ഓർമ്മകളുടെ റീലുകൾ .

           ഓർമ്മകളുടെ റീലുകൾ.

പണ്ട്....

വർഷങ്ങൾക്കു മുൻപ്
റെയിൽവേ സ്‌റ്റേഷനിലോ
ബസ്റ്റാൻഡിലോ നിന്നാൽ തിളങ്ങുന്ന,
ചതുരത്തിലുള്ള തകരപ്പെട്ടികൾ
തലയിൽ ചുമന്ന് പോകുന്ന
ചുമട്ട്കാരെ കാണാമായിരുന്നു.
മിക്കവാറും വ്യാഴാഴ്ച്ചകളിലായിരുന്നു
ഈ കാഴ്ച്ച കൂടുതൽ.തൊട്ടടുത്ത ദിവസം തിയറ്ററുകളിൽ 
നിറഞ്ഞോടേണ്ട സിനിമകളുടെ  ഫിലിം റീലുകൾ നിറച്ചപെട്ടികളാണവ.

മിക്കവാറും അർദ്ധരാത്രി സമയങ്ങളിൽ എത്തുന്ന ഈ പെട്ടികൾ
നേരം പുലരും വരെ
ബസ്റ്റാൻഡിന്റെയോ റെയിൽവേ സ്റ്റേഷന്റെയോഏതെങ്കിലും ഒരു
ഒഴിഞ്ഞ മൂലയിൽ ഇരിപ്പുണ്ടാവും.
ആരാലും ശ്രദ്ധിക്കപ്പെടാതെ.അതിൽ
കോടികൾ മുടക്കിയ സൂപ്പർതാര ചിത്രങ്ങൾ മുതൽ,ചെറിയ ബഡ്ജറ്റ് സിനിമകൾ വരെ ഉണ്ടാകും .

അവിടെ നിന്നും റിലീസ് ദിവസം രാവിലെ തിയേറ്ററിലെത്തുന്നതോടെ
അവയുടെ 'ജാതകം മാറിമറിയും.
തിയേറ്ററിനു പുറത്ത്അക്ഷമരായി നിൽക്കുന്നആൾക്കൂട്ടത്തിന് നടുവിലൂടെ ഒരു വി.വി.ഐ.പി. പരിവേഷത്തിലാകുംഇവയെ കൊണ്ടു പോവുക.അതുവരെ അക്ഷമരായി
അസ്വസ്ഥരായിഅവിടെയുമിവിടെയും
കൂടി നിന്നവർ ആ കാഴ്ച്ച കാണുന്നതോടെആർപ്പുവിളികളുമായി
കൗണ്ടർ ലക്ഷ്യമാക്കി ഓടും..

നിമിഷം കൊണ്ട്അതൊരു ക്യൂ ആയി മാറും.കാത്തിരിപ്പിന്റെവിരാമം കുറിച്ച്
തിയേറ്ററിലെ ബെൽ മുഴങ്ങും..
അതേ, ഷോ തുടങ്ങാൻ പോവുകയാണ്.പെട്ടി എത്തുന്നത് കാണുമ്പോൾഅത് കഴിഞ്ഞ് 
ആ ബെല്ല് മുഴങ്ങുമ്പോൾ
അനുഭവിക്കുന്ന മാനസികാവസ്ഥ
അത്പറഞ്ഞറിയിക്കാൻ കഴിയില്ല.
അനുഭവിച്ചവർക്കേ അറിയൂ.

സൂപ്പർതാര ചിത്രങ്ങളുടെ ഫിലിം പെട്ടികളാണെങ്കിൽ ആരാധക വൃന്ദങ്ങളുടെ വമ്പൻ സ്വീകരണമുണ്ടാകും .ചെണ്ടയും, ആർപ്പുവിളികളും, പടക്കം പൊട്ടിക്കലും..ചിലപ്പോൾ
ആനയും, അമ്പാരിയുമുണ്ടാകും  .
ആനപ്പുറത്ത് രാജകീയമായ 
പ്രൗഢിയിൽ ആ ഫിലിം പെട്ടി
ഇരിക്കുന്നുണ്ടാവും .റിലീസ് ദിവസം രാവിലെതിയേറ്ററിലെത്തുമ്പോൾ
ചിലപ്പോൾ 'ദുഃഖം നിറഞ്ഞ ഒരു മൂകത
തളം കെട്ടി കിടക്കുന്നുണ്ടാവും .ഒരു മരണവീടിന്റേതിന് സമാനമായ
ആ അന്തരീക്ഷത്തിൽ
അവിടവിടെയായി സങ്കടവും, ദേഷ്യവും നിറഞ്ഞപിറുപിറുക്കലുകൾ കേൾക്കാം.അത് ഒരു സൂചനയാണ്.

