" അന്നം " എറണാകുളം ജില്ല ഭരണകൂടവും ഫെഫ്ക്കയും ചേർന്നുള്ള സംയുക്ത സംരംഭം .

                           അന്നം .
...................................................................

സാധാരണ നിലക്ക്, രാവിലെ 5 മണിക്ക് ഹോട്ടൽ മുറിയുടെ കതക് തട്ടി, നിറഞ്ഞ ചിരിയോടെ good morning പറഞ്ഞ് ഒരു ഷൂട്ടിങ്ങ് സംഘത്തിന്  മുഴുവൻ ചൂട് ചായയോ കാപ്പിയോ നൽകി എഴുന്നേൽപ്പിച്ചു കൊണ്ടാണ് പ്രൊഡക്ഷൻ ബോയ്സ് എന്ന് വിളിക്കപ്പെടുന്ന സിനിമാ നിർമ്മാണത്തിലെ ഏറ്റവും അഭിവാജ്യ ഘടകമായ പ്രൊഡക്ഷൻ അസ്സിസ്റ്റൻസ്‌ പണി ആരംഭിക്കുന്നത്. 

മെസ്സ് സംഘത്തിന്റെ പണി അതിനും മുമ്പേ തുടങ്ങണം, നൂറോ നൂറ്റമ്പതോ ഇരുന്നൂറോ അഞ്ഞൂറോ വരുന്ന ഷൂട്ടിങ്ങ് സംഘത്തിന്  ആവശ്യമായ മുഴുവൻ ഭക്ഷണവും 
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി സ്വാദിഷ്ടമായി ഉണ്ടാക്കുന്നത് ഇവരാണ്. ' സിനിമാച്ചോറ് ഒരിക്കലുണ്ടാൽ പിന്നെ വിട്ടു പോകില്ല ' എന്ന ചൊല്ലിന് ഒട്ടേറെ വൈകാരിക അടരുകളുണ്ടെങ്കിലും  സിനിമാ സെറ്റുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും വൈവിധ്യവും ഈ വാക്പ്രയോഗത്തെ തീർച്ചയായും സാധൂകരിക്കുന്നതാണ്. രാത്രി ജോലി ഭാരം കഴിഞ്ഞ് മുറിയിലെത്തി, കുളി കഴിഞ്ഞ് കേരിയർ തുറന്ന് കഞ്ഞിയും ചമ്മന്തിയും പയറ് തോരനും ഉണക്ക് മുള്ളനും കൂട്ടി ഒരു പിടി പിടിക്കുന്ന ഓർമ്മ ഈ പണിയില്ലാ നാളുകളിൽ ഏത് സിനിമാ പ്രവർത്തകന്റേയും പ്രിയപ്പെട്ട നൊസ്റ്റാൾജിയകളിൽ ഒന്നാണ്.

ഡ്രൈവിംഗ് ലൈസൻസ്‌ വണ്ടിയോടിക്കാനുള്ള യോഗ്യതയാണ്. പക്ഷെ മനസ്സിൽ കലയുള്ള, ക്ഷമയുള്ള ഒരാൾക്ക് മാത്രമേ ചലച്ചിത്ര മേഖലയിൽ ഡ്രൈവറായി ജോലി ചെയ്യാൻ സാധിക്കൂ. ആവിഷ്കാര സംഘർഷങ്ങളിലൂടെയുള്ള ചലച്ചിത്ര കലാകാരന്മാരുടെ രാപ്പകൽ യാത്രകളിൽ സാരഥ്യം വഹിക്കുക എന്നത്  ഏറെ ആഹ്ലാദത്തോടെ ചെയ്യുന്നവരാണ് സിനിമാ സെറ്റുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ. 
കാരണം അവർ എഴുതാത്ത എഴുത്തുകാരാണ്.
അഭിനയിക്കാത്ത നടന്മാരാണ് .

കോവിഡ് 19 ന്റെ ഭീഷണിയെ തുടർന്ന് രാജ്യം  ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ആവശ്യമുള്ളവർക്ക് ഡോർ ഡെലിവറിയായി ഭക്ഷണമെത്തിക്കുമെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വാക്കുകൾ യാഥാർഥ്യമാക്കാൻ ഫെഫ്കയുടെ ഈ മൂന്ന് യൂണിയനുകൾ മുന്നിട്ടിറങ്ങുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ കൊച്ചിയിൽ അറിയിച്ചു. വീടുകളിലും തെരുവിലും ഒറ്റപെട്ടുപോയവർക്കും അതിഥി തൊഴിലാളികൾക്കും ഫെഫ്കയുടെ മെസ്സ് യൂണിയൻ ഉണ്ടാക്കുന്ന ഭക്ഷണം, ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങളിൽ, പ്രൊഡക്ഷൻ അസിസ്റ്റൻസ് യൂണിയൻ അംഗങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ ഭരണകൂടവുമായി ചേർന്ന് ഇന്ന് 28 ന് ശനിയാഴ്ച്ച എറണാകുളത്ത് ആരംഭിക്കും. അന്നം എന്ന് പേരിട്ട ഈ പദ്ധതി തുടർന്ന് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫെഫ്കയുടെ 400 വാഹനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനുള്ള  തീരുമാനം  ഫെഫ്ക കൈക്കൊണ്ടത്. 

പണിയില്ലാതെ പ്രയാസം അനുഭവിക്കുന്ന അയ്യായിരത്തോളം വരുന്ന ഫെഫ്ക അംഗങ്ങൾക്ക് ഏപ്രിൽ മാസം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള ധന സമാഹരണ യജ്ഞവും സമാന്തരമായി സംഘടന ആരംഭിച്ചു കഴിഞ്ഞു. മോഹൻലാൽ, മഞ്ജു വാര്യർ, അല്ലു അർജുൻ തുടങ്ങി ഒട്ടേറെ താരങ്ങളും അഭ്യുദയകാംഷികളും 
സാമ്പത്തിക ശേഷിയുള്ള ഫെഫ്ക അംഗങ്ങളും ഈ സ്നേഹ കൂട്ടായ്മയിൽ സംഘടനയുടെ ഭാഗമാകുന്നുണ്ട്.

കോവിഡ് 19 ന്റെ വ്യാപനത്തെ തടയാൻ IAM - ആയി സഹകരിച്ച് ഫെഫ്ക നിർമ്മിച്ച 9 ലഘു ചിത്രങ്ങൾ പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ച് കൊണ്ടിരിക്കുകയാണ്. 

ഫെഫ്കയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാ സുമനസ്സുകൾക്കും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും പ്രസിഡന്റ് സിബി മലയിലും നന്ദി അറിയിച്ചു.


No comments:

Powered by Blogger.