പ്രവാസി അഥവാ " Expatriate " .

എം.എ. നിഷാദിന് പറയാനുള്ളത് .
.................................................................


''An expatriate is a person residing in a country other than their native country''...

ആരാണ് പ്രവാസി ?

ഉദയന്റെ  ഒരു കവിതയുണ്ട്..
''മഴക്കാലവും,മാമ്പളക്കാലവും മനസ്സിൽ സൂക്ഷിച്ച് കൊണ്ട് വിയർപ്പ് കൊണ്ട്അത്തറുപൂശി,
മണലാരണ്യങ്ങളെ പ്രണയിക്കുന്ന പരിത്യാഗി അവൻ''- പ്രവാസി .....

ആരെങ്കിലും പ്രവാസ ജീവിതം ഇഷ്ടപ്പെടുമോ..ഇല്ലഎന്നാണുത്തരം..സ്വന്തം നാടും,വീടും,ഉറ്റവരേയും ഉടയവരേയും വിട്ട് അന്യ ദേശത്തേക്ക് പറക്കുന്നവർ അല്ലെങ്കിൽ പറിച്ച് 
നട്ടപെട്ടവർ..സ്വന്തം കുടുംബം പോറ്റാൻ,ഉറ്റവരാരും പട്ടിണിയാകാതിരിക്കാൻ അന്യദേശത്ത് ഉപജീവനത്തിന് വേണ്ടി അവൻ കഷ്ടപ്പെടുന്നു..പ്രവാസം കണ്ണീരും,നൊമ്പരവും,ഏകാന്തതയും ഒറ്റപ്പെടലുമാണ്..പ്രവാസം..

''രോഗങ്ങളെ വാരികൂട്ടി ആരോഗ്യം ക്ഷയിക്കുന്നത് ഒരു പ്രവാസിയുടെ ജീവിതത്തിലെ നിത്യ കാഴ്ച്ചയാണ്...
അവൻ കഷ്ടപ്പെടുന്നത് അവന്റെ  കുടുംബത്തിന് വേണ്ടി മാത്രമല്ല..ഈ നാടിന് വേണ്ടി കൂടിയാണ്..നമ്മുടെ നാടിന്റെ  സമ്പത്ത്ഘടനയെ  താങ്ങി നിർത്തുന്നതും,അവന്റെ  ചോര നീരാക്കിയ അത്തറിന്റെ  മണമുളള ദിനാറുകളോ,റിയാലുകളോ ആണ്..ഈ സത്യം നാം മറന്ന് കൂടാ സുഹൃത്തുക്കളെ...

എഴുപതുകളിലേയും,
എൺപതുകളിലേയും,നമ്മുടെ കൊച്ച് കേരളത്തിലെ ഒരു നല്ല കാഴ്ചയാണ്  ഞാൻ മുകളിൽ കൊടുത്ത ചിത്രം..

ഗൾഫിൽ നിന്നും വരുന്ന ഓരോ പ്രവാസികളുടേയും കാറുകൾക്ക് പുറകേ ഓടാത്ത ആരുണ്ട് നമ്മുടെയിടയിൽ...അവന്റെ  പെട്ടി തുറക്കുന്നതും കാത്ത് നിൽക്കുന്ന ബന്ധുക്കളുടേയും,സുഹൃത്തുക്കളുടേയും നീണ്ട നിര ഒരു കൗതുക കാഴ്ച തന്നെയായിരുന്നു...എല്ലാവരേയും തൃപ്തിപ്പെടുത്താൻ ഓരോ ഗൾഫ് കാരനും ശ്രദ്ധിച്ചിരുന്നു...അവന്റെ  സന്തോഷവും അത് തന്നെയായിരുന്നു..

എന്റ്റെ കുടുംബത്തിലും പ്രവാസികളുണ്ടായിരുന്നു..എന്റെ  വാപ്പയുടെ സഹോദരൻ മൻസാർ കൊച്ചാപ്പ അബൂദാബിയിൽ നിന്ന് വരുമ്പോൾ അദ്ദേഹത്തിന്റെ  പെട്ടി തുറക്കാൻ ഞാനും കൂട്ടം കൂടി നിന്നിട്ടുണ്ട്...ആദ്യമായി പലവർണ്ണങ്ങളിലുളള സ്കേയിൽ ,മണമുളള റബർ,ബ്രൂട്ട് പെർഫ്യും ഇതൊക്കെ എനിക്ക് കൊണ്ട് വന്നത് അദ്ദേഹമാണ്..കൊച്ചാപ്പ ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ട് വർഷം കഴിയുന്നു,ജീവിതത്തിന്റെ  ഏറിയ പങ്കും പ്രവാസ ജീവിതം നയിച്ചയാൾ...വാപ്പയുടെ സഹോദരീ ഭർത്താവും എന്റെ  ഗുരുസ്ഥാനിയായ താഹാ ..അദ്ദേഹമാണ് ക്യാമറയുടെ ബാല പാഠങ്ങൾ പഠിപ്പിച്ചുതന്നത് ഫുജൈറായിലായിരുന്നു അദ്ദേഹത്തിന് ജോലി ...ഉമ്മയുടെ സഹോദരൻ കുളത്തൂപ്പുഴയിലുളള എം എം ബഷീർ ,അബൂദാബിയിൽ നിന്നും അദ്ദഹം കൊണ്ട് വരുന്ന പെട്ടികളിൽ എനിക്കുളള കളിപ്പാട്ടങ്ങളുടെ ഒരു ശേഖരംതന്നെയുണ്ടായിരുന്നു..എന്റെ  കുട്ടിക്കാലത്തെ ഞാൻ കണ്ട പ്രവാസികളായിരുന്നു ഇവർ മൂന്ന് പേരും..
കാലം മാറി...
നമ്മുടെ ജീവിത നിലവാരം ഉയർന്നു..
അതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചതും ഇന്നും വഹിക്കുന്നതും വിദേശത്ത് പണിയെടുക്കുന്ന നമ്മുടെ സഹോദരങ്ങളാണ്...