' പെട്ടി വന്നില്ല'എന്ന ദുഃഖ വാർത്തയുടെ സൂചന.ആ മൂകതയെ
നിമിഷംകൊണ്ട്ആർപ്പുവിളികളാക്കിക്കൊണ്ടാണ്പെട്ടിയുടെ വരവ് .പിന്നെയവിടെഉത്സവമാണ് ....
അതൊക്കെയൊരു കാലം .ഞാനും അനുഭവിച്ചിട്ടുണ്ട്ഈ അവസ്ഥ.
പണ്ടാണ്; ചെറുപ്പത്തിൽ,കുന്നംകുളം ഭാവന തിയേറ്ററിൽ '' പൂവിന് പുതിയ പൂന്തെന്നൽ'എന്ന ചിത്രം
കാണാൻ പോയി.റിലീസ് ദിവസമാണ്.
റിലീസിന്റെയന്ന് കാണണം,
അതൊരു ശീലമാണ്.കാലേകൂട്ടി
തിയേറ്ററിലെത്തി.ഗേറ്റ് അടഞ്ഞുകിടക്കുന്നു.പുറത്ത് നല്ല ആൾക്കൂട്ടം .ആരോ പറഞ്ഞു -
' പെട്ടി എത്തിയില്ല' .നെഞ്ചിനുള്ളിൽ
ഒരിടിത്തീയാണ്...വരുമോ?

വരും ...
വരാതിരിക്കല്ല..
ഷോ കാണുവോ ?
കാണും ..
ചിലപ്പോ ...


ഇങ്ങനെ പല രീതിയിൽ
അവിടവിടെയായി സംഭാഷണങ്ങൾ .
ഒടുവിൽ അതാ വരുന്നു.
ആംബുലൻസിനേപ്പോലെ ഉച്ചത്തിൽ ഹോൺ മുഴക്കിഒരു വെളുത്ത
അംബാസഡർ കാർ ...
" പെട്ടി വന്നേ..... ''ഒരജ്ഞാത ശബ്ദം .
പിന്നെയെല്ലാം മിന്നൽവേഗം.

ഗേറ്റ് തുറക്കുന്നു,ബെൽ മുഴങ്ങുന്നു,
ക്യൂ... ടിക്കറ്റ് ...അങ്ങനെ
ഒരു സീറ്റ് തരപ്പെടുത്തി
അവിടെയിരുന്നപ്പോഴാണ്ശ്വാസം നേരേ വീണത്.ആത്മനിർവൃതി
എന്നൊക്കെ പറയുമെങ്കിലും
അതൊക്കെ അനുഭവിച്ചത്
അന്നൊക്കെയാണ്.പിന്നീടൊരിക്കൽ
കുന്നംകുളം താവൂസിൽ ശോഭരാജ് എന്ന സിനിമ.അന്നും ഇതേ അനുഭവം.
അങ്ങനെ കുറേ....

വിജയിക്കുന്ന,പ്രത്യേകിച്ച്
ഹിറ്റോ, സൂപ്പർ ഹിറ്റോ ആകുന്ന
സിനിമയുടെ പെട്ടികൾക്ക്
വിശ്രമമുണ്ടാവില്ല.റിലീസ് സെന്ററിൽ നിന്നുംബി ക്ലാസ്സിലേക്കും,സിക്ലാസ്സിലേക്കും,
നിരന്തര യാത്രയാവും.അപ്പോഴേക്കും 
ആ തകരപ്പെട്ടിഒരു പരുവത്തിലായിട്ടുണ്ടാവും.

സി ക്ലാസ്സിൽ നിന്നും
മടങ്ങിയാലും ഗ്യാപ്പ് കളിക്കുന്നതിനും,
നാട്ടിൻ പുറങ്ങളിലെ
ഉത്സവാഘോഷങ്ങളോടനുബന്ധിച്ച്
തൊട്ടടുത്ത തിയേറ്ററുകളിൽ
സ്പെഷ്യൽ ഷോകൾക്കുംഒക്കെയായി
വിതരണക്കാരന്റെസ്നേഹ പരിചരണങ്ങളേറ്റ്
വിതരണക്കമ്പനിയുടെ 
ഏതെങ്കിലുമൊരു സുരക്ഷിത ഭാഗത്ത്
ഒരു സ്ഥാനം കൊടുക്കും.

പരാജയപ്പെട്ട ചിത്രമാണെങ്കിൽ
വിതരണക്കമ്പനിയുടെ ഇരുട്ടുമൂലയിൽ മാറാല പിടിച്ച്
അവിടെക്കിടക്കും.ചില സ്ഥലത്ത് 
അടുത്തടുത്ത്രണ്ട് കേന്ദ്രങ്ങളിൽ റിലീസ് ഉണ്ടാവും.ചിലപ്പോൾ
ഒരാളുടെ തന്നെ തിയേറ്ററാവും.

