കിരീടത്തിന് സ്ഥാനം ഓർമ്മയുടെ സിംഹാസനത്തിൽ : ഷാജി പട്ടിക്കര.


കിരീടത്തിന് സ്ഥാനം 
ഓർമ്മയുടെ സിംഹാസനത്തിൽ.

1989 ജൂലൈ 7 അന്നാണ്
മോഹൻലാലിന്റെഅഭിനയ ജീവിതത്തിലേയും,സിബി മലയിലിന്റെ
സംവിധാന ജീവിതത്തിലേയും
ഏറ്റവും മികച്ചതെന്ന് തന്നെ
പറയാവുന്ന കിരീടം തിയേറ്ററുകളിലെത്തിയത്.

വിജയകിരീടം ചൂടി നിൽക്കുന്ന
നായകനിൽ കഥഅവസാനിപ്പിക്കാതെ
എല്ലാം നഷ്ടപ്പെടുന്ന
സാധാരണക്കാരനായ നായകന്റെ
കഥ പറഞ്ഞ് കയ്യടി വാങ്ങിയ ചിത്രം.
എത്ര തവണ ആ ചിത്രം ഞാൻ കണ്ടു
എന്ന് ചോദിച്ചാൽ ഉത്തരമില്ല.
പക്ഷേ, ജീവിതത്തിൽ
ഏറ്റവും കൂടുതൽ തവണ കണ്ട
സിനിമയേതാണെന്ന് ചോദിച്ചാൽ
അത് കിരീടമാണ്.

എൻ . കൃഷ്ണ കുമാറും
ദിനേശ് പണിക്കരും ചേർന്ന്
കൃഷ്ണ കുമാറിന്റെ ' കൃ 'പണിക്കരുടെ ' പ' രണ്ടുംചേർത്ത്കൃപ ' ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച കിരീടം
മോഹൻലാലിന് സമ്മാനിച്ചത്
ആ വർഷത്തെ ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം.

കവിളിൽ കണ്ണീർപ്പൂക്കളൊഴുക്കി
തിയേറ്റർ വിട്ട പ്രേക്ഷകർക്ക്
മറക്കാനാവാത്ത ആലാപനത്തിലൂടെ
എം.ജി.ശ്രീകുമാർ നേടിയത്
1989 ലെ സംസ്ഥാന അവാർഡ്.
തിയേറ്ററിൽ തന്നെപത്തോളം തവണ കണ്ട കിരീടം
ചാനലിലും, CD യിലുമായി കണ്ടത്
എത്ര തവണയെന്ന്എനിക്കു തന്നെ അറിയില്ല.കിരീടത്തിന്റേയും,
ചെങ്കോലിന്റെയും സി.ഡികൾ
സ്വന്തമായി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.

എങ്കിലും ചെങ്കോലിനെക്കാൾ എന്തുകൊണ്ടും എനിക്കിഷ്ടം കിരീടം തന്നെ.കൊറിയനും, ലാറ്റിനും ഭാഷകളിലെ സിനിമകളെ
ഇവിടെ ക്കൊണ്ടുവന്ന്
പകർത്തിയെഴുതുന്ന സിനിമാ സംസ്ക്കാരത്തിനും മുമ്പ്
ചുറ്റുവട്ടത്തു നിന്നും
കഥാപാത്രങ്ങളെ കണ്ടെത്തി
അവർക്ക് ഭാവനയുടെ മേലങ്കികൾ
ചാർത്തിക്കൊടുത്ത്
നമ്മളിലൊരാളായിഅല്ലെങ്കിൽ നമ്മൾ തന്നെയായി ആ കഥാപാത്രത്തെ
രൂപപ്പെടുത്തുകയായിരുന്നു
തന്റെ സിനിമകളിലൂടെലോഹിതദാസ് .

കിരീടത്തിന്റെ കഥയും
വ്യത്യസ്തമല്ല.ചാലക്കുടിയിൽ പണ്ട്
കേശവൻ എന്ന് പേരായ ഒരു റൗഡി ഉണ്ടായിരുന്നു.കൈവെട്ടും,കൊള്ളയും,
കൊലപാതകവുമൊക്കെയായി
നാട്ടുകാരെ വിറപ്പിച്ച റൗഡി.
അങ്ങനെയിരിക്കേയാണ് ആ നാട്ടിൽ പുതിയതായി ഒരു ആശാരിയും കുടുംബവും താമസത്തിനെത്തുന്നത്.
ആശാരി കേശവനെക്കുറിച്ച്
കേട്ടറിഞ്ഞു. പക്ഷേ നേരിട്ട് കണ്ടില്ല.

