ചോരയ്ക്ക് പകരം ജീവൻ കൊടുക്കുന്ന ചാവേറുകളുടെ ചരിത്രമാണ് " മാമാങ്കം'' .



മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത  "മാമാങ്കം " HISTORY OF THE BRAVE " ചോരയ്ക്ക് പകരം ജീവൻ കൊടുക്കുന്ന  ചാവേറുകളുടെ ചരിത്രമാണ് പറയുന്നത് .

ചരിത്രത്തിൽ അവസാനമായി നിലപാട് തറയിൽ മാമാങ്കത്തിനെത്തിയ പന്ത്രണ്ട്  വയസ്സുകാരൻ ചന്തുണ്ണിയുടെ ജീവിതത്തിലുടെയാണ്  കഥ മുന്നോട്ട് പോകുന്നത്.  ദേശത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ പോരാട്ട വീര്യത്തിന്റെ ഇതിഹാസങ്ങൾ ഇതൾ വിരിയുന്ന ചിത്രമാണ് മാമാങ്കം. 16, 17 നൂറ്റാണ്ടുകളിൽ ഭാരതപ്പുഴയുടെ തീരത്ത് നടന്ന മാമാങ്കം മണൽത്തരികളെപ്പോലും കോരിത്തരിപ്പിച്ചിരുന്നു. അറമ്പി, ഗ്രീക്ക് , ചീന ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിൽ അദ്ധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. ഇതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ അദ്ധ്യക്ഷ  സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോൽസവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പൂരണ്ട മഹാ ഇതിഹാസമായി മാറിയത്. 

തിരിച്ച് വരില്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും പിറന്ന നാടിന്റെ അഭിമാനം കാക്കാൻ പുറപ്പെടുന്ന ചങ്കൂറ്റത്തെയാണ് ചാവേർ എന്ന് വിളിക്കുന്നത്. തിരുനാവായ മണപ്പുറത്തെ നിലപാട് തറയിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറിയിരുന്ന " മാമാങ്കം'' ഉൽസവം മാത്രമായിരുന്നില്ല ,ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം കൂടിയായിരുന്നു.  

വിവിധ ഗെറ്റപ്പുകളിൽ  പ്രത്യക്ഷപ്പെടുന്ന മമ്മുട്ടി ചാവേർ തലവൻ വലിയ പണിക്കരായും ,കുറുപ്പായും വേഷമിടുന്നു.പുതുമുഖം അച്ചൂതനാണ് ചന്ദ്രോത്ത് ചന്തുണ്ണിയെന്ന പന്ത്രണ്ട്  വയസുകാരനെ  അവതരിപ്പിക്കുന്നത്. ചന്തുണ്ണിയുടെ അമ്മാവനായ ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും വേഷമിടുന്നു. 
.....................................................................

           
         ചന്ദ്രോത്ത് പണിക്കരായി                          " ഉണ്ണി മുകുന്ദൻ " തിളങ്ങി .
.....................................................................

ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കർ നല്ല സ്ക്രിൻ പ്രസൻസ് ഉണ്ടാക്കി .ആക്ഷൻ സീനുകളിൽ മിന്നുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. വൈകാരിക മൂഹൂർത്തങ്ങളിൽ മികച്ച അഭിനയമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവച്ചിരിക്കുന്നത്. ഉണ്ണി്യുടെ സിനിമ കരിയറിലെ മികച്ച വേഷമാണ് ചന്ദ്രോത്ത് പണിക്കർ .
.....................................................................

പ്രാഞ്ചി തെഹ് ലാൻ ( ഉണ്ണിമായ) ,സിദ്ദീഖ് ( വള്ളുവ കോനാതിരിയുടെ പടത്തലവൻ ) , തരുൺ അറോറ            ( സമർക്കോയ) , മണികണ്ഠൻ ആർ. ആചാരി ( മണിയൻ ) , മോഹൻ ശർമ്മ ( സമോറിൻ )  , അനു സിത്താര              ( മാണിക്യം )  ,കനിഹ ( ചിരുദേവി ) , സുരേഷ് കൃഷ്ണ ( പോക്കർ )  ,  ഇനിയ ( ഉണ്ണിനീലി)   ,സുദേവ് നായർ                  ( രാരിച്ചൻ ) , മണിക്കുട്ടൻ ( മൊയിൻ)  ,  ബൈജു എഴുപുന്ന ( കോന്തി നായർ )  , അബു സലിം ( പടയാളി )  ,അജയ് രത്തിനം ( സാമുതിരി )  തുടങ്ങിയവർ    " മാമാങ്ക "ത്തിൽ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു .ഇവരോടൊപ്പം ഇടവേളബാബു , സുരേഷ്കുമാർ , കവിയൂർ പൊന്നമ്മ , മാലാ പാർവ്വതി , വൽസലാ മോനോൻ , നിലബൂർ ഐയിഷ , ജയൻ ചേർത്തല തുടങ്ങിയവരും അഭിനയിക്കുന്നു. 