പക്ഷേ, പെട്ടി ഒന്നേ ഉണ്ടാവൂ.
ഒരിടത്ത്ഇന്റർവെൽ ആകുമ്പോൾ
അടുത്തയിടത്ത് ബെൽ കൊടുക്കും.

അപ്പോഴേക്കുംഇന്റർവെൽ വരെയുള്ള
ഭാഗങ്ങളുമായി ഒരാൾഅങ്ങോട്ടോടും.

ആദ്യ സ്ഥലത്ത്ഷോ കഴിയുമ്പോഴേക്കുംരണ്ടാമത്തെയിടത്ത്ഇൻറർവെൽ ആകും.
ആ സമയത്ത്രണ്ടാം പകുതിയുടെ ഫിലിംപെട്ടിയിലാക്കി അങ്ങോട്ടോടും !
അത് അവിടെക്കൊടുത്ത്ആദ്യ പകുതിയുമായിതിരിച്ചുവരും..!

ഇപ്പോൾ അതൊക്കെ
മങ്ങിയ ഓർമ്മകളായി.

ഡിജിറ്റൽ യുഗം വന്നതോടെ
ഫിലിം പെട്ടി ഒരു ചരിത്ര വസ്തുവായി .

ഇപ്പോൾ ക്യൂബ്, യു.എഫ്.ഒ,
പി.എക്സ്.ഡി, സ്ക്രാബിൾ,
റ്റി.എസ്.ആർ,വെലോക്സ് സ്ട്രീംസ്,
എന്നിങ്ങനെ നിരവധിഡിജിറ്റൽ സംവിധാനങ്ങളിലൂടെയായി
സിനിമയുടെ റിലീസ്.എല്ലാം സാറ്റലൈറ്റ് വഴി .

കാലങ്ങൾ കഴിഞ്ഞ്ഏതെങ്കിലും തിയേറ്ററിൽഗ്യാപ്പ് കളിക്കണമെങ്കിൽ തന്നെ ഡൗൺലോഡ് ചെയ്തുവച്ച
ഹാർഡ് ഡിസ്ക്കുകൾ
വിതരണക്കാരന്റെ കയ്യിൽ റെഡി.
ഒരു ഹാൻഡ്‌ ബാഗിൽഎളുപ്പം കൊണ്ടു പോകാം !പണ്ട് ഫിലിം പെട്ടി കാത്ത് നിന്ന ഞാൻ
പ്രൊഡക്ഷൻ കൺട്രോളർ
ആയതിന് ശേഷം സ്വന്തമായൊരു
വിതരണക്കമ്പനി തുടങ്ങി.

എട്ട് വർഷമായി ഇപ്പോൾ .

ടീം സിനിമ എന്നാണ് പേര്.

തുടങ്ങിയ കാലത്ത്ഡിജിറ്റൽ റിലീസ് 
ആയിരുന്നെങ്കിലുംഫിലിം പെട്ടി പൂർണ്ണമായുംഅപ്രത്യക്ഷമായിരുന്നില്ല .ഇടയ്ക്ക് ചില സിനിമകൾ
ഫിലിം പെട്ടിയിലാകും വരിക .പഴയ സിനിമകൾ.ഇപ്പോൾ
പൂർണ്ണമായും ഡിജിറ്റലായതോടെ
പെട്ടി കാണാനില്ല .ഈ അടുത്തു വരെ
കുറേ പെട്ടികൾ എന്റെ കൈവശം ഉണ്ടായിരുന്നു.
ഇപ്പോൾ ഒന്നുരണ്ടെണ്ണം സൂക്ഷിച്ചു വച്ചിട്ടുണ്ട്.ബാക്കിയൊക്കെ കളഞ്ഞു.
എന്റെ അനുജൻ ഷെബീറലി
കലാസംവിധായകനായാണ്
പ്രവർത്തിക്കുന്നത്.നാളെ ഒരു കാലത്ത്ഏതെങ്കിലും
പീരിയോഡിക്ക് സബ്ജക്റ്റ്ചെയ്യേണ്ടി വന്നാൽ.ഒരു പ്രോപ്പർട്ടിയായി
അവന് ഉപയോഗിക്കാം.അതുവരെ
ഒരു സ്മാരകമായിഎന്റെ ഓഫീസിൽ ഇരിക്കട്ടെ.കാരണംആ പെട്ടികളിൽ
ചുരുണ്ടു കിടന്ന വെറും 
സെല്ലുലോയ്ഡ് റീലുകളല്ല,സിനിമാ ചരിത്രത്തിലെ,സിനിമയുടെ വളർച്ചയിലെനാഴികക്കല്ലുകളിൽ
ഒന്നാണ് !

    ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ) 

No comments:

Powered by Blogger.