അങ്ങനെയൊരിക്കൽ
ഷാപ്പിൽ കള്ളു കുടിച്ചു കൊണ്ടിരുന്ന
ആശാരി,ഒരാൾ കടന്നുവരുന്നത് കണ്ടു.മറ്റുള്ളവരൊക്കെ ഭയത്തോടെ
എഴുന്നേറ്റ് മാറി.ആളറിയാത്ത ആശാരി എഴുന്നേറ്റില്ല.
കയറിവന്നയാൾ
കുടിച്ചു കൊണ്ടിരുന്ന കള്ള്
ആശാരിയുടെ മുഖത്തൊഴിച്ചു.
കള്ള് പോയ അരിശത്തിൽ
കയ്യിലിരുന്ന കൊട്ടുവടി കൊണ്ട്
ആഗതനെ അടിച്ചു.അയാൾ അടി കൊണ്ട് വീണു.അതു കണ്ട നാട്ടുകാർ
ആർത്തുവിളിച്ചു
" കേശവൻ വീണേ..." എന്ന്.
അപ്പോഴായിരുന്നു അതാണ് കേശവനെന്ന്ആശാരിക്ക് മനസ്സിലായത്.അങ്ങനെ കേശവനെ വീഴ്ത്തിയ ഗുണ്ടയായി ആശാരി.
അയാൾ ഭയന്ന് നാടുവിട്ടു.നാട്ടിൽ പറഞ്ഞു കേട്ട ഈ കഥയിൽ നിന്നാണ്
സേതുമാധവനെന്ന
കഥാപാത്രത്തിന്ലോഹിതദാസ് ജീവൻ നൽകിയത്.ജീവിതത്തോട് അത്രയും
അടുത്തു നിന്നതുകൊണ്ടാവും
ഇന്നും കിരീടത്തിന്
ഓർമ്മയുടെ സിംഹാസനത്തിൽ തന്നെ പ്രേക്ഷകർ സ്ഥാനം കൊടുത്തിരിക്കുന്നത്.

മനോഹരമായ രചനയെ തന്റെ കയ്യടക്കത്തിലൂടെ എത്ര മനോഹരമായാണ്സിബി മലയിൽ ചലച്ചിത്രമാക്കിയത്.സിബി സാറിന്റെ
ഒട്ടുമിക്ക സിനിമകളും
കണ്ടിട്ടുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടം കിരീടം തന്നെ.

കൈതപ്രത്തിന്റെ വരികളും,
ജോൺസൺ മാഷിന്റെ സംഗീതവും,
എസ്.കുമാറിന്റെ ക്യാമറയും
കിരീടത്തിന് പൊൻതൂവലുകൾ
ചാർത്തി.നായകനൊപ്പം നിന്ന വില്ലനായിമോഹൻരാജെന്ന
ചെറിയ വേഷങ്ങൾ ചെയ്തിരുന്ന
നടൻ കടന്നു വന്നപ്പോൾ
അയാളെ പ്രേക്ഷകർസ്വത്വത്തിനപ്പുറം
കീരിക്കാടനാക്കി ..

ഇന്നും മനസ്സിലേറ്റുന്നു.അച്യുതൻ നായരായി ജീവിച്ച തിലകൻ ചേട്ടനും,
മുരളിച്ചേട്ടനും, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടനും,
ശങ്കരാടിച്ചേട്ടനും,ഫിലോമിന ച്ചേച്ചിയും,
ലോഹി സാറുമുൾപ്പെടെ
എത്രയോ പേർ കാല യവനികയിൽ മറഞ്ഞു.

പക്ഷേ കിരീടം ഇന്നും കാല ദേശങ്ങൾ താണ്ടി പ്രേക്ഷക ഹൃദയങ്ങളെ
കീഴടക്കുന്നു.

1993 ൽ പ്രിയദർശന്റെ
സംവിധാനത്തിൽ ഗർദ്ദിഷ് എന്ന പേരിൽ ഹിന്ദിയിലെത്തിയപ്പോൾ
ജാക്കി ഷറോഫ് ആയിരുന്നു
നായകൻ.2007 ൽ തമിഴിൽ കിരീടം
എന്ന പേരിൽ തന്നെ എത്തിയപ്പോൾ
അജിത്ത് നായകനായി.

കഴിഞ്ഞ ദിവസം ( 25- 04- 2020 ) 
ഏഷ്യാനെറ്റ് പ്ലസിൽ ചെങ്കോൽ സിനിമ
ഉണ്ടായിരുന്നു.അത് കണ്ടപ്പോൾ
കിരീടം വീണ്ടും കാണണമെന്ന് തോന്നി
CD ഇട്ട് കണ്ടു.എന്താണെന്നറിയില്ല,
ഇപ്പോഴും ആദ്യമായി കാണുന്നത് പോലെ ഒരു നെഞ്ചിടിപ്പാണ് ആ സിനിമ.

കണ്ണ് നിറയാതിരിക്കാൻ
എത്ര ശ്രമിച്ചാലും കഴിയാറുമില്ല....

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

ഷാജി  പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.