോ കാലമായി ആ ഇരിപ്പിൽ ഞാൻ കാണുന്ന ഒരു അമ്മൂമ്മയുണ്ട്.വയലിന് അക്കരെ നിന്ന് വരുന്നതാണ്.എന്നും രാവിലെ മുഷിഞ്ഞ, എന്നാൽ വൃത്തിയുള്ള വെള്ളക്കസവുടുത്ത് ഇതുവഴി പോകും. എന്നെ കാണുമ്പോൾ  നിൽക്കും.
കുനിഞ്ഞുള്ള ആ നടപ്പ് നിർത്തി
ഒന്ന് നടുവ് നിവർക്കും.കുശലം പറയും.
അമ്മയുടെ പരിചയക്കാരിയാണ്.
എന്നും ഞാൻ ചോദിക്കും,
"എവിടാ ...."ആറ്റുപുറത്തോട്ടാ മോനേ "
( ആറ്റുപുറം - ഞങ്ങളുടെ നാട്ടിലെ പി.എച്ച്.സെന്ററാണ് ) .ഈ അമ്മൂമ്മ എന്നും പോകും.
ഒരസുഖവുമില്ല.അതൊരു ശീലം....
പോവുക, ഡോക്ടറെ കാണുക, മരുന്നു വാങ്ങുക, കഴിക്കുക ...
എന്തിനോ ?ലോക്ക് ഡൗൺ തുടങ്ങി കുറച്ച് ദിവസം കാണാതിരുന്ന അമ്മൂമ്മയെ കഴിഞ്ഞ ദിവസം കണ്ടു.
ഒരു ഓലമടലും തലയിൽ ചുമന്ന് ചുറുചുറുക്കോടെ നടന്ന് പോവുന്നു.
ഒരു കുഴപ്പവുമില്ല .

മറ്റൊരു സുഹൃത്തുണ്ടായിരുന്നു,
എന്നും കാണുമ്പോൾ ഭാര്യയും, ഭർത്താവും കുഞ്ഞുമായി ബൈക്കിൽ പോവുന്നത് കാണാം.ചോദിച്ചാൽ
" കുഞ്ഞിന് സുഖമില്ല... ഡോക്ടറെ കാണാൻ പോകുന്നു."എന്താ അസുഖം എന്ന് ചോദിച്ചാൽ ഉടനെ വരും മറുപടി,
" എന്നും രാവിലെ മൂത്രമൊഴിക്കുന്നതാ, ഇപ്പോ എട്ടു മണിയായിട്ടും ഒഴിച്ചില്ല ." കരച്ചിൽ നിർത്തുന്നില്ല ". "  രാത്രി പന്ത്രണ്ട് മണിക്ക് ഉണർന്നതാ, പിന്നെ ഉറങ്ങിയില്ല ''ഇങ്ങനെയുള്ള 'മാറാരോഗങ്ങളാണ് " .
കഴിഞ്ഞൊരു ദിവസം രാവിലെ വഴിയിലൂടെ പതിവില്ലാതെ നടന്നു വരുന്നു. കാര്യം തിരക്കിയപ്പോൾ 

"കുഞ്ഞിന് ജലദോഷം.
ചുക്കുകാപ്പി ഇട്ടു കൊടുത്തു.
ഇനി തുളസിയില ഇട്ട വെള്ളത്തിൽ
ഒന്ന് കുളിപ്പിക്കണം"അതിന് തുളസിയില തിരക്കി ഇറങ്ങിയതാണ്.
" ഡോക്ടറെ കാണിച്ചില്ലേ ? " ."  ഓ... ഇതങ്ങ് മാറും " .ഇനി ഡോക്ടറെ കാണിച്ചിട്ട് പിന്നെ അതുമിതുമൊക്കെ ടെസ്റ്റ് ചെയ്ത് ... ക്വാറന്റൈൻ ...മെനക്കേടാവും " ഇതും പറഞ്ഞ് നടന്ന് പോയി .

ഞാൻ ഒരു നിമിഷം നോക്കി നിന്നു പോയി. എന്തൊരു മാറ്റം.
ആശുപത്രിയും, മരുന്നുമൊക്കെ അമ്പലത്തിൽ പോക്ക് പോലെ ശീലമാക്കിയ നമ്മുടെ നാട്ടുകാർക്ക് ഇതെന്തുപറ്റി.

പണ്ട് ഒരു സിനിമയിൽ പറഞ്ഞതുപോലെ ഞാൻ മനസ്സിൽ പറഞ്ഞു . "  നന്ദി കൊറോണാ ... ഒരായിരം നന്ദി " .ഒന്നു ചീഞ്ഞാൽ ഒന്നിനു വളമാകും എന്നു പറഞ്ഞത് പോലെ കൊറോണയുടെ മറുവശം ഹരിതാഭമാണ്.

കഴിഞ്ഞ വർഷം വരെ ഒരു പ്ലാവിലെ മുഴുവൻ ചക്കയും വെറും മുന്നൂറോ നാന്നൂറോ രൂപയ്ക്ക് വിറ്റ് കുപ്പി വാങ്ങിയവർ ഇപ്പോ ദേ മക്കളും കൊച്ചുമക്കളുമായിരുന്ന് ചക്കപ്പുഴുക്ക് കഴിക്കുന്നു.പറമ്പിൽ കിട്ടാവുന്ന 
ഓലമടലൊഴികെ ഒരുവിധപ്പെട്ട എല്ലാം ഭക്ഷണത്തിൽ ഉൾപ്പെട്ടു കഴിഞ്ഞു.
ദിവസം അഞ്ഞൂറു രൂപയുടെ മീൻ വാങ്ങിയില്ലെങ്കിൽ മനസ്സമാധാനം കിട്ടാതിരുന്നവർ ഒരു കിലോ നെയ്മത്തിയുമായി ഒരാഴ്ച സുഭിക്ഷം.

സ്ഥിരമായി കരുനാഗപ്പള്ളിയിൽ പോയി വൈകുന്നേരങ്ങളിൽ മകന് തന്തൂരി വാങ്ങിക്കൊടുത്തു കൊണ്ടിരുന്ന അയൽക്കാരന്റെ വീട്ടിൽ നിന്നും ഇപ്പോൾ വൈകുന്നേരങ്ങളിൽ കശുവണ്ടി ചുടുന്ന ഗൃഹാതുരഗന്ധം കാറ്റിൽ കടന്നു വരുന്നു. ആ
മണത്തിൽ ഞാനലിയുന്നു.എന്റെ ബാല്യത്തിലേക്ക്...


കേൾക്കുന്ന വാർത്തകൾ ദു:ഖകരമെങ്കിലും, നേരിട്ട് കാണുന്നതൊക്കെയും
പ്രതീക്ഷാനിർഭരമായ കാഴ്ചകൾ .
ഈ മഹാമാരി വിട്ടു പോയാലും
ഈ നല്ല മാറ്റങ്ങൾ കുറെയൊക്കെ
ഇങ്ങനെ തുടർന്നെങ്കിൽ ...............


ജയേഷ് മൈനാഗപ്പള്ളി.
( സംവിധായകൻ ) .

1 comment:

Powered by Blogger.