കോറോണയെന്ന മഹാമാരി എത്രയും പെട്ടെന്ന് നമ്മളെ വിട്ടുപോകട്ടെ : ബാദുഷ .

ഈ കൊറോണ കാലത്ത്  ഞാൻ കണ്ട കാഴ്ചകൾ പലതാണ് .ഒരു പക്ഷെ സിനിമകാരിൽ ഏറ്റവും ആദ്യം ഹോം കൊറൈന്റിൻ ആയ വ്യക്തി ഞാനായിരിക്കും . ആ പതിനാല് ദിവസവും രാവിലെയും  വൈകുന്നേരവും മുടങ്ങാതെ ആരോഗ്യ സ്ഥിതി അറിയുവാൻ വിളിക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെ പോലീസുകാർ .പിന്നെ ആന്റോജോസഫും  പിഷാരടിയും .  വൈകുന്നേരങ്ങളിൽ എന്നെ ദൂരെ നിന്ന് കാണുവാൻ വരുന്ന സുബൈറിക്ക (മഹാ സുബൈർ ) .ഇവർക്കു മാത്രമേ ഞാൻ നിരീക്ഷണത്തിലാണ് എന്നറിയത്തുള്ളൂ .

പതിനാല്  ദിവസത്തിന്  ശേഷം ഫേസ് ബുക്കിൽ ഇട്ടപ്പോഴാണ് എല്ലാവരും വിവരം അറിയുന്നത് .അറിഞ്ഞതിനു ശേഷം സിനിമ മേഖലയിലുള്ള  ഒട്ടു മിക്ക ആളുകളും വിളിച്ചു ക്ഷേമം അന്വേഷിച്ചു .അങ്ങനെ ഇരിക്കുമ്പോഴാണ് ലോക്ക്ഡൗൺ അനൗൺസ് ചെയ്യുന്നത് .

ആ സമയത്താണ് ഞങ്ങൾ ആറ്  പേർ ചേർന്ന് കുറച്ചു ആളുകൾക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാമെന്ന പ്ലാൻ ഉണ്ടാക്കുന്നത് .ആ സമയങ്ങളിലാണ് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അന്നന്നുള്ള അഷ്ടിക്ക് വക കണ്ടു ജീവിച്ചിരുന്നവരുടെ ഭീകരഅവസ്ഥ നമ്മൾ കണ്ടത് .പെട്ടെന്നുണ്ടായ ഈ മഹാമാരിയിൽ തകർന്നു പോകുന്ന ഒരു പറ്റം ജനസമൂഹത്തെ നമ്മൾ നേരിൽ കാണുന്നത്  ഭീകരാവസ്ഥയാണ്.

ഒരു ദിവസം പോലും ഇടവേളയില്ലാതെ ഓടി നടന്നു ജോലി ചെയ്തിരുന്ന നമ്മൾ പെട്ടെന്ന് വീട്ടിൽ ഒതുങ്ങി കൂടുക എന്നുള്ള ഒരു അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല. പതിനാല്  ദിവസം വീട്ടിൽ തന്നെ ഒതുങ്ങിയ ആ ഒരു അവസ്ഥ ആർക്കും ഇനി ഒരിക്കലും ഉണ്ടാകരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച ദിവസങ്ങൾ. ഈ കിച്ചൺ പരിപാടി കൂടി ഉണ്ടായിരുന്നില്ല എങ്കിൽ ഞാൻ എങ്ങനെ ആയി തീരുമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു . 

ഈ ലോകത്തെ പിടികൂടിയ ഈ മഹാമാരി എത്രയും പെട്ടെന്ന് നമ്മളെ വിട്ടു പോകട്ടെ എന്ന് സർവേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം .

ബാദുഷ .

( പ്രൊഡക്ഷൻ കൺട്രോളർ, നിർമ്മാതാവ് ) 

No comments:

Powered by Blogger.