കോവിഡ്  19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന ദുഖകരമായ വാർത്ത നാം ദിനം പ്രതി കേൾക്കുന്നു..കരുതലും ജാഗ്രതയുമാണ് നമ്മുക്ക് വേണ്ടത്....ഈ രോഗം ആരും മനപ്പൂർവ്വം വരുത്തുന്നതല്ല എന്ന ബോധവും നമ്മുക്ക് വേണം സുഹൃത്തുക്കളെ..

അകലം പാലിക്കണം...അടുപ്പം ഒട്ടും കളയാതെ...ഗൾഫിൽ നിന്ന് വരുന്ന പ്രവാസികളോട് നികൃഷ്ട ജീവികൾ എന്ന തരത്തിൽ പെരുമാറുന്ന ചിലരെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ട്...അത് തെറ്റായ മനോഭാവമാണ്...അത് നന്ദി കേടാണ്..

പ്രളയം വന്നപ്പോഴും,മറ്റ് ദുരിതങ്ങൾ വരുമ്പോഴും നമ്മളെ താങ്ങി നിർത്തിയ കരങ്ങളേയാണ് നമ്മൾ തട്ടിയകറ്റുന്നത്..അത് ഹൃദയം നുറുങ്ങുന്ന വേദനയാണ് ....

പ്രവാസികളേ കുറ്റവാളികളായി കാണരുത് ഒരപേക്ഷയാണ്...ഹൃദയം കൊണ്ടവരേ ചേർത്ത്നിർത്തുകയാണ് നാം ചെയ്യേണ്ടത്..

നമ്മൾ അവരോടൊപ്പമുണ്ടെന്ന കരുതൽ...അത് മതി
അവർക്ക്..നന്ദിയില്ലെങ്കിലും നിന്ദിക്കരുത്...

ഈ കൊറോണകാലത്ത്,വിദേശത്ത് നിന്നും വന്നതിന് ശേഷം ആരോഗ്യവകുപ്പിന്റെ  നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുന്നവരെ ഒരു തരത്തിലും
ന്യായീകരിക്കുന്നില്ല..അത് ചെയ്യുന്നവരായാലും അവർ തെറ്റുകാരാണ്.

കുവൈറ്റ് യുദ്ധകാലത്തെ ഒരനുഭവം കൂടി ഓർമ്മയിൽ നിന്നും എഴുതാതിരുന്നാൽ ഈ കുറിപ്പ് പൂർണ്ണമാകില്ല,എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ എന്റെ  ഒരു സുഹൃത്തിനെ അഭയാർത്തി എന്ന് നാട്ടിലുളള ചില സദാചാര വാദികൾ വിളിച്ചാക്ഷേപിച്ചത് ,അത് കേട്ട് നിസ്സംഗനായി ചിരിച്ച എന്റെ  സുഹൃത്തിന്റെ മുഖം ഇന്നും ഞാൻ മറന്നിട്ടില്ല...ഇതേയാളുകൾ എത്രയോ പ്രാവശ്യം ഇതേ അഭയാർത്തിയുടെ സഹായംകൈപറ്റിയവരാണെന്നുളളതാണ് അതിന്റെ
രസം...ചിലരങ്ങനെയാണ്...

പ്രത്യേകതരം മാനസ്സികാവസ്ഥയുളളവർ...
അത്തരം മാനസ്സികരോഗികളായി നാം മാറാതിരിക്കുക...
പ്രവാസികൾ ഈ നാടിന്റെ  സ്വത്താണ്..
അവരുടെ കണ്ണുനീർ വീണാൽ...
അതൊരു ശാപമാകും...

ഇതെഴുതുമ്പോൾ എന്റെ വീട്ടിലുമുണ്ട് പ്രവാസികൾ ഖത്തറിലുളള സഹോദരിയും,ഒമാനിലുളള സഹോദരനും,പിന്നെ ബന്ധുക്കളും,എന്റെ  പ്രിയപ്പെട്ട സുഹൃത്തുക്കളും...അവരെ പറ്റി ആകുലതയുണ്ട്...പ്രാർത്ഥനകളും...

എം.എ. നിഷാദ് 
( സംവിധായകൻ ,നടൻ ) 

No comments:

Powered by Blogger.