രവി വള്ളത്തോൾ മികച്ച കലാകരാൻ : സിദ്ധു പനക്കൽ .



രവിയേട്ടൻ കലാകാരനായില്ലെങ്കിലേ അത്ഭുതമുള്ളു. മഹാകവി വള്ളത്തോളിന്റെ അനന്തരവൻ, അച്ഛൻ നാടകകുലപതി  TN ഗോപിനാഥൻ നായർ . അമ്മ കവി കുറ്റിപ്പുറത്തു കേശവൻ നായരുടെ മകൾ.  സാഹിത്യ പാഞ്ചനൻ പി. കെ നാരായണപിള്ളയുടെ ചെറുമകൻ. സാഹിത്യ പൈതൃകവും കലാപൈതൃകവും വേണ്ടുവോളം.  കലാകാരനാവാനുള്ളത് തന്നെയായിരുന്നു ആ ജന്മം.

സ്വാതിതിരുനാൾ സിനിമയുടെ അവസാന ഘട്ടത്തിൽ ആണ് ഞാൻ സെവൻ ആർട്സിൽ എത്തുന്നത്. ആ പടത്തിൽ രവിയേട്ടനുണ്ട്. ശാന്തനും സൗമ്യനുമായ മനുഷ്യൻ. അങ്ങിനെ പറഞ്ഞാലും പോരാ പാവം. അതെ വെറും പാവമായിരുന്നു രവിയേട്ടൻ. സിനിമയിലും ജീവിതത്തിലും  കൃത്യനിഷ്ഠ പാലിക്കുന്ന ആൾ. പിന്നീട് ഭരതൻ സാറിന്റെ പാഥേയത്തിലും സിബിസാറിന്റെ സാഗരം സാക്ഷി, നീ വരുവോളം എന്ന സിനിമകളിലും, TV ചന്ദ്രേട്ടന്റെ മങ്കമ്മയിലും  അദ്ദേഹത്തോടൊപ്പം വർക്കു ചെയ്തു. ഇടക്കിടക്ക് വിളിച്ച് പുതിയ പടത്തിൽ തനിക്കുപറ്റുന്ന റോൾ ഉണ്ടോ എന്നന്വേഷിക്കുമായിരുന്നു ആ കലാകാരൻ. അങ്ങിനെ ചാൻസ് അന്വേഷിക്കേണ്ട ആവശ്യമുള്ള ആളല്ല രവിയേട്ടൻ. അതിന് അദ്ദേഹം പറയുന്ന കാരണം, എല്ലാവർക്കും എപ്പോഴും നമ്മളെ ഓർമയുണ്ടാവണമെന്നില്ലല്ലോ. അത് ഓർമപ്പെടുത്താൻ നിങ്ങളെപ്പോലെ ചിലർ. 

പിന്നീട് സീരിയലിൽ തിരക്കായപ്പോൾ ആ സന്തോഷവും വിളിച്ചറിയിക്കുമായിരുന്നു. ഞാൻ തിരുവനന്തപുറത്തേക്കു താമസം മാറിയപ്പോൾ ഞങ്ങൾ അയൽക്കാരുമായി.വഴുതക്കാടായിരുന്നു ഞാൻ താമസം.  ഞങ്ങളുടെയൊക്കെ ബാങ്ക് രവിയേട്ടന്റെ കെട്ടിടത്തിലാണ്.അതിനു പുറകിൽതന്നെയാണ് താമസവും. തനിക്ക് മക്കളില്ല എന്ന സങ്കടത്തിൽ, ഭിന്നശേഷിക്കാരായ മക്കൾക്ക് തണലാവാൻ അദ്ദേഹം തീരുമാനിച്ചു. 1996 ൽ സ്വന്തം വീടിനോടു ചേർന്ന് തണൽ പ്രവർത്തിച്ചു തുടങ്ങി. അധികം ആർക്കും അറിയാത്തൊരു കാര്യം രവിയേട്ടൻ കഥാകൃത്തും, ഗാനരചയിതാവും ആണെന്നതാണ്. സിനിമയിലെ തുടക്കം അങ്ങിനെയായിരുന്നു.  ഇടക്കിടക്ക് കാണും സംസാരിക്കും.  നാടകവും, സിനിമയും, സീരിയലും എവിടെയായാലും ആ ജോലി ആസ്വദിച്ചു കൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. അസുഖമായി കിടപ്പിലായപ്പോൾ തന്റെ സഹപ്രവർത്തകരെ കാണാൻ അദ്ദേഹം വിമുഖത കാണിച്ചു. കലാകുടുംബത്തിൽ ജനിച്ചു കലാകാരനായി ജീവിച്ച രവിയേട്ടൻ കലാകാരനായിത്തന്നെ പിൻവാങ്ങുകയാണ്. ചെറിയ സ്ക്രീനിലും, വലിയ സ്ക്രീനിലും ഉള്ള നിഴൽ രൂപങ്ങൾ ബാക്കിവെച്ചുകൊണ്ട്. പ്രിയപ്പെട്ടവർക്കു സങ്കടം ബാക്കിയാക്കികൊണ്ട്....ഇങ്ങിനി വരാത്തവണ്ണം പടിയിറങ്ങുന്നു."തണലിൽ" ഉള്ളവർക്ക് തണലാവാൻ പ്രിയകൂട്ടുകാരിയെ ഒറ്റക്കാക്കികൊണ്ട്.......കൂട്ടുകാരിക്ക് തണലിലെ കുട്ടികളെ കൂട്ടാക്കികൊണ്ട്...       


സിദ്ധു പനക്കൽ.

No comments:

Powered by Blogger.