പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന് പ്രണാമം .


പ്രശസ്ത ഛായാഗ്രാഹകൻ      രാമചന്ദ്ര ബാബു (72) നിര്യാതനായി. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. 

അദ്ദേഹം സംവിധാനം ചെയ്തു കൊണ്ടിരുന്ന ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ട്‌ പൂർത്തിയാക്കുന്നതിനും മുൻപാണ് അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. യവനിക, കന്മദം, പടയോട്ടം, പാളങ്ങൾ, രതിനിർവേദം, ഒരു വടക്കൻ വീരഗാഥ, ചാമരം, ഗസൽ, വെങ്കലം, സല്ലാപം തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. നാലു സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാർഡ് നാല് തവണ നേടി. ദ്വീപ് (1976), രതിനിർവേദം (1978), ചാമരം (1980), ഒരു വടക്കൻ വീരഗാഥ (1989) തുടങ്ങിയ ചിത്രങ്ങൾക്കായിരുന്നു പുരസ്കാരം.

ഭരതന്‍, ഐവി ശശി, കെ ജി ജോര്‍ജ്ജ്, പി ജി വിശ്വംഭരന്‍ എന്നീ സംവിധായകരോടൊത്ത് മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്തു. ഇരുപത്തിയഞ്ചോളം നവാഗത സംവിധായകരും മമ്മൂട്ടി ,സുകുമാരന്‍, മഞ്ജു വാര്യര്‍ തുടങ്ങി 34 അഭിനേതാക്കളും ആദ്യം സ്‌ക്രീനിലെത്തിയത് രാമചന്ദ്രബാബുവിന്റെ ക്യാമറയിലൂടെയാണ്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് രാമചന്ദ്ര ബാബു ഛായാഗ്രഹണം പഠിച്ചത്. അവിടെ തന്റെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ 'വിദ്യാർഥികളെ ഇതിലെ' സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഇങ്ങോട്ട് നൂറിലധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു.

ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ഭൗതികശരീരം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്ത് എത്തിക്കും. 
ഞായറാഴ്ച വെളുപ്പിന് തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതിക ശരീരം ചാക്ക പേട്ട അക്ഷര വീഥി ലൈനിലെ വീട്ടിൽ നാളെ ( ഡിസംബർ 22 ഞായർ ) ഉച്ചക്ക് 1 മണി വരെയും, രണ്ടു മണി മുതൽ കലാഭവൻ തിയേറ്ററിലും അഞ്ജലി അർപ്പിക്കാനായി വയ്ക്കും.
വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തിൽ സംസ്കാരം.


സംവിധായകരായ മധുപാൽ , ശ്യാമപ്രസാദ് , കണ്ണൻ താമരക്കുളം , എം.എ നിഷാദ് , സേതു , ജീനു എബ്രഹാം , രാജേഷ് കണ്ണങ്കര, അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് , രാജേഷ് മോഹനൻ , പ്രൊഡക്ഷൻ കൺട്രോളറൻമാരായ  ബാദുഷ , ഷാജി പട്ടിക്കര  എന്നിവർ രാമചന്ദ്രബാബുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.