ആ അമ്പിളി മറയില്ല :ഷാജി പട്ടിക്കര

ആ അമ്പിളി മറയില്ല.

തിരക്കുകളൊഴിഞ്ഞ ഈ വേളയിൽ
ജനൽച്ചില്ലിനരികെ നിന്ന്
അകലെ ആകാശത്തിലേക്ക്
കണ്ണോടിച്ചപ്പോൾ അങ്ങകലെ അമ്പിളിക്കല കാണാം.

കാർമേഘത്തിന്റെ ഇരുളിൽ
നക്ഷത്രങ്ങൾ മറഞ്ഞപ്പോൾ
മറയാതെ, മായാതെ
കൂടുതൽ തെളിമയോടെ
ഒരമ്പിളിക്കല.മലയാളത്തിന്റെ സ്വന്തം
അമ്പിളിച്ചേട്ടനെപ്പോലെ.
ജഗതി ശ്രീകുമാർ എന്ന പേര്
അടുപ്പമുള്ളവർക്ക്
അമ്പിളിയായിരുന്നു.അമ്പിളിച്ചേട്ടൻ.

ആരൊക്കെ വന്നാലും, പോയാലും
പകരം വയ്ക്കാനില്ലാത്ത വിസ്മയം.
ചില ഓർമ്മകൾ എത്ര പെട്ടന്നാണ്
തുറന്നിട്ട മനസ്സിലേക്ക്
മുന്നറിയിപ്പില്ലാതെകടന്നു വരുന്നത്.
ഞാൻ കുറച്ച് പിന്നിലേക്ക്മനസ്സിനെ കൊണ്ടുപോയി.

2012 മാർച്ച് 9 വെള്ളിയാഴ്ച്ച.
ഞാൻ അപ്പോൾഹരിനാരായണൻ സംവിധാനം ചെയ്ത നോട്ടി പ്രൊഫസ്സർ എന്ന സിനിമയുടെ
ലൊക്കേഷനിലാണ്.ഉച്ചയ്ക്ക് പതിവുള്ള നിസ്ക്കാരം കഴിഞ്ഞ്
അമ്പിളിച്ചേട്ടനെ വിളിച്ചു.നോട്ടി പ്രൊഫസ്സറിൽ ഒരു പ്രധാന വേഷം ചെയ്യേണ്ടത്അമ്പിളിച്ചേട്ടനാണ്.

മുൻപ് പറഞ്ഞുറപ്പിച്ചതാണ്.
14 ന് രാത്രി തിരിക്കും.15 ന് രാവിലെ ലൊക്കേഷനിൽ എത്തും.
അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.
എങ്കിലും ഒന്ന് വിളിച്ചു.
ഒന്നോർമ്മപ്പെടുത്താൻ.ഫോണെടുത്തു. മാറ്റമൊന്നുമില്ല,15 ന് രാവിലെ എത്തും. ഉറപ്പു പറഞ്ഞു.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ
പ്രൊഡക്ഷൻ കൺട്രോളർ
മനോജ് കാരന്തൂരിനെ വിളിച്ചാൽ
മതിയെന്ന് പറഞ്ഞു.ഞാൻ മനോജിനെയും വിളിച്ചു,
വിവരം ഓർമ്മിപ്പിച്ചു.കുഴപ്പമില്ല,
പതിന്നാലിന് അവിടെ വർക്ക് കഴിയും
എന്നു പറഞ്ഞു.

അന്ന് കുറച്ചധികം
ജോലിത്തിരക്കുണ്ടായിരുന്നു.
കിടന്നപ്പോൾ വൈകി.ശനിയാഴ്ച്ച പുലർച്ചെ സുബഹി നിസ്ക്കാരം കഴിഞ്ഞ്ടിവി ഓൺ ചെയ്യുമ്പോഴാണ്
ആ ദുരന്ത വാർത്ത അറിയുന്നത്.

അമ്പിളിച്ചേട്ടൻ ആശുപത്രിയിലാണ്.
കോഴിക്കോട്യൂണിവേഴ്സിറ്റിക്കടുത്തുള്ള പാണമ്പ്ര വളവിൽ വച്ച്
അപകടം പറ്റിയിരിക്കുന്നു.


ലെനിൻ രാജേന്ദ്രൻ സാറിന്റെ
ഇടവപ്പാതി എന്ന സിനിമയുടെ
ലൊക്കേഷനിലേക്ക്
പോകുംവഴിയായിരുന്നു അപകടം.
ശരീരത്തിലെസകല ഊർജ്ജവും
ചോർന്നു പോകുന്നത് പോലെ
തോന്നി. മൊത്തത്തിൽ ഒരു ഇരുട്ട്.
ആ മുഖം മാത്രം മനസ്സിലങ്ങനെ.