മനോജ്പിള്ള ഛായാഗ്രഹണവും ,    എം. ജയചന്ദ്രൻ സംഗീതവും , രാജാ മുഹമ്മദ് എഡിറ്റിംഗും , സൻജിത് ബൽഹാരാ ,അൻകിത് ബൽഹാരാ എന്നിവർ പശ്ചാത്തല സംഗീതവും , റഫീഖ് അഹമ്മദ് ,അജയ് ഗോപാൽ എന്നിവർ ഗാന രചനയും ,മോഹൻദാസ് കലാസംവിധാനവും ,കമല കണ്ണൻ  വി.എഫ്. എക്സും ,ശ്യാം കൗശൽ ,ത്യാഗരാജൻ എന്നിവർ അക്ഷൻ രംഗങ്ങളും  നിർവ്വഹിക്കുന്നു.  ശ്രേയ ഘോഷാൽ , ബോംബെ ജയശ്രീ , ഉണ്ണി ഇളയരാജ , യാസിൻ നിസാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായി വേണു കുന്നപ്പള്ളിയാണ്  മലയാളം, തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിൽ  " മാമാങ്കം " നിർമ്മിച്ചിരിക്കുന്നത് .

ചാവേറുകൾ സാധാരണ മനുഷ്യരാണ് .തങ്ങളുടെ രാജ്യത്തിനും രാജാവിനും വേണ്ടി ജീവനർപ്പിക്കാൻ ഇറങ്ങി തിരിച്ചവരാണ് ചാവേറുകൾ .ഇതിലെ നായകർക്ക് പരാജയം ഉറപ്പാണ് ,വീറോടെ പോരാടാനും ,വീരോചീതമായി മരിക്കുകയും ചെയ്യുന്നവരാണ് ചാവേറുകൾ .ചാവേറുകൾ കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരാണ്. ഇമോഷന് പ്രാധാന്യം നൽകുന്നതോടൊപ്പം പ്രണയവും, യുദ്ധവുമെല്ലാം സിനിമയിലുണ്ട്. ചാവേറുകളുടെ വ്യർത്ഥമായ ജീവിതത്തിന്റെ വികാര വിചാരങ്ങളാണ് സിനിമയിൽ  നിറഞ്ഞു നിൽക്കുന്നത്. ഇതാണ് " മാമാങ്കം "  സിനിമയുടെ അടിസ്ഥാനവും .

മികച്ച ആക്ഷൻ സീനുകൾ , വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങൾ , ദൃശ്യവിസ്മയങ്ങൾ , വൈകാരിക നിമിഷങ്ങൾ എല്ലാം നിറഞ്ഞ ചരിത്രത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്ന സിനിമയാണ് " മാമാങ്കം'' .

മമ്മുട്ടിയുടെ മിന്നുന്ന പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. മലയാള സിനിമയിലെ ഭാവി താരമായി മാസ്റ്റർ അച്ചുതൻ മാറും.  കോർട്ടുകളുടെ റാണി നെറ്റ്ബോൾ ടീമിന്റെ മുൻ ഇന്ത്യ ക്യാപ്റ്റൻ പ്രാചി തെഹ് ലാന്റെ തുടക്കം ഗംഭീരമായി. സംവിധാനവും , കലാസംവിധാനവും ,ഛായാഗ്രഹണവും , വിഷ്യൽ വി. എഫ്. എക്സും , സംഗീതവും നന്നായിട്ടുണ്ട് .
എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ പറ്റുന്ന സിനിമയാണ്   " മാമാങ്കം'' .

Rating : 4 / 5 .

സലിം പി. ചാക്കോ 

No comments:

Powered by Blogger.