ഇപ്പോൾ ഈ ഇരുട്ടിൽ
ആ അമ്പിളിക്കല കാണും പോലെ!
മാതൃവന്ദനം എന്ന സിനിമയാണ്
അമ്പിളിച്ചേട്ടനൊപ്പം ഞാൻ അവസാനമായി ചെയ്തത്.
എം.കെ.ദേവരാജ്സംവിധാനം ചെയ്ത
ആ ചിത്രത്തിൽസുകുമാരിയമ്മയും
അമ്പിളിച്ചേട്ടനുംഅമ്മയും മകനുമായിരുന്നു.

അതിന് മുൻപ് ചെയ്ത,അമ്പിളിച്ചേട്ടൻ
അഞ്ച് വേഷത്തിലഭിനയിച്ച 
മൂന്നു വിക്കറ്റിന് 
മുന്നൂറ്ററുപത്തഞ്ച് റൺസ്
എന്ന ചിത്രം ഡബ്ബിംഗ് കഴിഞ്ഞിട്ടില്ല.
ബാബു പള്ളാശ്ശേരിയുടെ
തിരക്കഥയിൽ കെ.കെ.ഹരിദാസാണ്
സംവിധാനം ചെയ്തത്.

അമ്പിളിച്ചേട്ടന്റെ അപകടം നടന്ന് കുറേ കാലത്തിന്ശേഷമാണ് അതിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി
റിലീസ് ചെയ്തത്.

പ്രശാന്ത് കാഞ്ഞിരമറ്റവും,
രമേഷ് കുറുമശ്ശേരിയും ചേർന്നാണ്
ആ അഞ്ചു കഥാപാത്രങ്ങൾക്കായി
അമ്പിളിച്ചേട്ടന്റെ ശബ്ദത്തിൽ
സംസാരിച്ചത്.
ശരിക്കും, ഹൃദയം നിറയെ സ്നേഹം നിറച്ച ഒരു പച്ച മനുഷ്യൻ.
നിരവധി സിനിമകൾ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.

രണ്ട് മക്കളുടേയും വിവാഹത്തിന്
സിനിമയിലെ പല താരങ്ങളെയും,
ടെക്നീഷ്യൻമാരെയും
ക്ഷണിക്കുന്നതിനായി
അമ്പിളിച്ചേട്ടനൊപ്പം ഞാനും പോയിരുന്നു.

ഏതാണ്ട് മൂവായിരത്തോളം
കല്ല്യാണക്കുറികളിൽ അഡ്രസ്സ് ഒട്ടിച്ചത്
ഞാനും കൂടി ചേർന്നാണ്.
ഒരാഴ്ച്ചയോളം കൊച്ചിൻ ടവർ ഹോട്ടലിലായിരുന്നു
അതിന്റെ ജോലികൾ .

അങ്ങനെയൊരു ഹൃദയ ബന്ധം
ആ വലിയ മനുഷ്യനുമായി
സൂക്ഷിക്കാൻ കഴിഞ്ഞത് തന്നെ
എന്റെ ഭാഗ്യം .നോട്ടി പ്രൊഫസ്സറിൽ
അമ്പിളിച്ചേട്ടനു പകരം
ആ കഥാപാത്രം പിന്നീട് ചെയ്തത്
 ഭീമൻ രഘു ആയിരുന്നു.

ആ പ്രഭാതം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല .ഇന്നിപ്പോൾ ആകാശത്ത്കാർമേഘങ്ങൾ മൂടിയിരിക്കുന്നു.തെളിഞ്ഞു നിൽക്കുന്ന അമ്പിളിക്കലയെ അതിടയ്ക്കിടെ മറയ്ക്കുന്നു. ഓരോ തവണ മറയുമ്പോഴുംപൂർവ്വാധികം ശക്തിയിൽ അത് വീണ്ടും തെളിയുന്നു.
അത് പൗർണ്ണമിയിലേക്കുള്ള
യാത്രയാണ്.

പാൽനിലാവ് പൊഴിച്ച്പൂർണ്ണ വൃത്തത്തിൽ നിറഞ്ഞ ശോഭയോടെ
ആ അമ്പിളി തെളിയും,
കാർമേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്ത്.

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

ഷാജി പട്ടിക്കര.

No comments:

Powered by Blogger.